Wednesday November 14th, 2018 - 2:32:pm
topbanner

ഡിഗ്രി ഫല പ്രഖ്യാപനം: ചരിത്രനേട്ടവുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല

Mithun Muyyam
ഡിഗ്രി ഫല പ്രഖ്യാപനം: ചരിത്രനേട്ടവുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല

കോട്ടയം: പരീക്ഷ കഴിഞ്ഞ് പതിനെട്ടാം ദിവസം ഫലപ്രഖ്യാപനം. ചരിത്രനേട്ടവുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല. സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലമാണ് 14നു പ്രഖ്യാപിച്ചത്.

മാര്‍ച്ച് 16ന് ആരംഭിച്ച ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രില്‍ 27ന് പൂര്‍ത്തിയായിരുന്നു. 192 അഫിലിയേറ്റഡ് കോളേജുകളില്‍ 112 ബിരുദ പ്രോഗ്രാമുകളിലാണ് പരീക്ഷകള്‍ നടന്നത്. 8774 പേര്‍ ബി.എ.യ്ക്കും 11438 പേര്‍ ബി.എസ്.സി.യ്ക്കും, 18390 പേര്‍ ബി.കോമിനും 6055 പേര്‍ വിവിധ ന്യൂജെനറേഷന്‍ കോഴ്‌സുകള്‍ക്കും പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 6916 പേര്‍ ബി.എ.യ്ക്കും (78.82%) 9149 പേര്‍ ബി.എസ്.സി.യ്ക്കും (79.98%) 14790 പേര്‍ ബി.കോമിനും (80.42%) 4086 പേര്‍ ന്യൂജെനറേഷന്‍ കോഴ്‌സുകള്‍ക്കും (80.69%) വിജയിച്ചു.
റെക്കോര്‍ഡ് വേഗത്തിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. 2016ല്‍ ജൂലൈ 15നും 2017ല്‍ മെയ് 31നും ആണ് ഫല പ്രഖ്യാപനം നടന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ്മാര്‍ക്കുകളും പുനര്‍മൂല്യനിര്‍ണ്ണയ ഫലങ്ങള്‍ പ്രകാരമുള്ള മാര്‍ക്കുകളും ചേര്‍ത്തിട്ടുള്ള അന്തിമഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുമുള്ള അപേക്ഷകള്‍ ഈ മാസം 31 വരെ സര്‍വ്വകലാശാലയില്‍ സ്വീകരിക്കും.
പരീക്ഷകള്‍ അവസാനിച്ച ഉടന്‍ തന്നെ സര്‍വ്വകലാശാല നേരിട്ട് ഉത്തരക്കടലാസുകള്‍ ശേഖരിക്കുകയും ഇതിനായി പ്രത്യേകം തയ്യാറാക്കിയ ക്യാമ്പസില്‍ തന്നെയുള്ള പ്രോസസിംഗ് ക്യാമ്പുകളില്‍ അവ എത്തിക്കുകയും ചെയ്തു. വിവിധ കോഴ്‌സുകളിലായി രജിസ്റ്റര്‍ ചെയ്ത 41000 വിദ്യാര്‍ത്ഥികളുടെ 190000 ഉത്തരക്കടലാസുകളാണ് പ്രോസസിംഗ് പൂര്‍ത്തിയാക്കി 8 മേഖലാ ക്യാമ്പുകളിലായി മൂല്യനിര്‍ണ്ണയത്തിനെത്തിയത്.

24ന് ആരംഭിച്ച മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് ക്യാമ്പസിലെ സര്‍വ്വകലാശാല ജീവനക്കാര്‍ മേഖലകളിലെത്തി നേതൃത്വം നല്‍കി. ഓരോ മേഖലകളിലെയും മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് ഓരോ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വീതം മുന്‍കൈ എടുത്തു. മൂല്യനിര്‍ണ്ണയം കഴിയുന്ന മാര്‍ക്കുകള്‍ അതാതു ദിവസം തന്നെ സര്‍വ്വകലാശാലയിലെത്തിക്കുന്നതിനും മാര്‍ക്കുകള്‍ എന്റര്‍ ചെയ്യുന്നതിനും പ്രത്യേകം സംവിധാനമൊരുക്കി. ഉത്തരക്കടലാസുകളുടെ ശേഖരണം, പ്രോസസിംഗ്, വിതരണം എന്നിവയ്ക്ക് ജീവനക്കാരും അദ്ധ്യാപകരും ഒരുപോലെ പിന്തുണ നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോളേജുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, അദ്ധ്യാപകരെ പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും അതാതു ദിവസത്തെ മാര്‍ക്കുകള്‍ ശേഖരിച്ച് സര്‍വ്വകലാശാലയിലെത്തിക്കുകയും ചെയ്തു. പരീക്ഷാഭവന്‍ അനക്‌സില്‍ പ്രത്യേകം രൂപീകരിച്ചിട്ടുള്ള ഡാറ്റാ സെന്ററില്‍ ഓരോ ദിവസത്തെയും മാര്‍ക്ക് എന്‍ട്രിയുടെ പുരോഗതി പ്രോ വൈസ് ചാന്‍സലര്‍ നേരിട്ട് ഉറപ്പുവരുത്തി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഓരോ ദിവസവും ക്യാമ്പിന്റെ പുരോഗതി തിരക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മൂല്യനിര്‍ണ്ണയം മെയ് പന്ത്രണ്ടിന് പൂര്‍ത്തിയാക്കുകയും, അനുബന്ധ ടാബുലേഷന്‍ ജോലികള്‍ മെയ് 14ന് പൂര്‍ത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പതിനാലു ദിവസം നേരത്തെ ഈ ഫലപ്രഖ്യാപനം നടത്തിയതെന്ന് സര്‍വ്വകലാശാല അധികാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഡോ ബാബു സെബാസ്റ്റ്യന്‍, പ്രൊഫ സാബു തോമസ്, ഡോ ആര്‍ പ്രഗാഷ്, ഡോ കെ ഷെറഫുദ്ദീന്‍, പ്രൊഫ ടോമിച്ചന്‍ ജോസഫ്, ഡോ തോമസ് ജോണ്‍ മാമ്പ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: university, exam, result,
English summary
Mahatma Gandhi University with historic achievements
topbanner

More News from this section

Subscribe by Email