Thursday March 21st, 2019 - 1:30:am
topbanner
topbanner

ശബരിമല സ്ത്രീ പ്രവേശനം : പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഹിന്ദുനേതൃസമ്മേളനം

princy
ശബരിമല സ്ത്രീ പ്രവേശനം :  പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഹിന്ദുനേതൃസമ്മേളനം

കോട്ടയം:ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ഹിന്ദുനേതൃസമ്മേളനം തീരുമാനിച്ചു. ശബരിമല കര്‍മ്മസമിതി വിപുലീകരിക്കുവാനും ക്ഷേത്രതലങ്ങളില്‍ പ്രതിഷേധ നാമജപ യജ്ഞങ്ങള്‍ സംഘടിപ്പിക്കുവാനും സമ്മേളനത്തില്‍ തീരുമാനമായി.

ആചാരങ്ങള്‍ ലംഘിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുത്താല്‍ ഹൈന്ദവ ജനരോക്ഷത്തിന്റെ ശക്തി സര്‍ക്കാര്‍ അറിയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു സമ്മേളനത്തിന് ശേഷം പറഞ്ഞു.17ന് എരുമേലിയിലും നിലയ്ക്കലിലും വനിതകളുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തുവാനും തീരുമാനിച്ചു. ഉപവാസ സമരത്തിന് ശബരിമല കര്‍മ്മസമിതി നേതൃത്വം നല്‍കും. കാസര്‍കോട് മുതല്‍ കോട്ടയം വരെയുള്ള ഭക്തജനങ്ങള്‍ എരുമേലിയിലും പത്തനംതിട്ട മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ നിലയ്ക്കലിലും പ്രതിഷേധ ഉപവാസം നടത്തും. നിലയ്ക്കലില്‍ ശബരിമല കര്‍മ്മസമിതി പര്‍ണ്ണശാല കെട്ടി ഉപവാസം നടത്തും.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് അയ്യപ്പനാമജപയജ്ഞം സംഘടിപ്പിക്കും. ഗുരുസ്വാമിമാര്‍ അയ്യപ്പധര്‍മ്മ പ്രചാരകരായി ഗ്രാമതലങ്ങളില്‍ യാത്ര നടത്തും. മര്‍ഗ്ഗദര്‍ശക മണ്ഡലം സന്യാസി സംഗമം വിളിച്ചുചേര്‍ത്ത് ധാര്‍മ്മിക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ജില്ല, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ കര്‍മ്മസമിതിയുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. അയ്യപ്പ സേവാസമാജവും ക്ഷേത്രസംരക്ഷണ സമിതിയും പുന:പരിശോധനാ ഹര്‍ജി നല്‍കും. ക്ഷേത്രവിരുദ്ധവും സാംസ്‌കാരിക വിരുദ്ധവും രാജ്യവിരുദ്ധവുമായ മൂന്ന് കോടതി വിധികള്‍ ജനങ്ങളിലെത്തിക്കാന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ദേവസ്വം കമ്മീഷണര്‍ നിയമനത്തില്‍ ഭേദഗതിവരുത്തിയ സര്‍ക്കാര്‍ തീരുമാനം ഹിന്ദുവിരുദ്ധമാണ്.

സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയിലൂടെ അഹിന്ദുക്കള്‍ക്കും കമ്മീഷണറാകാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചപ്പോള്‍ മലബാറില്‍ തല്‍പരകക്ഷികളെ നിലനിര്‍ത്താന്‍ നിയമഭേദഗതി നടത്തിയതും പ്രതിഷേധാര്‍ഹമാണ്. സ്വയംഭരണാവകാശമുള്ള ദേവസ്വം ബോര്‍ഡിനെ സര്‍ക്കാരിന്റെ പിടിയിലാക്കാനുള്ള നീക്കവും നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് അമിത ചാര്‍ജ്ജ് ഇടാക്കുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.കോടതി വിധിയിലൂടെ ക്ഷേത്രം പൊതുസ്വത്താണെന്ന തീരുമാനം നടപ്പാക്കിയതില്‍ യോഗം പ്രതിഷേധിച്ചു. 37 സമുദായ സംഘടനാ നേതാക്കളും 10 സന്യാസിവര്യന്മാരും, എട്ട് മഹിളാ സംഘടനാ പ്രതിനിധികളും ശബരിമല കര്‍മ്മസമിതി കോട്ടയം തിരുനക്കര സ്വാമിയാര്‍ മഠത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപപ്രകാശനം നടത്തി. മര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദസരസ്വതി അദ്ധ്യക്ഷനായി. ശബരിമല കര്‍മ്മ സമിതി മുഖ്യസംയോജകന്‍ എസ്ജെആര്‍ കുമാര്‍, ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ശബരിമല അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Viral News

Read more topics: sabarimala, issue
English summary
Hindu religious conference were decided to create great protest against women access in sabarimala
topbanner

More News from this section

Subscribe by Email