കണ്ണൂർ : പരിയാരം ഗ്രാമത്തില്‍ പൗരാണിക രീതിയില്‍ നടത്തി വരുന്ന വൃക്ഷായുര്‍വ്വേദ കൃഷി രീതിയെക്കുറിച്ചറിയാന്‍ ലോക കാര്‍ഷിക രംഗത്തെ അതികായനെത്തി. ഏഷ്യന്‍ ആഗ്രോ ഹിസ്റ്ററി ഫൗണ്ടേഷന് ചെയര്മാന് ഡോ. എസ്.എല്‍ ചൗധരിയാണ് പരിയാരം സ്കൂളിന് സമീപത്തെ വയലില്‍ പരിയാരം ഗ്രാമിക സ്വാശ്രയ സംഘം നടത്തുന്ന പച്ചക്കറി കൃഷി കാണാന്‍ എത്തിയത്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് താളിയോല ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വച്ച രീതി ഇന്നത്തെ സാഹചര്യത്തില്‍ ആധുനിക കൃഷി രീതിയുമായി കൂട്ടിയോജിപ്പിച്ചാണ് ഗ്രാമിക പ്രവര്‍ത്തകര്‍ കൃഷി ചെയ്തത്. ഒന്നര ഏക്കര്‍ സ്ഥലത്ത് ഗ്രാമിക നടത്തിയ വൃക്ഷ ജൈവ പച്ചക്കറി കൃഷിയില്‍ വെള്ളരി, പയര്‍, വെണ്ട, വഴുതിന, മത്തന്‍, കുമ്പളം, മുളക് തുടങ്ങിയ ജൈവ ഇനങ്ങളില്‍ മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. ഗുണാബ്ജല് എന്ന ഹരിത കഷായം ഉപയോഗിക്കുന്നതിനാല്‍ വിളകളില്‍ നിന്നും ഉല്പാദന വര്‍ധനയും ഗുണമേന്മയും ലഭിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. ഇരുപതോളം സസ്യങ്ങള്‍ ശേഖരിച്ച് പതിനഞ്ചു ദിവസം കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഇതു കൂടാതെ ഗോമൂത്രവും വെളുത്തുളളിയും വേപ്പിലയും കൊണ്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഗോമൂത്ര കഷായവും ഇവര്‍ ഉപയോഗിക്കുന്നു. കീടങ്ങള്‍ക്ക് ചെയിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത രീതിയിലുളള പ്രതിരോധമാണ് ഇതുകൊണ്ട് സാധ്യമാകുന്നത്. ചെടിയുടെ ആയുസ് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ക്കാലം മികച്ച വിളവ് നേടിയെടുക്കാനും സാധിക്കുമെന്ന് ഇവര്‍ തെളിയിച്ചു കഴിഞ്ഞു.
തരിശിട്ട വയല്‍ പാട്ടത്തിനെടുത്ത് 33 കര്‍ഷകര്‍ ചേര്‍ന്നാണ് ഗ്രാമികയുടെ കീഴില്‍ പച്ചക്കറി കൃഷി നടത്തുന്നത്. ജില്ലയിലെ വിവിധ പരിപാടികള്‍ക്കെത്തിയ ചൗധരി 8നു ഉച്ചക്ക് ശേഷമാണ് പരിയാരത്തെ പച്ചക്കറി കൃഷി സന്ദര്‍ശിച്ചത്. പ്രാചീന രീതിയിലുള്ള കൃഷിരീതി കൊണ്ട് മനുഷ്യന് ഗുണമേന്മയുള്ള ഭക്ഷണത്തോടൊപ്പം രോഗമില്ലാത്ത അവസ്ഥയും ദീര്‍ഘായുസും പ്രധാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതു തലമുറയെ കൃഷിയുടെ പ്രാധാന്യം അറിയിക്കാനും പ്രകൃതിയുമായുള്ള ബന്ധം ദൃഡപ്പെടുത്താനും ജൈവ കൃഷി രീതിയിലേക്ക് ആകര്‍ഷിക്കാനും ഗ്രാമിക സ്വാശ്രയ സംഘം വൃക്ഷായുര്‍വ്വേദ കൃഷി രീതി അവലംബിച്ച് നടത്തുന്ന ശ്രമങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ബ്ലേക്ക് പഞ്ചായത്തംഗം പി. രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് വിജയന്, സെക്രട്ടറി കെ.പി പ്രഭാകരന് എന്നിവര്‍ ചേര്‍ന്നാണ് ചൗധരിയെ സ്വീകരിച്ചത്.
.