Wednesday April 24th, 2019 - 2:25:pm
topbanner
topbanner

വിസ്മയത്തിന്റെ ഇശല്‍പുളകങ്ങള്‍ സമ്മാനിച്ച് മാന്ത്രിക ഒപ്പന പ്രേക്ഷകരുടെ മനം കവര്‍ന്നു

NewsDesk
വിസ്മയത്തിന്റെ ഇശല്‍പുളകങ്ങള്‍ സമ്മാനിച്ച് മാന്ത്രിക ഒപ്പന പ്രേക്ഷകരുടെ മനം കവര്‍ന്നു

തിരുവനന്തപുരം: മണിമാരന്റെ കഴുത്തിലെ മിന്നും പട്ടുറുമാല്‍ മാന്ത്രിക വടിയായി മാറ്റിയപ്പോള്‍ ഖുദ്‌റത്തിന്റെ നുണക്കുഴിക്കവിളുകള്‍ നാണത്താല്‍ ചുവന്നു. ചുറ്റും കൂടിയ തോഴിമാര്‍ കൈകൊട്ടി തിമിര്‍ത്തുപാടി. പിന്നെയുമവന്‍ ഈണത്തിനൊത്ത വരികളില്‍ ഒളിഞ്ഞിരുന്ന ഇന്ദ്രജാലത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന് ഖുദ്‌റത്തിനേയും തോഴിമാരെയും രസിപ്പിച്ചു. വളകിലുക്കവും കൈകൊട്ടലിന്റെ ദ്രുതതാളവുവുമായി അവര്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ മാന്ത്രിക ഒപ്പന അക്ഷരാര്‍ത്ഥത്തില്‍ ഇശലിന്റെ തേനൂറും പെരുന്നാള്‍ വിരുന്നായി.

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായാണ് മാജിക് പ്ലാനറ്റില്‍ മാന്ത്രിക ഒപ്പന അരങ്ങേറിയത്. ഇഷ്‌ക്കക്കടലിലെ ഇഫ്‌ലീത്ത് ജിന്നിന്റെ ഇരുന്നൂറ് നിലയുള്ള കൊട്ടാരത്തില്‍ നിന്നും ജാലവിദ്യ പഠിച്ചെത്തുന്ന ഒരു യുവമാന്ത്രികന്‍ ഭൂമിയിലെത്തി ഖുദ്‌റത്തിനെ വിവാഹം കഴിക്കുന്നു. ഈ വിവാഹച്ചടങ്ങിലും മണിയറയിലും നടക്കുന്ന രസകരമായ നിമിഷങ്ങളാണ് ഇന്ദ്രജാലത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ചത്.

മണിയറയിലെത്തുന്ന അമ്മായിയുടെ കൈവശമിരുന്ന കോളാമ്പിയെ ഭീകര ജീവിയാക്കിയും അന്തരീക്ഷത്തില്‍ നിന്നും പൂക്കള്‍ സൃഷ്ടിച്ചും മണവാട്ടിയെ അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ത്തി അപ്രത്യക്ഷമാക്കിയും ഒടുവില്‍ കാണികള്‍ക്ക് നടുവില്‍ നിന്നും മണവാട്ടിയെ തിരികെയെത്തിച്ചും അത്ഭുതത്തിന്റെയും കാഴ്ചയുടെയും ഒരുത്സവമാണ് മണവാളന്‍ കാണികള്‍ക്ക് സമ്മാനിച്ചത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറിയ 'ഖുദ്‌റത്തിന്റെ നിക്കാഹ്' എന്ന പരിപാടിയുടെ പുനവരവതരണമാണ് മാജിക് പ്ലാനറ്റില്‍ നടന്നത്. മുന്‍ മന്ത്രി എം.കെ മുനീറിന്റെ തിരക്കഥയില്‍ ഒരുക്കിയ ഈ പരിപാടിയുടെ ഗാനരചന മാപ്പിളപ്പാട്ടിന്റെ കുലപതി പി.റ്റി അബ്ദുറഹിമാന്‍ മാസ്റ്ററും സംഗീതം കെ.രാഘവന്‍ മാസ്റ്ററുമായിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി അരങ്ങേറിയത്.

മണവാളനായി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും മണവാട്ടിയായി ചലച്ചിത്രതാരം ദിവ്യാ ഉണ്ണിയും അമ്മായിയായി ഫിലോമിനയും വേഷമിട്ടു. പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റിയ ഈ പരിപാടിയാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുതലമുറ വീണ്ടും അവതരിപ്പിച്ചത്. അന്തരിച്ച പി.റ്റി അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.രാഘവന്‍, ഫിലോമിന എന്നിവര്‍ക്കുള്ള സമര്‍പ്പണം കൂടിയായിരുന്നു ഈ പരിപാടി. പൂജപ്പുര ഹരിശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കലാകാരികള്‍ക്കൊപ്പം മണവാളനായി മാജിക്പ്ലാനറ്റിലെ യുവമാന്ത്രികന്‍ യുവകൃഷ്ണയും മണവാട്ടിയായി ഷംനയും രംഗത്തെത്തി.

വൈകുന്നേരം നടന്ന ചടങ്ങ് പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാനേജര്‍ ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മതങ്ങള്‍ക്കും മേലേ മാനവസ്‌നേഹത്തിന്റെ ന•യൂറുന്ന സന്ദേശത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മാന്ത്രിക ഒപ്പന സംഘടിപ്പിച്ചത്.

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

ചാലക്കുടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Read more topics: Magic Academy, oppana,
English summary
Magic Academy oppana
topbanner

More News from this section

Subscribe by Email