Sunday May 26th, 2019 - 4:55:pm
topbanner
topbanner

പരമേശ്വര്‍ജി നവതിയാഘോഷം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥി

NewsDesk
പരമേശ്വര്‍ജി നവതിയാഘോഷം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥി

കൊച്ചി: കേരളത്തിലെ ആധുനിക ഹിന്ദുനവോത്ഥാന മേഖലയിലെ ദാര്‍ശനികാചാര്യനായ പി പരമേശ്വരന്റെ നവതിയാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയാകും. ഏപ്രില്‍ 1, 2 തിയതികളില്‍ എറണാകുളത്താണ് നവതിയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രമാണ് ആഘോഷപരിപാടികളുടെ സംഘാടകര്‍.

ആധുനിക ഭാരതത്തിനറെ പുന:നിര്‍മ്മാണം ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാവണമെന്ന ദൃഢ ചിന്തയുടെ ഭാഗമായി അതിനു വേണ്ട പഠന ഗവേഷണങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് പരമേശ്വര്‍ജിയുടേത്. അദ്ദേഹത്തിനറെ സമര്‍പ്പണങ്ങളെ അംഗീകരിച്ചുകൊണ്ട് രാഷ്ട്രം പരമേശ്വര്‍ജിക്ക് പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ന് ദേശീയബോധമുള്ള ഒരു നേതൃത്വത്തിന്റെ കീഴില്‍ പരമേശ്വര്‍ജി കാട്ടിത്തന്ന പാതയിലൂടെ രാഷ്ട്രം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ രണ്ട് ഞായറാഴ്ച എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരമേശ്വര്‍ജി ആദരണീയ സഭയില്‍ രാജ്‌നാഥ് സിംഗാണ് മുഖ്യാതിഥി. നവതിയാഘോഷ സമിതി ചെയര്‍മാന്‍ ജസ്റ്റീസ് (റിട്ട) കെ.ടി തോമസ് അധ്യക്ഷത വഹിക്കും. ആര്‍ എസ് എസ് സഹസര്‍കാര്യവാഹ് ഡോ കൃഷ്ണഗോപാല്‍, രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാര്‍, ഡോ ഡി ബാബു പോള്‍, ഡോ എം ലക്ഷ്മി കുമാരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി അമൃത കൃപാനന്ദപുരി, പി ഇ ബി മേനോന്‍, ഡോ റിച്ചാര്‍ഡ് ഹേ എംപി എന്നിവരും സംസാരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരമേശ്വര്‍ജി പ്രതിനിധാനം ചെയ്ത ആശയങ്ങളെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ആധുനിക കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ദേശീയത കാഴ്ചപ്പാട് വിശകലനം ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം. സ്വത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന പ്രതിസന്ധിയും ഇതില്‍ ചര്‍ച്ച ചെയ്യും. ഏപ്രില്‍ ഒന്നാം തിയതി തുടങ്ങുന്ന നവതിയാഘോഷം കലൂര്‍ എ ജെ ഹാളില്‍ നളന്ദ സര്‍വകലാശാല ചാന്‍സിലര്‍ പ്രൊഫ വിജയ് ഭട്കര്‍ നിര്‍വഹിക്കും.

ആദ്യ ദിനം ദേശീയ പ്രാധാന്യമുള്ള രണ്ട് വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 'ദേശീയത: മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും', 'വികസനം-പരിസ്ഥിതി' എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുന്നത്. ഒന്നാം തിയതി നടക്കുന്ന ഉദ്ഘാടന സഭയില്‍ എസ് ഗുരുമൂര്‍ത്തിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. പൂനെ ഫെര്‍ഗൂസന്‍ കോളേജിലെ പ്രൊഫസര്‍ ഡോ പ്രസന്ന ദേശ്പാണ്‌ഡേ, മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പസ്വാന്‍, ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ് അംഗം ഡോ വി എസ് വിജയന്‍, കേന്ദ്രധന മന്ത്രായലത്തിലെ പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ സഞ്ജീവ് സന്യാല്‍ എന്നിവരാണ് 'വികസനം-പരിസ്ഥിതി' വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുന്നത്.

നവതിയാഘോഷത്തിനറെ ഭാഗമായി ദേശീയ അന്തര്‍ ദേശീയ സെമിനാറുകള്‍, ഗീതാവിചാര സത്രം, യുവജന സമ്മേളനം, വനിത സമ്മേളനം, ഏകാത്മ മാനവ ദര്‍ശന വിചാര സത്രങ്ങള്‍, പരമേശ്വര്‍ജിയുടെ സമ്പൂര്‍ണ കൃതികളുടെ പ്രസദ്ധീകരണം തുടങ്ങി ഒക്‌ടോബര്‍ മാസം വരെ വിപുലമായ പരിപാടികളാണ് നവതിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

നവതിയാഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ എന്‍.സി ഇന്ദുചൂഡന്‍, ഭാരതീയ വിചാരകേന്ദ്രം സംഘടന സെക്രട്ടറി കാ. ഭാ സുരേന്ദ്രന്‍, ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെ സി സുധീര്‍ ബാബു, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ബി പ്രകാശ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: Parameswaran, Navati Celebrations,
English summary
Parameswaran Navati Celebrations on April 1-2
topbanner

More News from this section

Subscribe by Email