Wednesday April 25th, 2018 - 12:28:pm
topbanner

കുട്ടികളിലെ കലാവാസന വളർത്താൻ നാടകക്യാമ്പുകൾ സഹായകമാവും: നടൻ സുധീർ കരമന

fasila
കുട്ടികളിലെ കലാവാസന വളർത്താൻ നാടകക്യാമ്പുകൾ സഹായകമാവും: നടൻ സുധീർ കരമന

എസ് എൽ പുരം: കുട്ടികളിലെ കലാവാസന ഉണർത്തുന്നതിൽ നാടക ക്യാമ്പുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് നടൻ സുധീർ കരമന പറഞ്ഞു. എസ് എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ നടക്കുന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർഗ്ഗ വസന്തം നാടകക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിയിലെ ശബ്ദനിയന്ത്രണം സാധ്യമാക്കുന്നതിൽ നാടകക്കളരികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും സുധീർ കരമന പറഞ്ഞു. മേയ് മാസത്തിൽ സർക്കാർ നടത്താൻ പോകുന്ന ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ കുട്ടികൾക്ക് കലാപരമായ ഒരു വിരുന്ന് ആയിരിക്കുമെന്നും സുധീർ കരമന കൂട്ടിച്ചേർത്തു.

ചടങ്ങിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ക്യാമ്പുകളും, പരിപാടികളും സംഘടിപ്പിക്കുകയാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്ന് പള്ളിയറ ശ്രീധരൻ പറഞ്ഞു.

ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ചിഞ്ചു പ്രകാശ് സ്വാഗതം ആശംസിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ നെടുമുടി ഹരികുമാർ, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ എന്നിവർ ആശംസകൾ നേർന്നു.

ഗാന്ധിസ്മാരക ഗ്രാമസേവകേന്ദ്രം ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ നന്ദി പ്രകാശിപ്പിച്ചു. ഏപ്രിൽ പതിനെട്ടുവരെ നടക്കുന്ന ത്രിദിന നാടകക്യാമ്പിന്റെ ഡയറക്ടർ സാഹിത്യകാരൻ സെബാസ്റ്റ്യൻ പള്ളിത്തോടാണ്. നാടകപ്രവർത്തകരായ നിഷാദ് പുത്തൂർ, ബെന്നി പി വി എന്നിവരും ക്ലാസ്സുകൾ നയിക്കും. ക്യാമ്പിന്റെ മൂന്നാം ദിവസം കുട്ടികൾ തന്നെ അണിയിച്ചൊരുക്കുന്ന നാടകങ്ങൾ അരങ്ങേറുന്നതോടെ സർഗ്ഗ വസന്തം 2018ന് തിരശീല വീഴും.

 

Read more topics: Alappuzha, Actor, Sudheer Karamana
English summary
Actor Sudheer Karamana drama camp inaugurated

More News from this section

Subscribe by Email