Monday June 18th, 2018 - 3:04:am
topbanner
Breaking News

വ്യാജമദ്യം: അതീവ ജാഗ്രതാ പട്ടികയിൽ ആലപ്പുഴയും; മിന്നൽ പരിശോധന കർശനമാക്കി

fasila
വ്യാജമദ്യം: അതീവ ജാഗ്രതാ പട്ടികയിൽ ആലപ്പുഴയും; മിന്നൽ പരിശോധന കർശനമാക്കി

ആലപ്പുഴ: ജില്ലയിൽ വൻതോതിൽ വ്യാജമദ്യം ഒഴുകുന്നതായി റിപ്പോർട്ട്. അതീവജാഗ്രത പാലിക്കണമെന്ന് എക്സൈസ്. വ്യാജമദ്യം തടയാൻ ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 12 വരെ നീളുന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി സർക്കുലർ പുറത്തിറക്കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് വൻ തോതിൽ സ്പിരിറ്റ് ശേഖരിക്കാൻ സാദ്ധ്യതയുള്ളതായി എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്.

ഗോവയിൽ നിന്നു മീൻപിടുത്ത ബോട്ടുകളിലും വളളങ്ങളിലും കർണാടക, തമിഴ്‌നാട്, ആന്ധ്രാ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു ട്രെയിനുകൾ, പാഴ്‌സൽ സർവീസ് വാഹനങ്ങൾ, ട്രക്കുകൾ, കണ്ടെയ്‌നറുകൾ ആഡംബര വാഹനങ്ങൾ വഴിയും സ്പിരിറ്റും വ്യാജ വിദേശ മദ്യവും കഞ്ചാവും കേരളത്തിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ ലേബർ ക്യാമ്പുകൾ ഇവർ കേരളത്തിലെത്തുന്ന പ്രധാന ട്രെയിനുകൾ എന്നിവയും നിരീക്ഷണ പട്ടികയിലുണ്ട്.

ഈ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നൽകി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വ്യാപകമായി വർദ്ധിച്ചതായാണ് എക്‌സൈസ് വകുപ്പിന്റെ പഠനങ്ങൾ പറയുന്നത്. ലൈസൻസുള്ള മദ്യവിൽപ്പന സ്ഥാപനങ്ങളെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഓണക്കാലത്തെ വിൽപ്പന വർദ്ധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകി മദ്യവില്പ്പനയ്ക്കു സാദ്ധ്യതയുണ്ടെന്നും ബാറുകൾ, ബിയർ പാർലറുകൾ, ക്ലബുകൾ, കളളുഷാപ്പുകൾ എന്നിവ കൃത്യസമയത്തിനു മുമ്പ് തുറക്കുന്നില്ലെന്നും സമയം കഴിഞ്ഞു പ്രവർത്തിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി സംസ്ഥാനത്തെ കോഴിവളർത്തൽ കേന്ദ്രങ്ങളും പന്നി വളർത്തൽ കേന്ദ്രങ്ങളും കൂടി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. പ്രവർത്തന രഹിതമായ വ്യവസായ കേന്ദ്രങ്ങളിലെ ഫാക്ടറികൾ, തീരദേശമേഖലയിൽ പൂട്ടിക്കിടക്കുന്ന കയർ സംഘങ്ങളുടെ ഗോഡൗണുകൾ, കശുവണ്ടി ഫാക്ടറികൾ, ഉപയോഗശൂന്യമായ കുളങ്ങൾ, കനാൽ, പാലങ്ങൾ, ആളൊഴിഞ്ഞ പുരയിടങ്ങളിലെ കുളങ്ങൾ, കുറ്റിക്കാടുകൾ തുടങ്ങിയ ഇടങ്ങളിൽ സ്പിരിറ്റും വ്യാജമദ്യവും ഒളിപ്പിക്കാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

ഇവയോടൊപ്പം മുപ്പത് ഓണക്കാല ജലോത്സവങ്ങൾ നടക്കുന്ന വിവിധ ജില്ലകളിലെ ചില പഞ്ചായത്തുകളും കർശന നിരീക്ഷ ണത്തിലാക്കണമെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റെ വിഭാഗം നിർദ്ദേശം നൽകി.
വാഹനപരിശോധന നടത്തുമ്പോൾ യാത്രക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകളായ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. എന്നാൽ സംശയം തോന്നുന്ന വാഹനങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കുന്ന അറകൾ അടക്കം കർശനമായി പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Read more topics: Alappuzha, False, alcohol
English summary
False alcohol: Alappuzha strictly on the alert check system

More News from this section

Subscribe by Email