മലപ്പുറം: കുറ്റിപ്പുറം പുഴയില്‍ നിന്നും തുടര്‍ച്ചയായി കുഴിബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനറല്‍ സെക്രട്ടറി അഡ്വ യുഎ ലത്തീഫ് ആവശ്യപ്പെട്ടു. വളരെയേറെ ഞെട്ടിപ്പിക്കുന്നതാണ് ഈ ആയുധ ശേഖരം.
ആദ്യം കണ്ടെത്തിയ കുഴിബോബുകള്‍ സംബന്ധിച്ച് അന്വേഷണം എങ്ങുമെത്താതിരിക്കെയാണ് പിന്നാലെ വെടിയുണ്ടകളുടെ വന്‍ ശേഖരം നാട്ടുകാര്‍ കണ്ടത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മാത്രമാണ് വന്‍ ശേഖരം കണ്ടെത്താനായത്. സമാധാനത്തോടെയും സഹവര്‍ത്തിത്തോടെയും നീങ്ങുന്ന ജില്ല രാജ്യത്തിനു മാതൃകാപരമായി നിലകൊള്ളുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്.
ഇതില്‍ അസൂയ പൂണ്ട് ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് തുടര്‍ച്ചയായി കണ്ടെത്തുന്ന ആയധശേഖരം സൂചിപ്പിക്കുന്നത്. ജില്ലയുടെ സല്‍പ്പേര് തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെ കഴിയില്ല. ഹിനകരമായ നീക്കങ്ങളെ ജില്ല ഒറ്റക്കെട്ടായി ചെറുക്കും. മലപ്പുറം കലക്ട്രേറ്റിലുണ്ടായ സംഭവങ്ങളുള്‍പ്പെടെ സമീപകാലത്ത് ജില്ലയില്‍ അരങ്ങേറിയ ചില അനിഷ്ട സംഭവങ്ങള്‍ ഗൗരവതരമാണ്.
കുറ്റിപ്പുറം പാലത്തിനു താഴെ കണ്ടെത്തിയ ആയുധ ശേഖരത്തിന്റെ എല്ലാ ചുരുളും നിവര്‍ത്തുന്ന അന്വേഷണമാണ് വേണ്ടത്. എത്രയും വേഗം ഗൂഢാലോചന കണ്ടെത്തി ആശങ്കയകറ്റണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണം. മുഖം നോക്കാതെയുള്ള നടപടിയാണ് വേണ്ടത്. വന്‍ സ്ഫോടക ശേഷിയുള്ളശേഖരമാണ് കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇത് എങ്ങിനെ ഇവിടെയെത്തിയെന്നത് വന്‍ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അന്വേഷണത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കണം പ്രത്യേക സ്ക്വാഡ് രൂപീകരിക്കേണ്ടത്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന മാരകശേഷിയുള്ള സ്ഫോടക വസ്തുക്കളുടെ കലവറയുടെ ചുരുള്‍ നിവര്‍ത്താന്‍ ഒരിക്കലും വൈകരുത്. പലപ്പോഴും അന്വേഷണങ്ങളില്‍ മാതൃകകാണിച്ച കേരള പോലീസ് ഇക്കാര്യത്തിലും പ്രാഗല്ഭ്യം തെളിയിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. സര്‍ക്കാര്‍ ഇതിനാവശ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കണമന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.