Thursday September 20th, 2018 - 2:13:am
topbanner
Breaking News

ഈ മേളയിലുണ്ട് നാടന്‍ കിളിക്കൂട് മുതൽ ഫാഷന്‍ വസ്ത്രശ്രേണി വരെ

Mithun muyyam
ഈ മേളയിലുണ്ട് നാടന്‍ കിളിക്കൂട് മുതൽ ഫാഷന്‍ വസ്ത്രശ്രേണി വരെ

ആലപ്പുഴ: രവി കരുണാകരന്‍ റോട്ടറി ഹാളില്‍ ആരംഭിച്ച ഇന്നര്‍വ്വീല്‍ കുടുംബശ്രീ മേള ജനത്തിരക്കുകൊണ്ട് ശ്രദ്ധേയമാകുന്നു. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റില്‍ നിന്നുള്ള ഉത്പ്പന്നങ്ങളാണ് പ്രദര്‍ശന വിപണന മേളയില്‍ എത്തിച്ചിരിക്കുന്നത്.

പന്ത്രണ്ട് കുടുംബശ്രീ യൂണിറ്റുകളാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. മേള നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ഏഴര വരെയാണ് പ്രവേശനം. കുടുംബശ്രീ ബഡ്‌സ്, ബി.ആര്‍.സി., സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് കരകൗശല വസ്തുക്കളും ഇവിടുണ്ട് . ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന പാവകള്‍, ടെഡ്ഡി ബെയറുകള്‍, ഉപയോഗ ശൂന്യമായ പോള കൊണ്ട് നിര്‍മ്മിച്ച പാവകള്‍, കമ്മല്‍, ഹെയര്‍ബാന്‍ഡ്, പത്രപേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച വാള്‍ ഹാന്‍ഗറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാണ്.

ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തി ച്ചി രിക്കുകായാണ് മേളയില്‍. ഗ്രീന്‍ എര്‍ത്ത് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ പേപ്പര്‍ ബാഗ്, ക്ലോത്ത് ബാഗ്, ചുരിദാര്‍, നൈറ്റി, പലാസോ എന്നിവയുടെ വിപുലമായ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. അഞ്ചു രൂപ മുതല്‍ വില വരുന്ന പേപ്പര്‍ ബാഗുകളും 100രൂപ മുതല്‍ വില വരുന്ന ചുരിദാര്‍ ഉള്‍പ്പടെയുള്ള തുണിത്തരങ്ങളും ഇവര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബശ്രീയുടെ കീഴില്‍ ഈ യൂണിറ്റ് മികവുറ്റ രീതിയില്‍ പ്രവര്‍ത്തിച്ചപ വരുന്നു. ഫരീഷ്മ, സഫിയ, ലിബി, സൈന, ഷാലു എന്നിവരടങ്ങുന്നതാണ് ഗ്രീന്‍ എര്‍ത്ത് യൂണിറ്റ്. ശവക്കോട്ടപ്പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ബുട്ടീഖ് ആന്റ് ഗാര്‍മെന്റ്‌സിന്റെ സ്റ്റാളില്‍ സാരി, ചുരിദാര്‍, നൈറ്റി, ടീ-ഷര്‍ട്ട്, മുണ്ട് എന്നിവയുടെ വിപുലമായ ശേഖരം തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

100രൂപ മുതല്‍ വിലയുള്ള വസ്ത്രങ്ങള്‍ ഇവരുടെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൂര്‍ണ്ണമായും ചകിരിയും ചെരട്ടയും മാത്രം ഉപയോഗിച്ച നിര്‍മ്മിച്ച ചെടിച്ചട്ടികള്‍, കിളിക്കൂടുകള്‍, ചെരട്ടപ്പുട്ടുകുറ്റികള്‍ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നത് കേര ഹാന്റിക്രാഫ്റ്റ്‌സ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ്. സുബൈദ, ജംന എന്നിവര്‍ ചേര്‍ന്നാണിവ നിര്‍മ്മിച്ചിരിക്കുന്നത്.
മേളയുടെ പ്രധാന ആകര്‍ഷണമായ ചക്ക കൊണ്ടുള്ള ഒരു ലോകം തന്നെ ഇവിടെ എത്തിച്ചിരിക്കുകയാണ് ജാക്ക് വേള്‍ഡ് കുടുംബശ്രീ യൂണിറ്റിലെ ജ്യോതി, ബിന്‍സി, സോഫി എന്നിവര്‍. ചക്ക സ്വാഷ്, ചക്ക ഹല്‍വ, ചക്ക ജാം, ചക്ക ബിസ്‌കറ്റ്, ചക്ക് കേക്ക്, ചക്കകുരു ചെമ്മീന്‍ അച്ചാര്‍, ചക്കകുരു ചെമ്മീന്‍ ചമ്മന്തി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ പറുദീസയാണി സ്റ്റാള്‍. വളരെ കുറഞ്ഞ നിരക്കില്‍ തന്നെ ഈ വിഭവങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു എന്നതാണിവിടുത്തെ പ്രധാന ആകര്‍ഷണം. 40രൂപ മുതല്‍ ഈ വിഭവങ്ങള്‍ ഇവിടെ വിപണനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. സക്കരിയ്യാ ബസാര്‍ അനുഗ്രഹ കുടുംബശ്രീ യൂണിറ്റിന്റെ കോഴിയടയും ചാത്തനാട് കൃഷ്ണ കുടുംബശ്രീ യൂണിറ്റ് ഉല്‍പാദിപ്പിച്ചിരിക്കുന്ന 25 വിവിധ തരത്തിലുള്ള അച്ചാറുകളും മേളയിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.


