Sunday November 18th, 2018 - 10:03:pm
topbanner

സി.പി.എമ്മും ആർ എസ് എസ്സും ഒരേ തൂവൽ പക്ഷികൾ; അക്രമ രാഷ്ട്രീയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ജാള്യത തോന്നുന്നുണ്ടോ?: സതീശൻ പാച്ചേനി

fasila
 സി.പി.എമ്മും ആർ എസ് എസ്സും ഒരേ തൂവൽ പക്ഷികൾ; അക്രമ രാഷ്ട്രീയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ജാള്യത തോന്നുന്നുണ്ടോ?: സതീശൻ പാച്ചേനി

കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകരായ അക്രമകാരികളെ തള്ളിപ്പറയാൻ തയ്യാറാവാത്ത സി.പി.എം ജില്ലാ സെക്രട്ടറിയുടെ നടപടിതന്നെ അക്രമത്തെ വെള്ളപൂശുന്നതിന് തുല്യമാണ്. അത് തന്നെയാണ് ജില്ലയുടെ ശാപവും. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് പറയുമ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിക്ക് ജാള്യത തോന്നുന്നത് സ്വാഭാവികമാണ്. ജില്ലയിൽ സമാനതകളില്ലാത്ത ന്യൂനപക്ഷ വേട്ട നടത്തിയവരാണ് സി.പി.എം. അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ആളാണ് സി.പി.എം ജില്ലാ സെക്രട്ടറി.

പന്നിയൂരിൽ, നാദാപുരത്ത്, സമീപകാലത്തായി പയ്യന്നൂരിലെ കവ്വായിയിൽ ഒക്കെ ന്യൂനപക്ഷ സമുദായങ്ങളുടെ വീട് സെലക്ട് ചെയ്ത് കൊള്ളചെയ്ത് സംഹാരതാണ്ഡവമാടിയവരാണ് സി.പി.എം കാർ. 1967 കാലഘട്ടത്തിൽ മാടായി, മാട്ടൂൽ പ്രദേശങ്ങളിൽ അക്രമവും തേർവാഴ്ചയും നടത്തിയവരാണ് സി.പി എമ്മുകാർ. കൊള്ളയും, കൊള്ളിവെയ്പ്പും കുലത്തൊഴിലു പോലെ കൊണ്ട് നടക്കുന്ന സി.പി.എം സ്വയം നന്നാവാൻ ശ്രമിക്കുന്നതല്ലേ നല്ലത്. ആർ.എസ്സ്.എസ്സ് രാജ്യവ്യാപകമായി ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ പല പേരിൽ ആരോപണങ്ങൾ പറഞ്ഞ് ഭീകരമായി വേട്ടയാടുകയാണ്.

സംഘപരിവാർ പ്രസ്ഥാനത്തെ മുഴുവൻ രാജ്യവ്യാപകമായി ചെറുത്ത് തോല്പിക്കാൻ കോൺഗ്രസ് നടത്തുന്ന പോരാട്ടം കാണാൻ തിമിരം ബാധിച്ച കണ്ണുള്ളവർക്ക് കാണാനും ബധിരകർണ്ണമുള്ളവർക്ക് കേൾക്കാനും ബുദ്ധിമുട്ടാണ്. അർ.എസ്.എസ് നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്നില്ലെന്ന് പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി ഗീബൽസിയൻ തന്ത്രം ഫലിക്കുമോ എന്ന് നോക്കുകയാണ്. ഫാസിസ്റ്റ് നയസമീപനങ്ങളിലൂടെ ജനാധിപത്യത്തെ അപകടത്തിലാക്കാൻ പരിശ്രമിക്കുന്ന ആർ.എസ്.എസും വർഗ്ഗ ഫാസിസം നടപ്പിലാക്കാൻ പരിശ്രമിക്കുന്ന സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണ്.

ഇന്നത്തെ ആർ എസ് എസ് നാളത്തെ സി.പിഎം ആകുന്നതും ഒരേ സന്തുലനം ഉള്ളത് കൊണ്ടാണെന്നുള്ള കാര്യം പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. ആർ എസ് എസ്സിന്റെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം കപടനാടകത്തിലൂടെ ആർ.എസ്.എസ് വിരുദ്ധത അഭിനയിച്ചാൽ മനസ്സിലാകാത്തവരല്ല പൊതു ജനമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഓർമ്മിക്കുന്നത് നല്ലതാണെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Read more topics: Satheeshan Pacheni, DCC, President
English summary
CPM and RSS are the same feather birds: Satheeshan Pacheni
topbanner

More News from this section

Subscribe by Email