Sunday May 19th, 2019 - 8:11:pm
topbanner
topbanner

കണ്ണൂര്‍ മെഡ്‌സിറ്റിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മാണം : സി ബി ഐ അന്വേഷണം നടത്തണമെന്ന് സതീശന്‍ പാച്ചേനി : യൂത്ത് കോണ്‍ഗ്രസ് മെഡ്‌സിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

NewsDesk
കണ്ണൂര്‍ മെഡ്‌സിറ്റിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മാണം : സി ബി ഐ അന്വേഷണം നടത്തണമെന്ന് സതീശന്‍ പാച്ചേനി : യൂത്ത് കോണ്‍ഗ്രസ് മെഡ്‌സിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

കണ്ണൂര്‍: കണ്ണൂരിലെ മെഡ്‌സിറ്റി ഇന്റര്‍നാഷണലില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പുഴാതി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെട്ടിപ്പീടികയിലെ മെഡ്‌സിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തും വിദേശനാടുകളിലും ഒരു ജോലിക്ക് വേണ്ടി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് നല്‍കി അവരെ വഴിയാധാരമാക്കുകയാണ് മെഡിസിറ്റി ചെയ്തിരിക്കുന്നതെന്ന് പാച്ചേനി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിന്റെ വരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് മെഡിസിറ്റിക്കാര്‍ക്കെതിരെ പലയിടങ്ങളിലും പോലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട് വ്യക്തമാണ്. അവര്‍ ഇരകള്‍ക്കൊപ്പമല്ല. വേട്ടക്കാര്‍ക്കൊപ്പമാണെന്ന്.

സംസ്ഥാനത്ത് അഴിമതി രഹിത ഭരണം കാഴ്ചവെക്കുമെന്നാണ് സി പി എം നേതാക്കളും മുഖ്യമന്ത്രിയും ഉള്‍പ്പെടെ പറയുന്നത്. കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നതിന് ഒരാളെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. എം വി ജയരാജനെന്നാണ് പേര്. അഭ്യന്തരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.കണ്ണൂര്‍ മെഡിസിറ്റിയില്‍ നടക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തെ കുറിച്ച് സി പി എമ്മിന്റെ നേതാക്കള്‍ക്ക് അറിയാം. അവര്‍ രാഹുല്‍ ചക്രപാണിയുടെ വിവിധ പരിപാടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. അഴിമതിക്കാരന് സി പി എം കൂട്ട് നില്‍ക്കുകയാണ്-പാച്ചേനി പറഞ്ഞു.

ഗുരുതരമായ ഒരു ആരോപണം ഉയര്‍ന്നിട്ടും പോലീസ് വിഷയം ഗൗരവത്തിലെടുക്കാതെ അലംഭാവം കാണിക്കുകയും വിശദമായ അന്വേഷണം നടത്താന്‍ പോലും തയ്യാറാകാത്തത് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് ഇടത് മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ആ നയമാണ് അവര്‍ നടപ്പിലാക്കുന്നതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

പാര്‍ട്ടി പത്രം പറയുന്നത് മെഡ്‌സിറ്റി നല്ല നിലയില്‍ നടത്തുന്ന സ്ഥാപനമെന്നാണ്. ആ സ്ഥാപനം എങ്ങിനെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നത്. മെഡ്‌സിറ്റിയുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ മറ്റനവധി ആരോപണങ്ങളുമുണ്ടെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനൂപ് ബാലന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ഡി സി സി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്‍,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കല്ലിക്കോടന്‍ രാഗേഷ്, സി കെ വിനോദ്, പി എ ഹരി, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, ധനില്‍ ടി കെ. ജോഷ്വല്‍ കെ പി,സുമിത്ത്, സുജേഷ്, അജിത്ത് കൊറ്റാളി, ജിജു പള്ളിക്കുന്ന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

English summary
Kannur medcity fake certificate case cbi inquiry satheesan pacheni
topbanner

More News from this section

Subscribe by Email