Thursday August 6th, 2020 - 6:45:pm

സംസ്ഥാനത്തെ കർഷകരുടെ ഉന്നമനത്തിനായി കർഷക ക്ഷേമ ബോർഡ് ഉടൻ തന്നെ രൂപീകരിക്കും : മന്ത്രി വി.എസ്. സുനിൽകുമാർ

princy
സംസ്ഥാനത്തെ കർഷകരുടെ ഉന്നമനത്തിനായി കർഷക ക്ഷേമ ബോർഡ് ഉടൻ തന്നെ രൂപീകരിക്കും :  മന്ത്രി വി.എസ്. സുനിൽകുമാർ

ഹരിപ്പാട്: പ്രളായനന്തരം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളടങ്ങുന്ന കുട്ടനാടൻ മേഖലയിൽ 14,000 ഹെക്ടർ സ്ഥലത്ത് അധികമായി കൃഷി ചെയ്തെന്നും കാർഷിക മേഖലയിൽ ഉണ്ടായ ഉണർവ്വാണ് ഇതുവരച്ചു കാട്ടുന്നതെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയം തകർത്തെറിഞ്ഞ കുട്ടനാടൻ മേഖലയിലെ കർഷകരെ സഹായിക്കാൻ വേണ്ട എല്ലാ നടപടികളും സംസ്ഥാന സർക്കാർ സമയബന്ധിതമായി തന്നെ കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കർഷക ക്ഷേമ ബോർഡ് ഉടൻ തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കർഷകരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ്, വിവാഹം, അപകടത്തിൽ പെടുന്നവർക്കുള്ള ധനസഹായം ഇവയൊക്കെ ലക്ഷ്യമിട്ടാണിത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ബോർഡ് നിലവിൽ വരുന്നതെന്നും മന്ത്രി പറഞ്ഞു.സപ്ലൈകോ വഴി നടപ്പാക്കിയ നെല്ലു സംഭരണത്തിന്റേയും ആനുകൂല്യ വിതരണത്തിന്റേയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പ്രളയാനന്തര കൃഷിയിൽ കുട്ടനാട്ടിൽ നിന്നു മാത്രം 35,000 മെട്രിക് ടൺ നെല്ല് അധികമായി ഉത്പാദിപ്പിക്കും. പാടശേഖര സമിതികൾ ഉൾപ്പെടെയുള്ളവ എല്ലാവിധ പിന്തുണയുമായി സർക്കാരിനൊപ്പം നിന്നു. കരുവാറ്റ ഉൾപ്പടെയുള്ള കരിനില മേഖലയിൽ ഇക്കുറി മികച്ച വിളവെടുപ്പാണ് ലഭിച്ചത്. ഒരു ഹെക്ടറിൽ ഏകദേശം ആറര ടൺ നെല്ലാണ് ലഭിച്ചത്.

