topbanner
Wednesday August 23rd, 2017 - 7:26:pm
topbanner

യു.ഡി.എഫ് പിന്തുണയോടെ മുട്ടം പഞ്ചായത്ത് പ്രസിഡന്റായ കുട്ടിയമ്മ മൈക്കിൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

suvitha
യു.ഡി.എഫ് പിന്തുണയോടെ മുട്ടം പഞ്ചായത്ത് പ്രസിഡന്റായ കുട്ടിയമ്മ മൈക്കിൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

മുട്ടം: യു.ഡി.എഫ് പിന്തുണയോടെ മുട്ടം പഞ്ചായത്ത് പ്രസിഡന്റായ കുട്ടിയമ്മ മൈക്കിൾ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എൽ.ഡി.എഫിൽ ചേരുമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എൽ.ഡി.എഫ് മെമ്പർമാർക്കൊപ്പമെത്തി പഞ്ചായത്ത് സെക്രട്ടറി പി.എസ്. തുളസീധരൻ പിള്ളയ്ക്ക് കുട്ടിയമ്മ രാജി കത്ത് നൽകി. പഞ്ചായത്ത് ഭരണസമിതിയിലുള്ള യു.ഡി.എഫ് മെമ്പർമാരിൽ നിന്നും പ്രാദേശിക യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് കുട്ടിയമ്മയ്ക്ക് മതിയായ പിന്തുണ ലഭിച്ചിരുന്നില്ല.

പഞ്ചായത്ത് കമ്മിറ്റിയിലെ നിർണായകമായ പല തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴും എൽ.ഡി.എഫ് മെമ്പർമാരാണ് കുട്ടിയമ്മയെ പിന്തുണച്ചത്. ഇതാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എൽ.ഡി.എഫിൽ ചേരാൻ പ്രധാന കാരണം. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് റിബലായി മത്സരിച്ചാണ് കുട്ടിയമ്മ മൈക്കിൾ പഞ്ചായത്തംഗമായത്. കഴിഞ്ഞ ടേമിൽ യു.ഡി.എഫിൽ കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോൾ സീനിയറായ കുട്ടിയമ്മയെ പരിഗണിച്ചിരുന്നില്ല. 2015ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ കുട്ടിയമ്മയ്ക്ക് പാർട്ടി സീറ്റും നൽകിയില്ല.

പകരം മറ്റൊരാളെ ഒമ്പതാം വാർഡിൽ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുട്ടിയമ്മ റിബലായി മത്സരിക്കാൻ തീരുമാനിച്ചത്. തനിക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയെ 330 വോട്ടുകളുടെ വ്യത്യാസത്തിലാണ് കുട്ടിയമ്മ പരാജയപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് 95 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറുവീതം അംഗങ്ങൾ ആയതോടെയാണ് സ്വതന്ത്രയായി വിജയിച്ച കുട്ടിയമ്മയെ തേടി മുന്നണികൾ എത്തിയത്.

ഇരുമുന്നണികളോടും കുട്ടിയമ്മയുടെ ഡിമാൻഡ് പ്രസിഡന്റ് സ്ഥാനമായിരുന്നു. ഒടുവിൽ യു.ഡി.എഫ് തന്നെ കുട്ടിയമ്മയുടെ ഡിമാന്റ് അംഗീകരിക്കുകയായിരുന്നു. 1988 മുതൽ 1995 വരെയുള്ള ഏഴ് വർഷവും 1995- 2000, 2010- 2015 കാലഘട്ടത്തിലും മുട്ടം പഞ്ചായത്ത് മെമ്പറായിരുന്നു കുട്ടിയമ്മ. 2005 മുതൽ 2010 വരെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങനാട് ഡിവിഷൻ മെമ്പറുമായിരുന്നു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ ഔസേപ്പച്ചൻ ചാരക്കുന്നത്ത്, സതീശൻ പി.എസ്, സുമോൾ ജോയിസൻ, റിൻസി സുനീഷ്, ഷീല സന്തോഷ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അലക്സ് പ്ലാത്തോട്ടം, എൽ.ഡി.എഫ്. നേതാക്കളായ കെ.പി. സുനീഷ്, എം.കെ. ഷാജി, കെ.എ. സന്തോഷ്, ബിജി ചിറ്റാട്ടിൽ, ഷാജൻ പി.ടി, നൗഷാദ് എം.ഐ, വി. രാധാകൃഷ്ണണപിള്ള എന്നിവരും രാജി സമർപ്പിക്കാൻ കുട്ടിയമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു.

Read more topics: muttam, UDF, president, resigned,
English summary
Muttam Panchayath president Kuttiyamma Michael president resigned
topbanner topbanner

More News from this section

Subscribe by Email