Tuesday August 20th, 2019 - 6:44:am
topbanner
topbanner

ഇത് പുതിയ നവോത്ഥാനത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള സമയം: മുഖ്യമന്ത്രി

fasila
ഇത് പുതിയ നവോത്ഥാനത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള സമയം: മുഖ്യമന്ത്രി

കൊച്ചി: പുതിയ നവോത്ഥാനത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനുള്ള സമയമാണ് ഇനി മലയാളികള്‍ക്കുമുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം കൃതി 2019ല്‍ നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനമൂല്യങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. അതിന്റെ പ്രഖ്യാപനമാണ് 2019ലെ പുതുവത്സരദിനത്തില്‍ കേരളീയവനിതകള്‍ വനിതാമതിലിലൂടെ നടത്തിയിരിക്കുന്നത്.രാജ്യവും ലോകവും ശ്രദ്ധിച്ച മഹത്തായ നീക്കമായിരുന്നു വനിതാ മതില്‍. കേരള നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ അക്കാലത്തെ എഴുത്തുകാരെക്കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. ഒരു കാലഘട്ടം എങ്ങനെ ചിന്തിച്ചിരുന്നുവെന്നും ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും മനസ്സിലാക്കാനാകും. മനുഷ്യമനസ്സിലെ ഇരുട്ടകറ്റാനാണ് അക്കാലത്തെ എഴുത്തുകാര്‍ ചിന്തിച്ചത്. മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിരവധി ചിത്രങ്ങള്‍ അവര്‍ പൊതുസമൂഹത്തിനു നല്‍കി.വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭഗവദ്ഗീതയും കുറേ മുലകളും' എന്ന പുസ്തകം ഇക്കാലത്താണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? പൊന്‍കുരിശ് തോമായുടെ ചോദ്യമുണ്ട് 'കര്‍ത്താവ് മരിച്ചത് മരക്കുരുശില്‍, പിന്നെന്തിനാ പള്ളിയില്‍ പൊന്‍കുരുശെ'ന്ന്. പണ്ടങ്ങനെ എഴുതാമായിരുന്നു, ഇന്നോ? അതാണ് നവോത്ഥാനത്തിന്റെ പ്രസക്തി. നിര്‍മാല്യത്തിനെ വെളിച്ചപ്പാടിനെ ഓര്‍ക്കുക. ചെറുകാട് 'ജീവിതപ്പാത' എന്ന ആത്മകഥയിലൂടെ ഇരുളടഞ്ഞ കേരളം പിന്നിട്ട വഴികളിലെ പൊള്ളുന്ന ജീവിതാനുഭവമാണ് വരച്ചത്.പൊന്‍കുന്നം വര്‍ക്കി, പി.കേശവദേവ്, കെ.ടി തുടങ്ങിയ നവോത്ഥാനകാല സാഹിത്യകാരന്മാര്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായിരുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വളര്‍ച്ച പരിശോധിച്ചാല്‍ ഓരോ കാലത്തും നിലനിന്നിരുന്ന ജാതീയമായ അതിര്‍വരമ്പുകളെ സര്‍ഗ്ഗവൈഭവംകൊണ്ട് എതിര്‍ത്തുവന്നവര്‍ പോരാടി നേടിയതാണ് മികച്ചവയെല്ലാമെന്നു ബോധ്യമാകും. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും ഉദാഹരണങ്ങളാണ്. നവോത്ഥാനസങ്കല്‍പ്പങ്ങളെ സ്ഥാപിതതാല്‍പര്യക്കാര്‍ അക്രമമെന്നും ആചാരലംഘനമെന്നും വിശേഷിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ പഠനവും ചര്‍ച്ചയും അനിവാര്യമാണ്. സഹകരണമേഖല ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ലയിച്ച് കേരള സംസ്ഥാന സഹകരണ ബാങ്കായി മാറും. ലയനത്തിനപ്പുറമുള്ള വളര്‍ച്ചക്കപ്പുറം മറ്റു മേഖലകളിലേക്കും കടക്കും. എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മാറ്റം സഹായകമാകും. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അയയ്ക്കുന്നതിന്റെ പിറ്റേ ദിവസം പണം വീട്ടിലെത്തും. കേരളത്തിന്റെ സ്വന്തം ബാങ്കായി സഹകരണ ബാങ്ക് മാറാന്‍ പോവുകയാണ്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍, വിവിധ ക്ഷേമ പെന്‍ഷനുകള്‍ എന്നിവ വീടുകളിലെത്തിക്കാന്‍ കഴിഞ്ഞതും സഹകരണമേഖലയുടെ സേവനമുപയോഗിച്ചാണ്. പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയിലും സഹകരണമേഖലയാണ് സര്‍ക്കാരിനൊപ്പമുള്ളത്. പ്രളയത്തില്‍ തകര്‍ന്നവയില്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കേണ്ട വീടുകളില്‍ ഏറ്റവുമധികം വീടുകള്‍ ഏറ്റെടുത്തിട്ടുള്ളതും സഹകരണ വകുപ്പാണ്. രണ്ടായിരത്തോളം വീടുകള്‍ ഇത്തരത്തില്‍ നല്‍കി.

ഏപ്രില്‍ മാസത്തോടെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുവിതരണരംഗത്ത് അഴിമതിയില്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. കാര്‍ഷികരംഗത്തും ആരോഗ്യരംഗത്തും ഫലപ്രദമായി ഇടപെടുന്ന നിരവധി സഹകരണ സംഘങ്ങളുണ്ട്. മലയാള കാര്‍ട്ടൂണിന്റെ നൂറാം വര്‍ഷത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്റെ കാര്‍ട്ടൂണ്‍ പുസ്തകം നവലോകം സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ വി.എന്‍.വാസവന് നല്‍കിയും നായനാര്‍ സ്മൃതി എന്ന പുസ്തകം പ്രൊഫ.എം.കെ സാനുവിനു നല്‍കിയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഹോര്‍ത്തൂസ് മലബാറിക്കസ് റിസര്‍ച്ച് ഫെലോ ഡോ.സി.ആര്‍.സുരേഷിന് ജൈവകീര്‍ത്തി പുരസ്‌കാരം സമ്മാനിച്ചു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, സംവിധായകന്‍ ജയരാജ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവ്, സി.എന്‍.മോഹനന്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.അപ്പുക്കുട്ടന്‍, കൃതി ജനറല്‍ കണ്‍വീനര്‍ എസ്.രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
chief minister Pinarayi Vijayan about new renaissance
topbanner

More News from this section

Subscribe by Email