minister sunil kumar done flag off.jpg

കൃഷി നാശം സംഭവിച്ചവർക്ക് ഹെക്ടറിന് 13,500 രൂപ വീതവും, കൃഷിയിടങ്ങളിൽ എക്കൽ അടിഞ്ഞവർക്ക് ഹെക്ടറിന് 12,200 രൂപ വീതവും ഒരു ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായും ഇതിനകം സർക്കാർ കർഷകർക്ക് നൽകി കഴിഞ്ഞു. കൂടാതെ 100 ശതമാനം സബ്സിഡിയിൽ കുമ്മായവും വിതരണം ചെയ്തു. 6,400 മെട്രിക്ക് ടൺ വിത്താണ് സൗജന്യമായി ജില്ലയിൽ മാത്രം വിതരണം ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇരുനൂറോളം ബണ്ടുകളാണ് പ്രളയത്തിൽ തകർന്നത്. ഇതിന്റെ പുനർനിർമാണത്തിനായി 20 ശതമാനം തുക സർക്കാർ ധനസഹായമായി നൽകി. പമ്പിംഗുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അപാകതകൾ പരിഹരിച്ചു. കൃഷിക്കാരിൽ നിന്ന് 25.30 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. സർക്കാറിന്റെ ഭാഗത്തു നിന്നും ഇത്രയധികം സഹായങ്ങൾ നൽകുന്നതിലൂടെ കൃഷിക്കാർക്ക് കൂടുതൽ ആദായം നൽകാനും കൂടുതൽ ആളുകളെ കൃഷിയിലേക്ക് കൊണ്ട് വരാനും സർക്കാർ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇൻഷുറൻസിൽ ചേരുന്നതോടെ വിളകൾ നശിച്ചാലും കർഷകർക്ക് നഷ്ടം സംഭവിക്കില്ല. ഇതിലൂടെ ഒന്നേകാൽ ലക്ഷത്തോളം രൂപ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കും. ഇത്തരത്തിൽ കർഷകർ തങ്ങളുടെ വിളകൾ ഇൻഷ്വർ ചെയ്യാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കരുവാറ്റ ചാലുങ്കൽ പാടശേഖരത്ത് മികച്ച രീതിയിൽ കൃഷി നടത്താൻ പ്രരിശ്രമിച്ച കൃഷി ഓഫീസർ ആർ. ഗംഗാദേവി, 30 വർഷം തരിശായി കിടന്ന 15 ഏക്കറിൽ കൃഷിയിറക്കിയ സുരേഷ് എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പുറക്കാട് കൃഷി ഭവൻ പരിധിയിൽ വരുന്ന നാലുചിറ വടക്ക് കൃഷി ഭവനിലെ കർഷകനായ പൊന്നപ്പൻ പുത്തൻചിറയിലിന് രണ്ട് ഹെക്ടറിനുള്ള ആനുകൂല്യവും, ചാലുങ്കൽ പാടശേഖരത്തിൽ നിന്നും ആദ്യമായി നെല്ല് സംഭരിക്കുന്നതിന്റെ ഭാഗമായി ലീലാമ്മ ജോർജ്ജ്, ടെൻസി എന്നിവർക്കുള്ള പി.ആർ.എസ്. നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു.

കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിലെ 165 ഏക്കറിലാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ തവണ ലഭിച്ചതിലും മികച്ച വിളവാണ് ഇക്കുറി കിട്ടിയത്. പ്രളയത്തിൽ വളക്കൂറുള്ള എക്കൽ മണ്ണ് പാടത്ത് അടിഞ്ഞത് വിളവ് വർധിക്കാൻ കാരണമായെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കരുവാറ്റ, തകഴി, പുറക്കാട്, മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പർ കുട്ടനാടൻ മേഖലകളിലെ കരിനിലങ്ങളിലെ വിളവെടുപ്പുത്സമാണ് ഇതുവരെ നടന്നത്. പ്രളയമുണ്ടായതിനെ തുടർന്ന് കാലം തെറ്റിയാണ് കൃഷി ഇറക്കിയതെങ്കിലും പൊതുവേ നല്ല വിളവാണ് ഇക്കുറി കർഷകർക്ക് ലഭിക്കുന്നത്. നെല്ല് സംഭരണത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഒന്നിച്ച് കൊയ്ത്തു വന്നാൽ പോലും പെട്ടന്ന് സംഭരണം നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

43 മില്ലുകളാണ് ഈ സീസണിൽ സിവിൽ സപ്ലൈസ് കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 26,000 കർഷകരും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 75,000 ഏക്കറിലാണ് ഇക്കുറി കൃഷി ഇറക്കിയിരിക്കുന്നത്.യോഗത്തിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രാധ പദ്ധതി വിശദീകരിച്ചു. പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ല പഞ്ചായത്തംഗം രമ്യാ രമണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിയിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സുരേഷ്, ഗ്രാമപഞ്ചായത്തംഗം മോഹനകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി. ആർ. രശ്മി, കാർഷിക വികസന സമിതി അംഗങ്ങളായ പി. മുരളി കുമാർ, പത്മനാഭക്കുറുപ്പ്, പി.ടി. മധു, ജയിംസ് ജോസഫ്, ചാലുങ്കൽ പാടശേഖര സമിതി സെക്രട്ടറി എസ്. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Read more topics: kerala, minister, VS Sunil Kumar
English summary
Minister VS Sunil Kumar in alapuzha
topbanner

More News from this section

Subscribe by Email