Friday November 16th, 2018 - 11:00:am
topbanner

വ്യവസായ വികസനത്തിന് വാണിജ്യ മിഷൻ: മന്ത്രി എ.സി. മൊയ്തീൻ

fasila
വ്യവസായ വികസനത്തിന് വാണിജ്യ മിഷൻ: മന്ത്രി എ.സി. മൊയ്തീൻ

തൃശൂർ: വ്യവസായ വികസനത്തിന് പുതിയ അന്തരീക്ഷമൊരുക്കാൻ വാണിജ്യമിഷൻ രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം പി വി എെ എസ് പ്ലാസ ഒാഡിറ്റോറിയത്തിൽ തലപ്പിള്ളി താലൂക്ക് തല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ വകുപ്പുകളെയും സംരംഭകരെയും യോജിപ്പിച്ച് കേരളത്തിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് സംസ്ഥാനത്തിനാവശ്യമായവ ഉല്പാദിപ്പിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. പുതിയ സ്റ്റാർട്ടപ്പുകളുണ്ടാക്കുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ സഹായവും നൽകും.

സ്ത്രീകളുടെ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി വ്യവസായിക പ്ലോട്ടുകൾ വികസിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് ചർച്ചനടത്തിയതായുംഅദ്ദേഹം പറഞ്ഞു. വ്യവസായ സംരംഭങ്ങളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാൻ വൈദ്യുതി പവർകട്ട് ഒഴിവാക്കും.

ഇതിന് പവർ പർച്ചയിസ് എഗ്രിമെന്റ് പൂർത്തിയാക്കി. 10-15 വർഷത്തേക്ക് പവർകട്ട് ഒവിവാക്കാമെന്നാണ് പ്രതീക്ഷ. ഇതിനായി സ്വഭാവിക പദ്ധതികളും കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതികളും തയ്യാറായിക്കഴിഞ്ഞു. സൗരോർജ്ജപ്ലാന്റിനായി കാസർകോട് 250 ഏക്കർ സ്ഥലം എടുത്തിട്ടുണ്ട്.

വൈദ്യുതി വിതരണം കുറ്റമറ്റതാക്കാൻ 5000 കോടിയുടെ പദ്ധതി കെ.എസ്.ഇ.ബി തയ്യാറാക്കികഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. പ്രകൃതിവാതകം, എൽപിജി തുടങ്ങിയവ ഗാർഹികാവശ്യങ്ങൾക്കു പുറമെ വ്യവസായ ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഇത്തരത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

വ്യവസായ എസ്റ്റേറ്റുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. വിവിധ വകുപ്പുകൾ തമ്മിൽ സൗഹൃദപരമായ അന്തരീക്ഷമുണ്ടാക്കും. ഏകജാലക സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മാറുന്നതിനനുസരിച്ച് നൂതനസംവിധാനങ്ങൾ സംരംഭകർ ഉപയോഗിക്കണം. മാറ്റത്തോട് വൈമുഖ്യം കാണിക്കരുത്.

ജില്ലയിലെ സംരംഭങ്ങൾ നവീകരിച്ച്, വൈവിധ്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും അദ്ദേഹം ഒാർമ്മപ്പെടുത്തി. നിക്ഷേപക സംഗമത്തിൽ കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.എെ.തോമസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ ടി.ടി ലോഹിതാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ് കൃപകുമാർ സ്വാഗതവും ഉപജില്ലാ വ്യവസായ ഒാഫീസർ കെ.ജി വിശ്വംഭരൻ നന്ദിയും പറഞ്ഞു. ജി.എസ്.ടി എന്ത്? എങ്ങനെ, വ്യവസായ വാണിജ്യ വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും തുടങ്ങിയ വിഷയങ്ങളുടെ അവതരണവും ക്രോഡീകരണവും നടത്തി.

 

Read more topics: Minister, A.C. Moideen
English summary
Commercial Mission for Industrial Development: Minister A.C. Moideen
topbanner

More News from this section

Subscribe by Email