Thursday April 26th, 2018 - 5:00:pm
topbanner

താഴേക്കോട് പഞ്ചായത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ജില്ലാകലക്ടറുടെ നിർദേശം

fasila
താഴേക്കോട് പഞ്ചായത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ജില്ലാകലക്ടറുടെ നിർദേശം

മലപ്പുറം: താഴേക്കോട് പഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി ഒരുമാസത്തിനുള്ളിൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അമിത് മീണ പെരിന്തൽമണ്ണ ആർഡിഒയ്ക്ക് നിർദേശം നൽകി. കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത മേലെ ഇടിഞ്ഞാടി, താഴെ ഇടിഞ്ഞാടി, ആറാംകുന്ന് എന്നീ കോളനികളിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു. ഇൗ കോളനികളിൽ കുടിവെള്ള സ്രോതസ്സ് കണ്ടെത്താനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പ്രയാസമായതിനാലാണ് ഇവരെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി ഭൂമി കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. പഞ്ചായത്ത് തലത്തിൽ വാർഡ് മെമ്പർ അധ്യക്ഷനായി സ്ഥിരം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

ഇതിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും. അടുത്ത അധ്യയന വർഷത്തിൽ കോളനികളിലെ എല്ലാ കുട്ടികളെയും സ്കൂളുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. പഠനം നിർത്തി വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെ കണ്ടെത്തി നിലമ്പൂർ എെജിഎംആറിൽ ചേർത്ത് പഠിപ്പിക്കും. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കോളനികളോട് ചേർന്ന് അംഗൻവാടി സബ്സെന്റർ തുറക്കും. ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇലക്ഷൻ എെഡി, ആധാർ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിൽ കാർഡ് എന്നിവ എല്ലാവർക്കും നൽകണം. അവിവാഹിതരായ അമ്മമാർക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാൻ പൊലീസ്, എക്സൈസ് വിഭാഗങ്ങൾ യോജിച്ച പ്രവർത്തനം നടത്തുമെന്നും കലക്ടർ അറിയിച്ചു. മുള്ളൻമട, മേലേച്ചേരി, മേലെ ഇടിഞ്ഞാടി, താഴെ ഇടിഞ്ഞാടി തുടങ്ങിയ കോളനികളിലെ കുട്ടികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബാലാവകാശകമ്മീഷന് അരക്കുപറമ്പ് സ്വദേശി അറഞ്ഞിക്കൽ അബൂബക്കർ പരാതിയെ തുടർന്നാണ് നടപടി. അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശകമ്മീഷൻ ജില്ലാകലക്ടർ, എെടിഡിപി പ്രൊജക്ട് ഒാഫീസർ എന്നിവർക്ക് നിർദേശം നൽകിയിരുന്നു. പെരിന്തൽമണ്ണ ആർഡിഒ കെ. അജേഷ്, ഡപ്യൂട്ടി കലക്ടർ രമ.പി.കെ, എെടിഡിപി ജില്ലാ പ്രൊജക്ട് ഒാഫീസർ ടി. ശ്രീകുമാരൻ, ഡപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മായീൽ, ജില്ലാ വിദ്യാഭ്യാസ ഒാഫീസർ വത്സല സി.എെ, കിർത്താഡ്സ് റിസർച്ച് ഒാഫീസർമാരായ വി.എസ്. സുഭാഷ്, സന്ധ്യ ശേഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Read more topics: Malappuram, Thazhekkod, panchayath
English summary
Problems of Adivasis in Thazhekkod panchayath

More News from this section

Subscribe by Email