Monday August 26th, 2019 - 9:12:am
topbanner
topbanner

കണ്ണൂര്‍: പരിയാരം ബൈക്കപകടം: മരിച്ച വിദ്യാര്‍ഥികള്‍ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

NewsDesk
കണ്ണൂര്‍: പരിയാരം ബൈക്കപകടം: മരിച്ച വിദ്യാര്‍ഥികള്‍ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പരിയാരം: കഴിഞ്ഞദിവസം ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു കത്തിമരിച്ച വിദ്യാര്‍ഥികള്‍ക്കു സഹപാഠികളും നാട്ടുകാരും കണ്ണീരോടെ വിടനല്കി. പ്രിയസഹപാഠിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ പലരും വിതുമ്പി, ചിലര്‍ തളര്‍ന്നു വീണു. വെള്ളിയാഴ്ച വിളയാങ്കോട് ബൈക്കപകടത്തില്‍ മരിച്ച പരിയാരം മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ഥി ശരത് ബി ചന്ദ്രനും റോജന്‍ റോയിക്കും അന്ത്യാഞ്ജലിയര്‍പ്പിച്ചത് ആയിരങ്ങള്‍.

പരിയാരം മെഡിക്കല്‍ കോളജ് രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും ആലപ്പുള കളര്‍ക്കോട് ലക്ഷ്മിവിലാസത്തില്‍ വാട്ടര്‍ അഥോറിറ്റി അസി.എന്‍ജിനിയര്‍ ആര്‍.ബാലചന്ദ്രകുറുപ്പ്-ജ്യോതി ലക്ഷ്മി ദമ്പതികളുടെ ഏകമകന്‍ ശരത്.ബി.ചന്ദ്രന്‍ (20), പരിയാരം ഐടിസി കോളനി സെന്റ് മേരീസ് നഗറിലെ ആശാരിപ്പണിക്കാരനായ ചെത്തിമറ്റത്തില്‍ റോയ്-രൂപ ദമ്പതികളുടെ മകനും പിലാത്തറ സെന്റ് ജോസഫ്‌സ് കോളജിലെ ബിബിഎ വിദ്യാര്‍ഥിയുമായ റോജന്‍ റോയ് (18) എന്നിവരാണു മരിച്ചത്.

ശരത്.ബി.ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശമായ ആലപ്പുഴയിലേക്കു കൊണ്ടുപോയി. റോജന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം ആറോടെ പരിയാരം ഐടിസി കോളനിയിലെ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മെഡിക്കല്‍ വിദ്യാര്‍ഥിയായ ശരത്തിന്റെ മൃതദേഹത്തിലും പരിയാരം മെഡിക്കല്‍ കോളജില്‍ സഹപാഠികളും അധ്യാപകരും ആദരാഞ്ജലികളര്‍പ്പിച്ചു.

മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി പി ദാമോദരന്‍ എന്നിവര്‍ വെള്ളിയാഴ്ച രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. ശനിയാഴ്ച പകല്‍ 12ന് പരിയാരം മെഡിക്കല്‍കോളേജ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച മൃതദേഹത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. പകല്‍ ഒന്നോടെ പരിയാരത്തുനിന്ന് ആംബുലന്‍സില്‍ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

പരിയാരത്ത് ടി വി രാജേഷ് എംഎല്‍എ, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലീല, മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എംഡി കെ രവി, പ്രിന്‍സിപ്പല്‍ കെ സുധാകരന്‍, കെ ഉഷ, കെ ദാമോദരന്‍, സിപിഐ എം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റോജന്റെ സഹോദരനും കൊട്ടില ജിഎച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ റോബിന്‍ റോയി (12), മെഡിക്കല്‍ വിദ്യാര്‍ഥി കോഴിക്കോട് നരിക്കുനിയിലെ പി.ഐ. ശ്രീധര്‍ എന്നിവര്‍ അപകടനില തരണം ചെയ്തുവെങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണു ദേശീയപാതയില്‍ വിളയാങ്കോട് പെട്രോള്‍ പമ്പിനു സമീപം ഇരുദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു കത്തിയമര്‍ന്നത്.

മരിച്ച ശരത്തും പരിക്കേറ്റ ശ്രീധറും പിലാത്തറയിലേക്കു ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. പിലാത്തറയില്‍ നിന്നും പരിയാരത്തെ വീട്ടിലേക്കു വരികയായിരുന്നു സഹോദരങ്ങളായ റോജനും റോബിനും. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ പണം സ്വരൂപിച്ചു വാങ്ങിയ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

              

                                   

Read more topics: Pariyaram, Bike Accident, death
English summary
Pariyaram Bike Accident death MBBS Student Sarath b chandran Alappuzha
topbanner

More News from this section

Subscribe by Email