Saturday March 23rd, 2019 - 12:15:am
topbanner
topbanner

മത്സ്യമാര്‍ക്കറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

princy
മത്സ്യമാര്‍ക്കറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കണ്ണൂർ:മത്സ്യമാര്‍ക്കറ്റുകളെ ഗുണനിലവാരമുള്ളതാക്കാന്‍ ഓക്ഷനിംഗ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ ബില്‍ എന്ന പുതിയ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പയ്യന്നൂര്‍ തായിനേരിയില്‍ വടക്കന്‍ കേരളത്തില്‍ ജലകൃഷിയിലേര്‍പ്പെട്ടവരുടെ സഹകരണ സംഘമായ അക്വകള്‍ച്ചര്‍ ഡവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിര്‍ദിഷ്ട ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. അടുത്ത സെഷനില്‍ അത് നിയമമായി വരും. ഗുണനിലവാരമുള്ള മത്സ്യം നേരിട്ട് വിപണിയിലേക്കെത്തിക്കാനും തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാനും ഇതിലൂെട കഴിയും. എല്ലാ ഹാര്‍ബറുകളിലും കലക്ടര്‍ ചെയര്‍മാനായി മാനേജിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. തുടങ്ങിവെച്ച എല്ലാ ഹാര്‍ബറുകളും പൂര്‍ത്തീകരിക്കും. 90 ശതമാനം പണി കഴിഞ്ഞാല്‍ പിന്നെ അത് പൂര്‍ത്തീകരിക്കാന്‍ സമ്മതിക്കാതെ പല വിധ സമ്മര്‍ദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. തലശ്ശേരിയില്‍ പൂര്‍ത്തീകരിച്ചെങ്കിലും കൃത്യമായി ലേലവും പ്രവര്‍ത്തനവും നടക്കുന്നതില്‍ പല സഥാപിത താല്‍പര്യക്കാരും ഇടപെടുകയാണ്. കേരളത്തില്‍ മത്സ്യകൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. ഇവിടെ ഉല്‍പാദനം 2.5 കോടിയായിരുന്നു. അത് ഇപ്പോള്‍ ആറ് കോടിയായിട്ടുണ്ട്. ഇതിന് പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിട്ടു. മത്സ്യക്കുഞ്ഞുങ്ങളെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടു വരുന്നത്. ഇത് ഗുണനിലവാരത്തെ ബാധിക്കുന്നതോടൊപ്പം രോഗങ്ങള്‍ക്കും കാരണമാവുന്നു. ആവശ്യമായ ഗുണനിലവാരമുളള മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തീറ്റ പൂര്‍ണമായും ഇറക്കുമതിയാണ്. ഗവേഷണ കേന്ദ്രങ്ങളുടെ സഹായത്തോടെ ഇതില്‍ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ മത്സ്യകൃഷിക്കായി നീക്കിവെച്ച തുക ലഭ്യമാക്കാന്‍ പ്രൊജക്ടുകള്‍ തയാറാക്കി ഫിഷറീസ് വകുപ്പ് കര്‍ഷകരെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കണ്ടല്‍ക്കാടുകളെ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യം വളര്‍ത്തിലിന് പറ്റിയ ഇടമാണ് കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കാതെ സംരക്ഷിക്കണം. കുഫോസ് പയ്യന്നൂര്‍ സെന്ററില്‍ കണ്ടല്‍ക്കാടുകളില്‍ മത്സ്യകൃഷി നടത്താനുള്ള മോഡല്‍ ഫാമുകള്‍ തുടങ്ങും. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടതെന്നാണ് പ്രളയം നമ്മെ പഠിപ്പിച്ചതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി ആദ്യനിക്ഷേപം സ്വീകരിച്ചു.

എം.എല്‍.എമാരായ ടി.വി. രാജേഷ്, എം. രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, കൗണ്‍സിലര്‍ എം.കെ ഷമീമ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, കുഫോസ് വൈസ് ചാന്‍സിലര്‍ ഡോ. എ. രാമചന്ദ്രന്‍, സിബ ചെന്നൈ ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍, കുഫോസ് റീജ്യനല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. മനോജ് കുമാര്‍, സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമാരായ ഡോ. പി.കെ അശോകന്‍, ഡോ. മനോജ്.പി. സാമുവല്‍, ഫിഷറീസ് ഉത്തരമേഖലാ ജോയിന്റ് ഡയറക്ടര്‍ കെ. കെ. സതീഷ്‌കുമാര്‍, എം.പി.ഇ.ഡി.എ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്. പ്രിന്‍സ്, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ കാട്ടൂര്‍ ശശിധരന്‍, ഫിഷറീസ് സഹകരണ സംഘം അസി. രജിസ്ട്രാര്‍ വി. രജിത, അഡ്‌കോസ് ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍, ഓണററി സെക്രട്ടറി സി. സുരേശന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജലകര്‍ഷകരുടെ അപ്പെക്‌സ് സൊസൈറ്റിയായാണ് അഡ്‌കോസ് തുടങ്ങിയത്. കര്‍ഷകര്‍ക്കാവശ്യമായ വിത്ത്, തീറ്റ, അനുബന്ധ സാമഗ്രികള്‍ എന്നിവ ന്യായവിലക്ക് നല്‍കുന്നതിനും ഉല്‍പാദിപ്പിക്കപ്പെടുന്ന മത്സ്യം, ചെമ്മീന്‍, കല്ലുമ്മക്കായ എന്നിവയുടെ വിപണനത്തിനും മൂല്യവര്‍ധിയ ഉല്‍പാദനത്തിനുമാണ് അഡ്‌കോസ് ലക്ഷ്യമിടുന്നത്.

Read more topics: minister, Mercykuttyamma
English summary
Mercykuttyamma says Legislation provide to ensure the quality of fish markets
topbanner

More News from this section

Subscribe by Email