കോട്ടയം: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ പൂജ നടത്തിയെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ക്ക് തടവും പിഴയും. പാമ്പാടി തേക്കുങ്കല്‍ രാജമ്മ പത്രോസ് (60), ഭര്‍ത്താവ് ടി.എം. പത്രോസ് (64) എന്നിവരെ മൂന്നു വര്‍ഷം തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ. പത്മകുമാര്‍ ഹാജരായി.
കോഴഞ്ചേരി മെഴുവേലി ചക്കിരേല്തുമ്പേല് റോബിന് മാത്യു (മാത്തന്)വിനെ കബളിപ്പിച്ച് 50300 യുഎസ് ഡോളര്‍ ( ഉദേശം 25 ലക്ഷം രൂപ) തട്ടിയെടുത്തു എന്നാണ് കേസ്. റോബിന്റെ മാതൃസഹോദരിയാണ് പ്രതി രാജമ്മ. 2004 ഓഗസ്റ്റ് മുതല്‍ 2007 മാര്‍ച്ച് വരെ പല തവണയായി രാജമ്മയുടെ ഫെഡറല്‍ ബാങ്ക് പാമ്പാടി ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. റോബിനും ഭാര്യയും അമേരിക്കയിലായിരുന്നു.
പിണങ്ങിക്കഴിയുന്ന റോബിന്റെ ഭാര്യയെ തിരികെ കൊണ്ടു വരുന്നതിന് ചങ്ങനാശേരിയിലുള്ള ഒരു സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തു എന്നാണ് കേസ്. സ്വാമി പൂജിച്ചുവെന്നു വിശ്വസിപ്പിച്ച് ഒരു രുദ്രാക്ഷ മാല റോബിന് അയച്ചുകൊടുത്തിരുന്നു. മാല അണിഞ്ഞാല്‍ എല്ലാ പ്രശ്നവും തീരുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ പ്രശ്നം തീര്‍ന്നില്ല. പിന്നീട് റോബിന് നാട്ടിലെത്തിയപ്പോള്‍ സ്വാമിയെ കാണണമെന്നു പറഞ്ഞെങ്കിലും അത് അപകടം സംഭവിക്കുമെന്നു പറഞ്ഞ് അനുവദിച്ചില്ല. പിന്നീടാണ് ഇത് തട്ടിപ്പായിരുന്നുവെന്ന് ബോധ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. പാമ്പാടി പോലീസ് ആണ് കേസെടുത്ത് കോടതിയില്‍ ചാര്‍ജ് നല്‍കിയത്. അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു.