ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഭക്തിസാന്ദ്രമായി. ക്ഷേത്രപരിസരവും ക്ഷേത്രവീഥിയും ദേശീയപാതയും ഭക്തരെക്കൊണ്ട് നിറഞ്ഞു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച വൈകീട്ടാണ് ആറാട്ട് പുറപ്പെട്ടത്.
അഞ്ചരയോടെ ക്ഷേത്രത്തില്‍ നിന്ന് ആറാട്ട് പുറപ്പെട്ടപ്പോള്‍ മുതല്‍ രാത്രി തിരിച്ചെഴുന്നള്ളി ക്ഷേത്രത്തില്‍ എത്തുംവരെ ഭക്തര്‍ ഒഴുകിയെത്തുകയായിരുന്നു. അഞ്ചാനകളാണ് ആറാട്ടിനുണ്ടായിരുന്നത്. രാത്രി ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ നിന്നായിരുന്നു തിരിച്ചെഴുന്നള്ളത്ത്.
ദേശീയപാതയിലൂടെ എഴുന്നള്ളത്ത് കച്ചേരിമുക്കിലെത്തിയപ്പോള് ദീപാലങ്കാരങ്ങളൊരുക്കി ഭക്തര്‍ വരവേല്‍പ്പ് നല്കി. കെ.എസ്.എസ്. 82-ാം നമ്പര്‍ കരയോഗം, മൂടാമ്പാടി ജങ്ഷന്, മല്ലശ്ശേരി ക്ഷേത്രം വകയായി റെയില്‍വേ സ്റ്റേഷന് ജങ്ഷന്, അമ്പലപ്പുഴ 1632-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം, പുത്തന്‍കുളം കര എന്നിവിടങ്ങളില്‍ ആറാട്ടിന് വരവേല്പ്പുണ്ടായിരുന്നു.
പുലര്‍ച്ചേ അകത്തെഴുന്നള്ളത്ത് കഴിഞ്ഞ് ചുറ്റുവിളക്ക് തെളിച്ച് കൊടിയിറക്കിയതോടെ പത്തുനാള്‍ നീണ്ട ഉത്സവത്തിന് സമാപനമായി. ആറാട്ടുചട്ടത്തില് ചാര്‍ത്താനുള്ള മാലയും ഉടയാടയും നവരാക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് രാവിലെ ഘോഷയാത്രയായി കൊണ്ടുവന്നത്.