Monday September 24th, 2018 - 12:12:am
topbanner

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം : കെട്ടിട നമ്പര്‍ നല്‍കണമെന്ന ആവശ്യം നിയമവിരുദ്ധം

NewsDesk
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം : കെട്ടിട നമ്പര്‍ നല്‍കണമെന്ന ആവശ്യം നിയമവിരുദ്ധം

കുറവിലങ്ങാട്: ഡോ.കെ.ആര്‍.നാരായണന്‍ സ്മാരക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങാതെയാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിര്‍മ്മാണം ആരംഭിച്ചതെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.

കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ കെട്ടിടത്തിന്റെ പ്ലാനും അനുബന്ധരേഖകളും പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്നുള്ള നിയമം നിലനില്‍ക്കെയാണ് ഭരണകര്‍ത്താക്കളുടെ ഒത്താശയോടുകൂടി അനധികൃതമായി കെട്ടിടം നിര്‍മ്മാണം നടന്നിട്ടുള്ളത്.

കെട്ടിട നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ പൊതുമരാമത്ത് വകുപ്പ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനുശേഷമാണ്, ആദ്യഘട്ടത്തില്‍ ചെയ്യേണ്ട ഫയല്‍ ജോലികള്‍ ചെയ്തിട്ടുള്ളത്. കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങിക്കാത്തതുകാരണം ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആശുപത്രി കെട്ടിടത്തിന് നമ്പറിട്ടു നല്‍കുവാനുള്ള നടപടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങളില്‍ മാറ്റം വരുത്തുകയോ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നമ്പറിട്ട് നല്‍കുവാനുള്ള ഫയലില്‍ ഒപ്പിടാന്‍ സാധിക്കുകയുള്ളു.

നിയമങ്ങളും ചട്ടങ്ങളും മറികടന്ന് നിയമവിരുദ്ധമായി നമ്പറിടുവിക്കുവാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് പഞ്ചായത്തും നടത്തുന്നതെന്നുള്‌ല ആരോപണം ശക്തമായി. സാധാരണക്കാരായ വ്യക്തികളാണ് കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങിക്കാതെ നിര്‍മ്മാണം നടത്തിയതെങ്കില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ എടുക്കുന്ന നിയമനടപടികള്‍ എന്താകുമെന്നുള്ള ചോദ്യമാണ് ഇവിടെ ഉയര്‍ന്നിട്ടുള്ളത്. 

English summary
Kuravilangad KR Narayanan memorial hospital
topbanner

More News from this section

Subscribe by Email