തളിപ്പറമ്പ്: നെല്‍വയലുകള്‍ നശിപ്പിച്ച് ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ നടന്നുവരുന്ന കര്‍ഷകസമരത്തെ പരാജയപ്പെടുത്താന്‍ പോലീസും സിപിഎമ്മും നടത്തിയ അതിക്രമത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ അപലപിച്ചു. ഭരണമുള്ളിടത്ത് വേട്ടക്കാര്‍ക്കൊപ്പവും ഭരണമില്ലാത്തിടത്ത് ഇരകള്‍ക്കൊപ്പവും എന്ന സിപിഎം കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മഹാരാഷ്ട്രയിലെ ഐതിഹാസികമായ ലോങ്ങ് മാര്‍ച്ചിലൂടെ കര്ഷകതിലും ആദിവാസികളിലും പ്രതീക്ഷകളുയര്‍ത്തിയ അതേ പാര്‍ട്ടിയുടെ കേരള നേതൃത്വം കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിക്കുകയും കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ബലംപ്രയോഗിച്ച് ഏറ്റെടുക്കുകയും ചെയ്തിരിക്കയാണ്. സിംഗൂരിലേയും നന്ദിഗ്രാമിലേയും അനുഭവങ്ങളില്‍ നിന്ന് പാര്‍ട്ടി പാഠങ്ങള്‍ പഠിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരളം കടുത്ത ചൂടും കുടിവെള്ള ക്ഷാമവും നേരിടുമ്പോള്‍ പ്രാദേശിക പാരിസ്ഥിതിക ഘടനയേയും കാലാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ഭൂമിയുടെ ഘടന മാറ്റിമറിക്കുന്ന വികസന പ്രവര്‍ത്തനങ്ങളേയാണ് കീഴാറ്റൂരിലെ കര്‍ഷകര്‍ എതിര്‍ക്കുന്നത്. ഉന്നതമായ പാരിസ്ഥിതിക ബോധമാണ് കീഴാറ്റൂരിലെ വയല്‍കിളികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പാടശേഖരങ്ങള്‍ നശിച്ചാല്‍ ഒരേസമയം ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും നഷ്ടമാകുമെന്നും ഗ്രാമം വരള്‍ച്ചയുടെ പിടിയിലാകുമെന്നും അവര്‍ ചുണ്ടിക്കാണിക്കുന്നു.
പക്ഷെ മുതലാളിത്ത വികസന രീതികള്‍ക്കപ്പുറം ബദല്‍ ചിന്തകളൊന്നുമില്ലാത്ത ദുരഭിമാനികളായ സിപിഎം നേതൃത്വം സ്വന്തം അണികളായ ഗ്രാമീണ ജനതയെ അടിച്ചൊതുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. വിയോജിക്കാനും സമരം ചെയ്യാനുമുള്ള ജനങ്ങളുടെ അവകാശത്തെ പോലീസിനെ ഉപയോഗിച്ചും സമരപ്പന്തല്‍ കത്തിച്ചും നേരിടുന്ന ഈ ജമാധിപത്യ വിരുദ്ധതകള്‍ക്കെതിരെ കേരളം പ്രതിഷേധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പ്രസ്താവനയില്‍ മേധപട്കര്, ഡോ.സുനില്‍(അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ സമിതി), എം.ജി.എസ്.നാരായണന്, സിനിമാതാരങ്ങളായ ശ്രീനിവാസന്, ജോയ് മാത്യു, എഴുത്തുകാരി സാറാജോസഫ്, എം.എന്‍.കാരശേരി, സിവിക് ചന്ദ്രന്, എം.ഗീതാനന്ദന്, പുരുഷന് ഏലൂര്‍, റഫീക്ക് അഹമ്മദ്, കല്‍പ്പറ്റ നാരായണന്, യു.കെ.കുമാരന്, സി.ആര്.പരമേശ്വരന്, വി.ടി.ജയദേവന്, എം.എ.റഹ്മാന്, കെ.വേണു, ഡോ.ടി.വി.സജീവ് (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, എ.ശ്രീധരന്(പരിസ്ഥിതി ഏകോപന സമിതി), ഡോ.എസ്.ഉഷ(തണല്‍), സജീവന് അന്തിക്കാട്, ഐ.ഗോപിനാഥ്, പ്രഫ.കുസുമം ജോസഫ്, വിളയോടി വേണുഗോപാല്‍, സണ്ണി പൈകട, ലിയോജോസ്, ജോര്‍ജ് ജേക്കബ്, വിനേദേകോശി, വിജയരാഘവന് ചേലിയ(സോഷ്യലിസ്റ്റ് ഐക്യവേദി), ഇ.കെ.സ്രീനിവാസന്, രമേഷ്ബാബു(പ്രകൃതി സംരക്ഷണ സമിതി), ടി.വി.രാജന്(കേരള നദി സംക്ഷണ സമിതി), മഗ് ലിന് പീറ്റര്‍. എന്നിവരാണ് ഒപ്പുവെച്ചിരിക്കുന്നത്.