Sunday June 16th, 2019 - 9:07:am
topbanner
topbanner

നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും : മന്ത്രി ജി സുധാകരന്‍

princy
നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും : മന്ത്രി ജി സുധാകരന്‍

പത്തനംതിട്ട:നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെടാതെ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. നിര്‍മാണം നിലച്ച തിരുവല്ല ബൈപ്പാസിന്റെ പണികള്‍ പുനരാരംഭിക്കുന്നതിന്റെയും തിരുവല്ല ടൗണ്‍ എം.സി റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം മുന്‍സിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവല്ല ബൈപ്പാസ് പദ്ധതി തയാറാക്കിയതിലെ അവ്യക്തതയും സാങ്കേതിക പിഴവുകളും പദ്ധതിക്ക് അധിക ചെലവ് വരുത്തി എങ്കിലും പദ്ധതി ഉപേക്ഷിക്കാതെ കൃത്യം ഒമ്പത് മാസത്തിനുള്ളില്‍ രണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുറഞ്ഞ സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ ആവശ്യമായ പണം ചെലവാക്കി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിരുവല്ലയുടെ ഗതാഗതക്കുരുക്കിന് ആശ്വാസമേകുന്ന ബൈപ്പാസ് പൂര്‍ത്തീകരിക്കും. മാത്യു ടി. തോമസ് തിരുവല്ല എംഎല്‍എ ആയതിന് ശേഷം നിരവധി മാറ്റങ്ങളാണ് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.

അഞ്ഞൂറ് കോടി രൂപയുടെ ചെറുതും വലുതുമായ വിവിധ പ്രവര്‍ത്തനങ്ങളാണ് തിരുവല്ലയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവല്ല ബൈപാസ് നിര്‍മാണം പുനരാരംഭിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.2019 എന്നത് തിരുവല്ലയുടെ കുരുക്കഴിയുന്ന വര്‍ഷമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. 1996 ല്‍ തുടക്കമിട്ട തിരുവല്ല ബൈപാസ് നിര്‍മാണം വീണ്ടും പുനരാരംഭിക്കുന്നതിലൂടെ തിരുവല്ലയുടെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാണ് ഉണ്ടാകുന്നത്. ബൈപാസ് നിര്‍മാണത്തിന്റെയും എംസി റോഡ് തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ പുനരുദ്ധാരണ പണികളും ആരംഭിച്ചു കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. ബൈപാസിനും എം സി റോഡിനുമൊപ്പം പ്രധാനപ്പെട്ട അനുബന്ധറോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ബിഎംബിസി ടാറിംഗ് നടത്തുവാന്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇവ പൂര്‍ത്തിയാകുമ്പോള്‍ പിന്നെയും ഗതാഗതകുരുക്ക് തുടരാതിരിക്കുന്നതിന് ഏവരുടേയും സഹകരണത്തോടെ വണ്‍വേ അടക്കം ഉള്ള ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും എംഎല്‍എ അറിയിച്ചു.തിരുവല്ല നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമെന്നോണമാണ് തിരുവല്ല ബൈപാസ് വിഭാവനം ചെയ്തത്. എന്നാല്‍, രൂപ കല്പനയിലുണ്ടായ പിഴവും സ്ഥലമെടുപ്പ് സംബന്ധിച്ച അനിശ്ചിതാവസ്ഥയും ബൈപാസ് നിര്‍മാണത്തെ ശ്വാസം മുട്ടിച്ചു. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്റെയും, എംഎല്‍ എ മാത്യു ടി തോമസിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഡിസൈനില്‍ വരുത്തിയ മാറ്റങ്ങളോടെയാണ് ബൈപാസ് നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്.

37. 04 കോടി രൂപയ്ക്കാണ് ബൈപാസിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്കായി എം / എസ് ജി എച്ച് വി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കെ എസ് ടി പി പ്രൊജക്ട് ഡയറക്ടറുമായി എഗ്രിമെന്റ് വച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. ഇത് കൂടാതെ മഴുവങ്ങാട് മുതല്‍ രാമഞ്ചിറ വരെയുള്ള എം സി റോഡ് ടൗണ്‍ ഭാഗത്തിന്റെ പുനരുദ്ധാരണവും പുതുക്കിയ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 7. 78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.തിരുവല്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ മന്ത്രി ജി. സുധാകരന് തിരുവല്ല നഗരസഭയുടെ ഉപഹാരം ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ കൈമാറി.

ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കേരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ്, കെ.എസ്.ടി.പി. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം. അന്‍സാര്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സി. രാകേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഏലിയാമ്മ തോമസ്, റീന ചാലക്കുഴി, ഷാജി തിരുവല്ല, അനു ജോര്‍ജ്, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് തിരുമേനി, ജനതാദള്‍ (എസ് ) ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, എന്‍സിപി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kerala, minister, G Sudhakaran
English summary
Minister G Sudhakaran statement about development process in pathanamthitta
topbanner

More News from this section

Subscribe by Email