ആലപ്പുഴ വടക്കു സി.ഡി.എസിലെ മുംതാസ് ഓര്‍ക്കിഡ്‌സിന്റെ നേതൃത്വത്തില്‍ വിപുലമായ ചെടികളുടേയും പൂക്കളുടേയും ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു പൂന്തോട്ടം തന്നെ നിര്‍മ്മിക്കാനുതകുന്ന വിവിധ തരത്തിലുള്ള ചെടികളാണ് മേളയില്‍ ഇവര്‍ വിപണനത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിവിധ തരത്തലുള്ള ഓര്‍ക്കിഡ് ചെടികള്‍, റോസാ ചെടികള്‍, ഹോയ ചെടി, കിഡ്‌നി പ്ലാന്റ്, ഹാന്‍ഗിംഗ് പ്ലാന്റ്, ലിപസ്റ്റിക് പോട്ട് എന്നിങ്ങനെ പോകുന്നു ഇവരുടെ സ്റ്റാളിലെ ചെടികളുടെ ശേഖരം. 6 പേരടങ്ങുന്ന യൂണിറ്റാണീ സ്റ്റാളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുംതാസ്, ആന്‍സി ജെ. ജോര്‍ജ്, റുക്കി രാജാ, ലൈലാ ഷാജി, നിഷാ ഗഫൂര്‍, ത്രേസിയാമ്മ എന്നിവരാണീ യൂണിറ്റിലെ അംഗങ്ങള്‍.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസിഗ് യൂണിറ്റായി പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ ഇതിനകം തന്നെ വിവിധ മേളകളിലും മറ്റും പങ്കെടുത്ത് ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വീട്ടില്‍ ഒരു പൂന്തോട്ടം എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് എന്തുകോണ്ടും അനുയാജ്യമായ തരത്തിലാണിവര്‍ തങ്ങളുടെ സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വിലയില്‍ വിവിധയിനത്തിലുള്ള ചെടികള്‍ വിപണിയിലേക്കൊരുക്കിയിരിക്കുന്നു എന്നത് ഇവരെ വ്യത്യസ്ഥരാക്കുന്നു. ചെടികള്‍ കൂടാതെ വിവിധ അലങ്കാര ആഭരണങ്ങളും ഇവര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റോണ്‍, ത്രെഡ്, ബീഡ്‌സ്, ക്ലേ, മെറ്റല്‍ എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന മാലകള്‍, വളകള്‍, കമ്മലുകള്‍, ടെറാക്കോട്ട ജിമുക്കി എന്നിവയുടെ വിപുലമായ ശേഖരവും ഇവര്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

16നു ആരംഭിച്ച പ്രദര്‍ശന വിപണന മേളയുടെ ആദ്യ വില്‍പന കുസും പാലിച്ച നിര്‍വഹിച്ചു. ഇന്നര്‍ വീല്‍ ക്ലബ് പ്രസഡന്റ് ഡോ. പത്മജ നമ്പൂതിരി, സെക്രട്ടറി ഷീല സാജന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സാഹില്‍ ഫെയ്‌സി റാവുത്തര്‍, റിന്‍സ് സുരേഷ്, അന്ന ടീനു ടോം, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ജിസ്‌ന അഷ്‌റഫ്, എ.ഇ.സി. അല്‍ഫോണ്‍സ, സിസിലി ആന്റണി, വിജയലക്ഷ്മി നായര്‍, സബിത ഷിബു, പ്രിയാ ടോം, റോസി ജോണ്‍, മൈഥിലി വേണുഗോപാല്‍, ജെസ്സി സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു. മേള 17നു സമാപിക്കും.

 

 

Read more topics: fair, alappuzha, cage, fashion,
English summary
From the local cage to fashion dreeses at this fair
topbanner

More News from this section

Subscribe by Email