Saturday February 23rd, 2019 - 10:39:am
topbanner

കൊല്ലം തുറമുഖം: കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കും : മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

bincy
കൊല്ലം തുറമുഖം: കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കും : മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : യാത്രാ, ചരക്ക് കപ്പല്‍ സര്‍വീസിന്റെ പ്രധാന കേന്ദ്രമായി കൊല്ലം തുറമുഖത്തെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി ഷിപ്പിംഗ് മേഖലയിലെ വിദഗ്ധര്‍ കൂടിക്കാഴ്ച്ച നടത്തി. തുറമുഖത്ത് നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് മുന്‍ഗണന ലഭിച്ചത്. എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

ഏഴര മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലുകള്‍ക്കും 180 മീറ്റര്‍ നീളംവരെയുള്ള കപ്പലുകള്‍ക്കും അടുക്കാന്‍ കഴിയുന്ന കൊല്ലം തുറമുഖത്തിന് വലിയ സാധ്യതകളുണ്ടെന്ന് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനും വെയര്‍ ഹൗസിംഗിനും സൗകര്യവും സുരക്ഷയും ഒപ്പം സ്വതന്ത്രമായി ബര്‍ത്തും ലഭിക്കുന്നപക്ഷം ആദ്യഘട്ടത്തില്‍ ചരക്കു കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ കഴിയും. തുടര്‍ന്ന് മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസ ടൂറിസം പശ്ചാത്തലമുള്ള കൊല്ലത്തേക്ക് യാത്രാകപ്പലുകളും അയക്കാനാകും.

നിലവില്‍ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമാണ് കേരളത്തിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍. മിനിക്കോയ് ദ്വീപുകളോട് ഏറ്റവും അടുത്ത് കിടക്കുന്ന നഗരം എന്ന പ്രതേ്യകതയാണ് കൊല്ലത്തിനുള്ളതെന്ന് ലക്ഷദ്വീപ് സംഘം വിലയിരുത്തി. കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍, പ്ലാന്റ് ക്വാറന്റൈന്‍, കപ്പലുകളുടെ ആഗമനം സുഗമമാക്കുന്ന പൈലറ്റിംഗ് തുടങ്ങിയവയ്ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഷിപ്പിംഗ് കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇതോടൊപ്പം കൂടുതല്‍ ഷിപ്പിംഗ് കമ്പനികളെ ആകര്‍ഷിക്കുന്ന നിലയില്‍ പോര്‍ട്ട് ഫീസുകള്‍ ക്രമീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ക്ലിങ്കര്‍ സിമന്റ് പോലെയുള്ള ചരക്ക് കൈകാര്യം ചെയ്യുന്നതിന് പ്രതേ്യക പ്ലാന്റ് അഭികാമ്യമാണെന്നും വിദഗ്ധര്‍ അറിയിച്ചു. തോട്ടണ്ടി, മണല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ ചരക്ക് നീക്കത്തിന് കൊല്ലം തുറമുഖത്ത് സാധ്യതകള്‍ ഏറെയാണുള്ളത്. കോസ്റ്റല്‍ ഷിപ്പിംഗിന്റെ ഹബ്ബായി കൊല്ലത്തെ മാറ്റാന്‍ കഴിയുമെന്ന് കപ്പലുടമകളും ഷിപ്പിംഗ് ഏജന്റുമാരും പ്രത്യാശ പ്രകടിപ്പിച്ചു. കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഇതിനായി ഉന്നതതല ഉദേ്യാഗസ്ഥ സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കും. വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്ന നിര്‍ദേശങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന തുടര്‍ യോഗത്തില്‍ പരിഗണിക്കും. മത്സ്യബന്ധന യാനങ്ങളില്‍ താരതമേ്യന ചെലവ് കുറഞ്ഞ എല്‍.എന്‍.ജി പരീക്ഷിക്കുന്നതിനുള്ള പഠനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. വിഷയത്തില്‍ വിവിധ കമ്പനികളുമായി മത്സ്യഫെഡ് ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു. ഇത് സാധ്യമാകുന്നപക്ഷം ബാര്‍ജുകളില്‍ എല്‍.എന്‍.ജി കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

തോട്ടണ്ടി തുറമുഖത്ത് എത്തിക്കുന്നതിന് ബില്‍ ഓഫ് ലേഡിംഗ് രേഖകളില്‍ ഡിസ്ചാര്‍ജ്ജ് പോര്‍ട്ടായി കൊല്ലത്തെ രേഖപ്പെടുത്തുന്നതിന് ഷിപ്പിംഗ് ലൈനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യൂ, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത്, ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിധിന്‍ വത്സന്‍, ജനറല്‍ മാനേജര്‍ രാജീവ് രഞ്ജന്‍, മാരിടൈം ബോര്‍ഡംഗങ്ങളായ പ്രകാശ് അയ്യര്‍, അഡ്വ. മണിലാല്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എബ്രഹാം വി. കുര്യാക്കോസ്, വിവിധ ഷിപ്പിംഗ് കമ്പനി പ്രതിനിധികള്‍, ഷിപ്പിംഗ് സി ആന്റ് എഫ് ഏജന്റുമാര്‍, പോര്‍ട്ട്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Viral News

English summary
Kollam Port Steps to realizing ship service will begin soon minister j Mercykuttyamma
topbanner

More News from this section

Subscribe by Email