Sunday April 21st, 2019 - 10:20:pm
topbanner
topbanner

കൊല്ലം ഇനി രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ല; പ്രഖ്യാപനം നടത്തിയത് മന്ത്രി കെ. കെ. ശൈലജ

fasila
കൊല്ലം ഇനി രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷാ ജില്ല; പ്രഖ്യാപനം നടത്തിയത് മന്ത്രി കെ. കെ. ശൈലജ

കൊല്ലം: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഭക്ഷ്യസുരക്ഷാ ജില്ലയായി കൊല്ലം മാറിയത് അത്യപൂര്‍വ നേട്ടമാണെന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഭക്ഷ്യസുരക്ഷാ ജില്ല മാറിയ സാഹചര്യത്തില്‍ ഗുണനിലവാരം ഉറപ്പ് വരുത്താനാകാണം തുടര്‍ ശ്രമങ്ങള്‍. രജിസ്‌ട്രേഷനും ലൈസന്‍സും നേടിയ എല്ലാവരും വിശ്വാസ്യത നിലനിറുത്താനാണ് മുന്‍ഗണന നല്‍കേണ്ടത്.
ജില്ലാതലത്തില്‍ കരസ്ഥമാക്കിയ നേട്ടം ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി കുടുതല്‍ ഭക്ഷ്യസുരക്ഷാ ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 100 പഞ്ചായത്തുകളെ പുതുതായി തെരഞ്ഞെടുത്തു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നതിനായുള്ള ലാബുകള്‍ പുനരുദ്ധരിക്കും. മൂന്ന് മൊബൈല്‍ ലാബുകളും ഇതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വകുപ്പിന് പുതിയൊരു ഗവേഷണ കേന്ദ്രം കണ്ണൂരില്‍ തുടങ്ങുകയാണ്. മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ദ്രുതകര്‍മസേനയേയും നിയോഗിച്ചു. സ്‌കൂള്‍ കുട്ടികളിലേക്ക് ഭക്ഷ്യസുരക്ഷാ സന്ദേശമെത്തിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. മത്സ്യത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ഓപറേഷന്‍ സാഗരറാണി നിലവിലുണ്ട്. മത്സ്യവ്യാപാരികളെ ലൈസന്‍സിംഗിന് വിധേയമാക്കി വിഷാംശമുള്ള വസ്തുക്കള്‍ കലര്‍ത്തിയുള്ള വിപണനം തടയും. പച്ചക്കറിയിലെ രാസവസ്തുക്കളുടെ കലര്‍പ്പ് നിയന്ത്രിക്കാനും അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു. ആര്‍ദ്രം പദ്ധതി വഴി ആരോഗ്യരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാനായി. ചെലവ് കുറഞ്ഞ, ആധുനിക സംവിധാനങ്ങളുള്ള രോഗീസൗഹൃദ കേന്ദ്രങ്ങളായി പ്രാഥമികാരോഗ്യതലം മുതലുള്ള ആശുപത്രികള്‍ മാറ്റിയെടുക്കാനായി. ഈ സര്‍ക്കാര്‍ 4217 പുതിയ തസ്തികളാണ് സൃഷ്ടിച്ചത്.

പുനലൂര്‍ താലൂക്ക് ആശുപത്രി വികസനത്തിന് 67 കോടി രൂപ അനുവദിച്ചു. ജില്ലാ ആശുപത്രിക്ക് കാത്ത്‌ലാബും അനുവദിച്ചു. രണ്ടു വര്‍ഷത്തിനകം ഇവിടെ ഹൃദയ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷ. 44 താലൂക്ക് ആശുപത്രികള്‍ക്ക് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 482 തസ്തികകളാണ് നല്‍കിയത്. ദേശീയപാതയ്ക്ക് സമീപമുള്ള ആശുപത്രികളില്‍ ട്രോമാ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വൃദ്ധജന സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താനായി വൃദ്ധസദനങ്ങളുടേയും പകല്‍വീടുകളുടേയും എണ്ണം കൂട്ടുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു വാല്യം പുസ്തകം മന്ത്രി ചടങ്ങില്‍ പ്രകാശിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ ജില്ലായാക്കി മാറ്റാനുള്ള പ്രവര്‍ത്തന മികവിന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അജിത്ത് കുമാറിനും പ്രതേ്യക പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. മേഖലയുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫുഡ് സേഫ്റ്റി അംബാസഡര്‍ ബാഡ്ജുകളും മന്ത്രി നല്‍കി. എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം. ജി. രാജമാണിക്യം, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അജിത്ത് കുമാര്‍, ഭക്ഷ്യോത്പാദന വിതരണ സംരംഭക രംഗത്തെ സംഘടനാ നേതാക്കള്‍, വ്യാപരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Kollam is the country's first food security district
topbanner

More News from this section

Subscribe by Email