Thursday September 20th, 2018 - 8:19:am
topbanner
Breaking News

കലർപ്പുകളുടെ ഉത്സവമാണ് സംസ്‌കാരം : പി. ശ്രീരാമകൃഷ്ണൻ

Mithun muyyam
കലർപ്പുകളുടെ ഉത്സവമാണ് സംസ്‌കാരം : പി. ശ്രീരാമകൃഷ്ണൻ

കണ്ണൂർ: കലർന്നുകൊണ്ടേയിരിക്കുന്ന അനുഭവങ്ങളുടെ പട്ടികയിൽ ആദ്യത്തേതാണ് സംസ്‌കാരമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ടൗൺസ്‌ക്വയറിൽ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് സംഘടിപ്പിച്ച മലബാർ സാംസ്‌കാരിക പൈതൃകോൽസവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലർപ്പുകളുടെ ഉത്സവമാണ് സംസ്‌കാരം. അത് പെട്ടിയിൽ അടച്ചുവെച്ച ശുദ്ധമായ, കലർപ്പുകളില്ലാത്ത ഒന്നല്ല. ജീവിതത്തിൽ നാം ആർജിക്കുന്ന എല്ലാ അറിവുകളുടെയും പേരാണത്. സങ്കലനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടാണ് നമ്മുടേത്. പൈതൃകം നമ്മുടെ വൈവിധ്യങ്ങളുടെ ഉത്സവമാണ്. സംസ്‌കാരം നമ്മുടെ ജ്ഞാനത്തിന്റെ മൂലധനമാണ്. ആ മൂലധനത്തെ സംരക്ഷിക്കുമ്പോഴാണ് ഒരു സമൂഹം അതിന്റെ ദൗത്യം നിർവഹിക്കുന്നത്. പൈതൃകത്തെ അഭയകേന്ദ്രമായിട്ടല്ല നാം കാണേണ്ടത്. അതൊരു ആയുധപ്പുരയാണ്. പൈതൃകത്തിന്റെ ഉത്സവങ്ങൾ പഴമയെക്കുറിച്ചുള്ള ആഘോഷങ്ങളല്ല. പഴമയുടെ നൻമകൾ ഉപയോഗപ്പെടുത്തലാണ്.
വടക്കേ മലബാറിന്റെ തെയ്യങ്ങളുടെ ഏറ്റവും വലിയ സവിശേഷത അതിന് അസാധാരണമായ വൈവിധ്യങ്ങളുടെയും സമന്വയങ്ങളുടെയും അന്തരീക്ഷം ഉണ്ടായിരുന്നു എന്നുള്ളതാണ്.

സങ്കലനത്തിന്റെ അനുഭവം ചരിത്രത്തിൽ ധാരാളമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കേണ്ടത് തല തിരിഞ്ഞ ദുർവ്യാഖ്യാനങ്ങളുടെ കണ്ണടയിലൂടെയല്ല. വൈവിധ്യങ്ങളുടെ, ജനാധിപത്യത്തിന്റെ അന്തരീക്ഷത്തിലൂടെയാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാംസ്‌കാരികമായ മറവി രോഗം ബാധിച്ചിരിക്കുന്നു എന്നതാണ്. ചരിത്രം ഏറ്റവും വലിയ ആയുധമാണ്. ആളുകളെ പ്രകോപ്പിക്കാൻ, വഴി തെറ്റിക്കാൻ ഒക്കെ ഉപയോഗിക്കാവുന്ന ചരിത്രത്തിന്റെ ദുർവ്യാഖ്യാനത്തിനുള്ള ഏറ്റവും നല്ല പ്രതിരോധം ചരിത്രത്തിന്റെ കലർപ്പില്ലാത്ത വായനയാണെന്നും അതിന്റെ കലർപ്പിന്റെ ഉത്സവത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണെന്നും സ്പീക്കർ പറഞ്ഞു.

തുറമുഖ, പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, റബ്‌കോ ചെയർമാൻ എൻ. ചന്ദ്രൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ കെ. ഗംഗാധരൻ, പുരാരേഖ വകുപ്പ് ഡയറക്ടർ പി. ബിജു, സാംസ്‌കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത, യു. ബാബു ഗോപിനാഥ്, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയർ സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ, ഭാരത് ഭവന്റെയും ഫോക്ലോർ അക്കാദമിയുടെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് മാർച്ച് 26 വരെ പൈതൃകോൽസവം സംഘടിപ്പിക്കുന്നത്.

Read more topics: kannur, festival, Sreeramakrishnan
English summary
Culture is the festival mixing :Sreeramakrishnan
topbanner

More News from this section

Subscribe by Email