Tuesday January 22nd, 2019 - 4:17:am
topbanner

പൊതുമേഖലയിലെ ബാങ്കുകളെ തകര്‍ക്കുന്നത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍: എന്‍.കെ. പ്രേമചന്ദ്രന്‍ എം പി

fasila
പൊതുമേഖലയിലെ ബാങ്കുകളെ തകര്‍ക്കുന്നത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍: എന്‍.കെ. പ്രേമചന്ദ്രന്‍ എം പി

കോട്ടയം: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ സംഘടിതമായ ആസൂത്രിത കൊള്ളയാണ് നടക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി. മെഹുല്‍ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയ കോര്‍പറേറ്റുകള്‍ ബാങ്കിംഗ് മേഖലയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്. ഇവര്‍ രാജ്യം വിടുമെന്ന് സിബിഐയും എന്‍ഫോഴ്സ്മെന്റും മുന്‍കൂട്ടി വിവരം നല്‍കിയിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടായില്ലന്നും അദേഹം പറഞ്ഞു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 'ബാങ്കിംഗ് മേഖലയിലെ കോര്‍പറേറ്റ് കൊള്ളയ്ക്ക് മുന്നില്‍ നിസ്സഹായരാവുന്ന മാധ്യമങ്ങളും പൊതുസമൂഹവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതിലുള്ള ഇളവുകളാണ് നല്‍കിവരുന്നത്.

വന്‍കിട കോര്‍പറേറ്റുകളുടെ നൂറുകോടി രൂപയ്ക്ക് മുകളില്‍ കിട്ടാക്കടമുള്ള 661 അക്കൗണ്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കമ്പനികളില്‍നിന്ന് 3.75 ലക്ഷം കോടി രൂപയാണ് പിടിച്ചെടുക്കാനുള്ളത്. എന്നാല്‍, കോര്‍പറേറ്റുകളുടെ ഒരുലക്ഷം കോടി രൂപയോളം വായ്പ എഴുതിത്തള്ളുകയാണ് കേന്ദ്രം ചെയ്തത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതിനെ വിമര്‍ശിച്ച റിസര്‍വ് ബാങ്ക് ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ നടത്തുന്ന തന്ത്രപരമായ കൊള്ളപോലും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ അപചയമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ അവയെല്ലാം സ്വകാര്യവല്‍ക്കരിക്കണമെന്നുമാണ് കോര്‍പറേറ്റുകള്‍ പ്രചരിപ്പിക്കുന്നത്. ബാങ്കിംഗ് കൊള്ള, പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രതിസന്ധികളുണ്ടായിട്ടും പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്നില്ല.

ജനങ്ങളെ സംഘടിപ്പിക്കുന്നതിലും ബോധവല്‍ക്കരിക്കുന്നതിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ടായ അപചയമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം. പ്രശ്നങ്ങളെ രാഷ്ട്രീയമായി വൈകാരികവല്‍ക്കരിക്കപ്പെടുന്നില്ല. അതുകൊണ്ട് സങ്കുചിത വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം ഇത്തരം ജനദ്രോഹനയങ്ങള്‍ക്കെതിരേ ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയാണ്. 150 ഓളം പേര്‍ ചേര്‍ന്ന് പിന്തുണച്ചിട്ടും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നില്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് പ്രഥമദൃഷ്ട്യയില്‍ത്തന്നെ നിരസിക്കുകയാണ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമായിരിക്കുന്നു.

ധനകാര്യ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജുഡീഷ്യറി, പാര്‍ലമെന്റ്, രാഷ്ട്രപതി ഓഫിസ്, പ്രധാനമന്ത്രിയുടെ ഓഫിസ് തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. യുപിയിലെ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ലോയ കേസിലെ സുപ്രിംകോടതിയുടെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തെളിവുകളുടെ അഭാവത്തില്‍ കോടതിക്ക് കേസ് തള്ളാവുന്നതാണ്. എന്നാല്‍, ഇനി ഒരു കോടതിയിലും ലോയ കേസില്‍ ഒരു ഹര്‍ജിയും സ്വീകരിക്കരുതെന്ന് പറയാന്‍ ജഡ്ജിമാര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. എസ്.ബി.ടി-എസ്.ബി.ഐ ബാങ്കളുടെ ലയനം മൂലം ഇടപാടുകാരും ജീവനക്കാരും വലിയ ദുരിതം അനുഭവിക്കുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സാധാരണക്കാരനോട് ചെയ്യുന്നത് തീ വെട്ടികൊള്ളയാണെന്നും അദേഹം പറഞ്ഞു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ, എ.കെ.ബി.ഇ.എഫ് ജനറല്‍ സെക്രട്ടറി സി.ഡി ജോസണ്‍,ചെയര്‍മാന്‍ പി.എസ് രവീന്ദ്രനാഥ് എസ്.രാധാക്യഷ്ണന്‍.കെ.എസ് ക്യഷണ തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക്എംപ്ലോയീസ് അസോസിയേഷന്റെ 29-ാം സമ്മേളനം മെയ് 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Read more topics: Kottayam, N. K. Premachandran, MP
English summary
Kottayam N. K. Premachandran MP
topbanner

More News from this section

Subscribe by Email