Sunday April 21st, 2019 - 7:57:pm
topbanner
topbanner

ചിന്മയ മാനേജ്മെന്റ് കള്ള പ്രചരണം നടത്തുന്നു: അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ

fasila
ചിന്മയ മാനേജ്മെന്റ് കള്ള പ്രചരണം നടത്തുന്നു: അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ

കണ്ണൂർ: കൃത്യസമയത്ത് ജോലിക്കെത്തുന്നില്ലെന്നും അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിടാൻ തയ്യാറായില്ലെന്നും ലൈബ്രറി അധ്യാപികയെ പിരിച്ചുവിടാനുള്ള കാരണമായി ചിന്മയ മാനേജ്മെന്റ് പറയുന്നത് ശുദ്ധ കളവാണെന്ന് കേരള അൺ എയ്ഡഡ് ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം സ്ഥാപനത്തിലെ പഞ്ചിംഗ് രേഖകളും മറ്റും പരിശോധിച്ചാൽ വ്യക്തമാകും.

കണ്ണൂർ ചിന്മയ വിദ്യാലയ സീനിയർ ലൈബ്രേറിയൻ ആണ് പി.സീമ. 2009 ഒക്ടോബർ ഒന്നിനാണ് അവർ അവിടെ സ്ഥിരം ശമ്പള സ്കെയിലിൽ ജോലിയിൽ പ്രവേശിക്കുന്നത്. ആ സമയത്ത് അവിടെ ഒരു ലൈബ്രേറിയൻ കൂടി ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അവർ കരാറടിസ്ഥാനത്തിൽ കൺസോളിഡേറ്റഡ് വേതനാടിസ്ഥാനത്തിൽ ആയിരുന്നു. സർവീസ് നിയമപ്രകാരം സ്ഥിരം ശമ്പള സ്കെയിലിൽ ജോലിചെയ്യുന്നവരെയാണ് സീനിയറായി പരിഗണിക്കുക.

സ്ഥാപനത്തിലെ സർവീസ് ബുക്കും ശമ്പള രേഖകളും പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാവും. സിബിഎസ്ഇ നിർദേശാനുസരണം ഒരു തസ്തിക അധികമായി വന്നെന്നും അതിനാൽ ഒന്ന് നിർത്തേണ്ടിവന്നെന്നും മാനേജ്മെന്റ് പറയുന്നു. ഒരേ സ്കൂൾ ലൈബ്രറിയിൽ രണ്ട് ലൈബ്രേറിയൻ തസ്തിക അനുവദനീയമല്ലെന്ന വാദവും ശരിയല്ല. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ സിബിഎസ്ഇ നിയമപ്രകാരം എത്ര ലൈബ്രേറിയന്മാർ വേണമെന്നത് പരിശോധിക്കാവുന്നതേയുള്ളൂ.

മാനുഷിക പരിഗണന നൽകി ഓൺ ഡെപ്യൂട്ടേഷനിൽ നിലവിലെ വേതനം നിലനിർത്തി തളാപ്പ് ചിന്മയ മിഷൻ കോളജിൽ ലൈബ്രേറിയനായി നിയമമിച്ചു എന്ന് പറയുന്നു. നിലവിലെ വേതനം നിലനിർത്തിയെങ്കിൽ ചിന്മയ സ്കൂളിൽ അവർക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കോളേജിലും നൽകാൻ മാനേജ്മെന്റ് ബാധ്യസ്ഥരാണ്. എന്നാൽ കോളേജിൽ സീമയ്ക്ക് മാത്രമായി പ്രത്യേക അക്വിറ്റൻസ് റോൾ വെച്ചതിനെയാണ് യുണിയൻ ചോദ്യം ചെയ്തത്.

പാരലൽ കോളേജിലെ ഹാജർ പുസ്തകത്തിൽ സീമ കൃത്യമായി ഹാജർ രേഖപ്പെടുത്താറുണ്ട്. ശമ്പളം തരുമ്പോൾ ഒപ്പിടാനായി പ്രത്യേക പുസ്തകം സീമയ്ക്ക് മാത്രമായി തയ്യാറാക്കിയത് നിയമപരമായി അവരെ ചിന്മയ വിദ്യാലയ ജീവനക്കാരിയല്ല എന്ന് കാണിച്ച് നടപടിയെടുക്കാനായിരുന്നു എന്ന് പിരിച്ചുവിടലോടെ വ്യക്തമായിരിക്കയാണ്. ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മാത്രമായിരുന്നു ഡെപ്യൂട്ടേഷൻ എന്നാണ് പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നത്.

