Saturday April 20th, 2019 - 2:06:am
topbanner
topbanner

ഐ.എ.വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും: മന്ത്രി കെ. രാജു

fasila
ഐ.എ.വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും: മന്ത്രി കെ. രാജു

കോട്ടയം: ജില്ലയിലെ എല്ലാ ഐ.എ.വൈ കാര്‍ഡുടമകള്‍ക്കും ഓണകിറ്റ് സൗജന്യമായി നല്‍കുമെന്ന് വനം-മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയും പഞ്ചാസാരയും അടക്കം അഞ്ച് സാധനങ്ങള്‍ കിറ്റിലുള്‍പ്പെടുത്തും. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കിറ്റ് സൗജന്യമായി നല്‍കും.മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അരി ഉള്‍പ്പെടെയുള്ള കൂടുതലായി റേഷന്‍ കടകള്‍, സിവില്‍ സപ്ലെസ് ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഖാദി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 50,000 രൂപയുടെ തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ പണം അടച്ച് നല്‍കുന്നതിനുള്ള സൗകര്യം ഓണക്കാലത്ത് ക്രമീകരിച്ചിട്ടുണ്ട്.

പലിശ ഇല്ലാതെ നല്‍കുന്ന ഈ സഹായം ജില്ലയിലെ ജീവനക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും ഖാദി ഉത്പന്നങ്ങളുടെ മൂന്ന് കോടി രൂപയുടെ വില്‍പ്പന എന്ന സര്‍ക്കാര്‍ ലക്ഷ്യം സാധ്യമാക്കുന്നതിന് പൊതുജനങ്ങളും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ആദ്യ വില്പനയും കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന സമ്മാന കൂപ്പണ്‍ വിതരണവും ഉദ്ഘാടനവും ചെയ്യ്തു.

ഖാദി ബോര്‍ഡ് അംഗം ടി.എല്‍. മാണി എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ എം. സുരേഷ് ബാബു സ്വാഗതവും പ്രോജക്ട് ഓഫീസര്‍ കെ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. കൈത്തറിയില്‍ തയ്യാറാക്കിയ ഏറ്റവും പുതിയ പയ്യന്നൂര്‍പട്ട്, ചിതലിപട്ട്, അനന്തപുരി സില്‍ക്ക്, സാമുദ്രികപട്ട്, ജംധാനിസില്‍ക്, ജൂട്ട് സില്‍ക് ടെസ്സര്‍ സില്‍ക്, കാന്താ വര്‍ക്ക്, നംചുരി സില്‍ക്ക് തുടങ്ങിയ പട്ടുസാരികളുടെ വന്‍ശേഖരം മേളയില്‍ ഉണ്ട്.

മനോഹരമായ ഖാദി കോട്ടണ്‍ സാരികള്‍,ആകര്‍ഷകമായ ഡിസൈനുകളിലുള്ള മനില, മസ്ലിന്‍, ഉപഹാര്‍ തുടങ്ങിയ വിവിധയിനം ഷര്‍ട്ട് പീസുകള്‍, സില്‍ക്ക് ചുരിദാര്‍ മെറ്റീരിയല്‍സ്, ഖാദി മുണ്ടുകള്‍, ബഡ്ഷീറ്റുകള്‍, റെഡിമെയ്ഡ് ഖാദി ഷര്‍ട്ടുകള്‍ തുടങ്ങിയവയും മേളയില്‍ വാങ്ങാനാകും. യഥാര്‍ത്ഥ പഞ്ഞിയില്‍ നിര്‍മ്മിച്ച മെത്തകള്‍, തലയിണകള്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, ശുദ്ധമായ അഗ്മാര്‍ക്ക് തേന്‍, ചന്ദനതൈലം, പുല്‍ത്തൈലം, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും മേളയില്‍ വില്‍പ്പനയ്ക്കായുണ്ട്. 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചിട്ടുള്ള മേള ആഗസ്റ്റ് 24 ന് അവസാനിക്കും.

Read more topics: kottayam, minister, K. Raju
English summary
IAY will give free onam kit to the cardholders: minister K. Raju
topbanner

More News from this section

Subscribe by Email