topbanner
Friday November 24th, 2017 - 7:41:am
topbanner
Breaking News

ആലപ്പുഴ, കൊല്ലം ബൈപാസുകൾ അടുത്ത മേയിൽ പൂർത്തീകരിക്കും: മന്ത്രി ജി. സുധാകരൻ

Neethu
ആലപ്പുഴ, കൊല്ലം ബൈപാസുകൾ അടുത്ത മേയിൽ പൂർത്തീകരിക്കും: മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ, കൊല്ലം ബൈപാസുകൾ അടുത്തവർഷം മേയിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ബൈപാസുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ബൈപാസിന്റെ പൂർത്തീകരണത്തിന് രണ്ടു റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കേണ്ടതുണ്ട്. ഇതിനുള്ള അനുമതി റെയിൽവേ അതോറിറ്റി ലഭ്യമാക്കിയിട്ടില്ലെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. സൂപ്പർ വിഷൻ ചാർജായി 7.13 കോടി രൂപ റെയിൽവേയ്ക്ക് നൽകേണ്ടതുണ്ട്. കരാർ കമ്പിനി ഉടൻ തുക അടയ്ക്കാൻ മന്ത്രി നിർദേശം നൽകി. സൂപ്പർ വിഷൻ ചാർജ് ഇളവിന് സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കീഴ്‌വഴക്കം പരിശോധിച്ച് സർക്കാർ ഈ തുക കരാറുകാരന് തിരിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. തുക അടച്ച് മേൽപ്പാലങ്ങളുടെ പൈലിങ് അടക്കമുള്ള നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ മന്ത്രി നിർദേശിച്ചു.

ബൈപാസിന്റെ 70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. 148.30 കോടി രൂപ കരാർ കമ്പിനിക്ക് നൽകിക്കഴിഞ്ഞു. 58 ഡെക്ക് സ്ലാബുകളും 248 ഗർഡറുകളും 278 ഗർഡർ കാസ്റ്റിങും 59 ഇന്റഡ്രൽ ബീമും 88 പിയർ ക്യാപ്പുകളും പിയറുകളും പൂർത്തീകരിച്ചു. ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റാനുള്ള നടപടി സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. വൈദ്യുതി പോസ്റ്റുകളും ട്രാൻഫോമറും അടിയന്തരമായി മാറ്റുന്നതിന് കെ.എസ്.ഇ.ബി.ക്കു നിർദേശം നൽകി. ഇതിന്റെ പുരോഗതി ജില്ലാ കളക്ടർ വിലയിരുത്തും. ദേശീയപാതയിൽ കൊമ്മാടി മുതൽ പാതിരപ്പള്ളി വരെയുള്ള ടാറിങ് ഉടൻ പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി. നവംബർ 19 മുതൽ ടാറിങ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.

കൊല്ലം ബൈപാസിന്റെ 69 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. 146 കോടി രൂപ ഇതിനകം ചെലവഴിച്ചു. അടുത്തവർഷം ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധിയെങ്കിലും മേയിൽ നിർമാണം പൂർത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിൽ കല്ലിന് ക്ഷാമം നേരിടുന്നതായി കരാർ കമ്പിനി യോഗത്തെ അറിയിച്ചു. ജില്ലയിലെ ക്വാറികളിൽനിന്ന് പൊതുനിർമാണങ്ങൾക്കാവശ്യമായ കല്ല് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കൊല്ലം ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ജില്ലാ കളക്ടർ ടി.വി. അനുപമ, കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡി. കെ.പി. പ്രഭാകരൻ, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഡോ. സിനി, എസ്. സജീവ്, കൊല്ലം എ.ഡി.എം. കെ.ആർ. മണികണ്ഠൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read more topics: G Sudhakaran, minister, bypass
English summary
Alappuzha kollam bypass next may completed
topbanner topbanner

More News from this section

Subscribe by Email