Wednesday June 19th, 2019 - 10:36:pm
topbanner
topbanner

തൃശൂരിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ അനധികൃത പാല്‍സംഭരണകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടപ്പിച്ചു

Anusha Aroli
തൃശൂരിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ അനധികൃത പാല്‍സംഭരണകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടപ്പിച്ചു

തൃശൂര്‍: പാലിയേക്കര മണലിയില്‍ അനധികൃത പാല്‍സംഭരണകേന്ദ്രം കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെന്മണിക്കര പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാല്‍ സംഭരണകേന്ദ്രം കണ്ടെത്തിയത്.

പുലക്കാട്ടുകര റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ അനധികൃതമായി നിര്‍മിച്ച ഷെഡ്ഡിലാണ് പാല്‍സംഭരണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും ചെറുകിട പാല്‍സംഭരണകേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന പാല്‍ ഇവിടെയെത്തിച്ച് മറ്റ് പാത്രങ്ങളിലാക്കി ശീതീകരിച്ച വാഹനത്തില്‍ കൊണ്ടുപോകുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പാല്‍ പകര്‍ത്തി കൈമാറ്റം നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.

500 ലിറ്ററിന്റെ ഒഴിഞ്ഞ വീപ്പകളും പാല്‍ സംഭരണപാത്രങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. പ്രമുഖ പാല്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ കെ.എസ്.ഇ. ഡയറി ലിമിറ്റഡിന്റെ കോനിക്കരയിലുള്ള ഫാക്ടറിയിലേക്ക് കൊണ്ടുവന്ന പാലാണ് മണലിയില്‍വച്ച് തിരിമറി നടത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കെ.എസ്.ഇ. പാല്‍ സംഭരിച്ച ബില്ലുകളും രേഖകളും പേരെഴുതിയ പാത്രങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ഇതേ തുടര്‍ന്ന് കെ.എസ്.ഇ. ഡയറി ലിമിറ്റഡിനെതിരേയും സ്ഥലം ഉടമയായ തൃക്കൂര്‍ സ്വദേശി ദേവനെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നെന്മണിക്കര പഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡിന്റെ ശുചിമുറിയുടെ മുമ്പിലാണ് പാല്‍ പകര്‍ത്തി വാഹനങ്ങളില്‍ കയറ്റിയിരുന്നത്.

പായ്ക്കറ്റുകളിലാക്കിയ പാല്‍ പ്ലാസ്റ്റിക് കവറിലാക്കി ഇവിടെ വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. റോഡില്‍ വാഹനം നിര്‍ത്തി പാല്‍പ്പാത്രങ്ങള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതും അധികൃതര്‍ കണ്ടെത്തി. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വൃത്തിഹീനമായ സ്ഥലത്ത് പാല്‍ സംഭരിക്കുന്നതും പകര്‍ത്തി കൊണ്ടുപോയതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം.

English summary
Health Inspector, who illegally found in unhygienic conditions in Thrissur
topbanner

More News from this section

Subscribe by Email