topbanner
Tuesday September 26th, 2017 - 6:22:pm
topbanner

അന്തിയുറങ്ങാന്‍ ആശുപത്രിവരാന്ത: രാമചന്ദ്രക്കുറുപ്പിന് ആലയമൊരുക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍

suvitha
അന്തിയുറങ്ങാന്‍ ആശുപത്രിവരാന്ത: രാമചന്ദ്രക്കുറുപ്പിന് ആലയമൊരുക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിലെ തണുത്തുറഞ്ഞ വരാന്തയില്‍ അന്തിയുറങ്ങിയാണ് രാമചന്ദ്രക്കുറുപ്പ് (92) നാളുകള്‍ തള്ളിനീക്കിയിരുന്നത്. ആശുപത്രി ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശ്രയമില്ലാതെ ജീവിക്കാനൊരിടം വേണം ഇത്രമാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്തില്‍ എത്തിയാണ് തന്റെ ദയനീയ സ്ഥിതി രാമചന്ദ്രക്കുറുപ്പ് അറിയിച്ചത്. മൂന്നു വര്‍ഷം മുന്‍പ് ഭാര്യ മരണപ്പെട്ടതോടെ കരുവാറ്റ കനാല്‍ പുറമ്പോക്കിലെ ജീവിതം ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് കുടിയേറി.

നോക്കാന്‍ ആരുമില്ല, സഹായിക്കണം; കലക്ടറോട് പരാതിപ്പെടുമ്പോള്‍ രാമചന്ദ്രക്കുറുപ്പിന്റെ കണ്ണുകള്‍ നിറഞ്ഞു. വയലത്തല വൃദ്ധസദനത്തില്‍ രാമചന്ദ്രക്കുറുപ്പിന് താമസമൊരുക്കാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം രാമചന്ദ്രക്കുറുപ്പിനെ വയലത്തലയിലുള്ള വൃദ്ധസദനത്തില്‍ പുനരധിവസിപ്പിച്ചു. കഫേ തുടങ്ങാന്‍ അനുവദിച്ച സ്ഥലം പന്തളം മുനിസിപ്പല്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന പരാതിയുമായാണ് പഞ്ചമി കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ കലക്ടറെ കണ്ടത്. സംരംഭം തുടങ്ങാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആറുലക്ഷം രൂപ ലോണെടുത്തതിന്റെ തിരിച്ചടവിന് നോട്ടീസുകള്‍ വന്നു തുടങ്ങി.

പക്ഷെ മുനിസിപ്പല്‍ അധികാരികള്‍ സ്ഥലം അനുവദിക്കുന്നില്ല. മാത്രവുമല്ല അനുവദിച്ച സ്ഥലത്ത് മറ്റാരോ അനധികൃത കച്ചവടം നടത്തുന്നതായും ഇവര്‍ പറയുന്നു. പരാതിയിന്‍മേല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എത്രയും പെട്ടെന്ന് ഇവര്‍ക്ക് സ്ഥലം ലഭ്യമാക്കിയില്ലെങ്കില്‍ പന്തളം മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പോളിയോ ബാധിച്ച് നടക്കാന്‍ സാധിക്കാത്ത മണ്ണടി പടിഞ്ഞാറ് ചരുവിളകിഴക്കതില്‍ എ. ശീലാസ് (62) ലോട്ടറിക്കച്ചവടം നടത്തി ജീവിക്കാന്‍ ഒരു മുച്ചക്രവാഹനം അനുവദിക്കണമെന്ന ആവശ്യവുമായാണ് കളക്ടര്‍ക്ക് മുന്നിലെത്തിയത്.

മെഡിക്കല്‍ ബോര്‍ഡിന്റെയും മറ്റ് അധികൃതരുടെയും പരിശോധനകളില്‍ തനിക്ക് വാഹനം ഓടിക്കാനുള്ള അനുമതിയുണ്ട്. പക്ഷെ പഞ്ചായത്ത് അധികൃതര്‍ തന്റെ അവസരം നിഷേധിക്കുന്നുവെന്ന് ശീലാസ് പരാതിപ്പെട്ടു. ഇദ്ദേഹത്തിന് മുച്ചക്രവാഹനം ലഭ്യമാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മണ്ണടി അംബിയില്‍ വീട്ടില്‍ കല്യാണിയമ്മ (82)ക്ക് സ്വന്തം പുരയിടത്തിന്റെ കരം അടക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.

സര്‍വേ പ്രകാരം 35 സെന്റ് നിലമുണ്ടെങ്കിലും റവന്യൂ അധികൃതര്‍ 17 സെന്റിന്റെ മാത്രമേ കരം അടയ്ക്കാന്‍ അനുവദിക്കുന്നുള്ളു. പരാതി അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുവഴി കൈയേറിയതുമായി ബന്ധപ്പെട്ട് തട്ടയില്‍ മാര്‍ത്താണ്ഡന്‍ കാലായില്‍ ഷാജന്റെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

English summary
District Collector of Pathanamthitta set up house for Ramachandran Kuruppu
topbanner topbanner

More News from this section

Subscribe by Email