Saturday September 22nd, 2018 - 5:04:pm
topbanner

തൊഴില്‍ തര്‍ക്കം: ചേറ്റുവ ഹാര്‍ബര്‍ പ്രവര്‍ത്തനം സ്തംഭിച്ചു

fasila
തൊഴില്‍ തര്‍ക്കം: ചേറ്റുവ ഹാര്‍ബര്‍ പ്രവര്‍ത്തനം സ്തംഭിച്ചു

തൃശൂര്‍: കയറ്റിറക്ക് മത്സ്യ തൊഴിലാളികള്‍ തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് ചേറ്റുവ തുറമുഖത്തിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി. രണ്ടുദിവസം മുമ്പ് കയറ്റിറക്ക് തൊഴിലാളികള്‍ മത്സ്യം ഇറക്കാന്‍ തയ്യാറാകാതിരുന്നതും തിങ്കളാഴ്ച മത്സ്യ ബന്ധന യാനങ്ങള്‍ കടലിലിറക്കാതിരുന്നതുമാണ് ഹാര്‍ബര്‍ സ്തംഭനാവസ്ഥയിലാക്കിയത്.

ചൂരക്കണ്ണി മത്സ്യം ധാരാളം ലഭിച്ച കഴിഞ്ഞ ഞായറാഴ്ച വൈകിയെത്തിയ വള്ളങ്ങളില്‍നിന്ന് മത്സ്യം ഇറക്കാന്‍ കയറ്റിറക്ക് തൊഴിലാളികള്‍ തയ്യാറായില്ല. ജോലിചെയ്ത് തളര്‍ന്നുവെന്നും ചൂരക്കണ്ണിയുടെ അസിഡിറ്റി മൂലം ത്വക്കിന് അസുഖങ്ങള്‍ ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടിയാണ് കയറ്റിറക്ക് തൊഴിലാളികള്‍ വിട്ടുനിന്നത്. ഇതേത്തുടര്‍ന്ന് ഏറെനേരം ഹാര്‍ബറില്‍ വള്ളങ്ങള്‍ കിടക്കേണ്ടിവന്നു.

തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ തന്നെ വള്ളങ്ങളില്‍നിന്ന് അവ ഇറക്കി ലേലഹാളിലേക്ക് എത്തിക്കേണ്ടി വന്നു. വൈകിയതിനാല്‍ കുറെ മത്സ്യം കേടുവരുകയും ചെയ്തു. തിങ്കളാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ വള്ളങ്ങള്‍ കടലിലിറക്കിയില്ല. ഇന്നലെ കയറ്റിറക്ക് തൊഴിലാളികള്‍ എത്തിയെങ്കിലും മത്സ്യ തൊഴിലാളികള്‍ യാനങ്ങള്‍ കടലിലിറക്കിയില്ല.

എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തില്‍ കയറ്റിറക്ക് തൊഴിലാളി യൂണിയനുകളും തരകന്മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത യോഗം ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇന്നുമുതല്‍ ഏത് മത്സ്യവും കയറ്റിറക്ക് നടത്താനും അതിനു കഴിയാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും കൂടി ആലോചിക്കണമെന്നും തീരുമാനിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും തരകന്മാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമേ ഹാര്‍ബര്‍ സാധാരണ നിലയിലേക്ക് വരികയുള്ളൂവെന്നാണ് സൂചന.

Read more topics: thrissur, chettuva harbour, work
English summary
Job dispute: chettuva harbour work
topbanner

More News from this section

Subscribe by Email