എന്നാൻ എല്ലാ ആനുകൂല്യങ്ങളോടെയും മാറ്റിയെന്നാണ് അന്നത്തെ ഉത്തരവിലുള്ളത്. ഇതുവരെ സീമയ്ക്ക് വെക്കേഷൻ കാലത്ത് ശമ്പളം നൽകിയിരുന്നതാണ്. ചിന്മയ വിദ്യാലയത്തിലുളള എല്ലാ ആനുകൂല്യവും നൽകി കോളേജിൽ അയച്ചുവെന്ന് പറയുന്ന മാനേജ്മെന്റ് വെക്കേഷൻ ശമ്പളം നിഷേധിച്ചു. ഇത്തരത്തിൽ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ കടുത്ത മനുഷ്യാവകാശ ലംഘനവും മാനസിക പീഡനവും ആണ് ചിന്മയ മാനേജ്മെന്റ് ഇവർക്കെതിരെ നടത്തിക്കൊണ്ടിരുന്നത്.

പ്രതികരിക്കുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും മുന്നോട്ടുപോവുകയാണ് മാനേജ്മെന്റ്. ഗാർഹിക അന്വേഷണം എന്ന പേരിൽ നിരവധി തവണ സിറ്റിംഗ് നടത്തി മാനേജ്മെന്റ് സീമയെ മാനസികമായി പീഡിപ്പിച്ചു. പ്രസ്തുത അന്വേഷണത്തിൽ ഹാജരാവാൻ സീമയ്ക്ക് വക്കീൽ ഇല്ലായിരുന്നു. മണിക്കൂറുകളോളം നീളുന്ന വിസ്താരത്തിൽ അവരെ മാനസികമായി തളർത്തുകയായിരുന്നു.

അതേസമയം മാനേജ്മെന്റ് പ്രതിനിധികളായ കെ കെ രാജൻ, സുഗീത എന്നിവരുൾപ്പെടെയുള്ള വരെ വിസ്തരിക്കാനോ സീമയുടെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനോ ആവില്ലെന്ന് കമ്മീഷൻ രേഖാമൂലം അറിയിച്ചു. അങ്ങിനെയെങ്കിൽ ഏകപക്ഷീയമായ ഈ അന്വേഷണത്തോട് സഹകരിക്കാനാവില്ല എന്ന് സീമ മറുപടി നൽകുകയാണുണ്ടായത്.

ലൈബ്രറി സയൻസിൽ എംഫിൽ ബിരുദധാരിയായ പി.സീമ പി ജി ടി സ്കെയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനുശേഷമാണ് ചാലയിൽ നിന്ന് എന്നെ കണ്ണൂർ ചിന്മയ ബാല ഭവനിലേക്ക് മാറ്റിയത്. കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആയതിനുശേഷം അവർക്കെതിരെയുള്ള പ്രതികാര നടപടികൾക്ക് ശക്തികൂടി.

പിരിച്ചുവിടലിന് മുന്നോടിയായി ഒരു മാസം മുമ്പ് നോട്ടീസ് നൽകിയെന്ന കളവും മാനേജ്മെന്റ് പറയുകയാണ്. തന്നെ അപമാനിച്ച സെക്രട്ടറിക്കെതിരെ കേസ് കൊടുത്തതിന് പ്രതികാരമായാണ് സീമയെ പിരിച്ചുവിടതെന്ന കാര്യം വ്യക്തമാണെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി. സുമേഷും സെക്രട്ടറി ടി. വേണുവും പ്രസ്താവനയിൽ പറഞ്ഞു.

Read more topics: kannur, chinmaya mission, teacher,
English summary
Kannur Chinmaya management conducting false propaganda
topbanner

More News from this section

Subscribe by Email