Saturday March 23rd, 2019 - 10:35:pm
topbanner
topbanner

കണ്ണൂർ ജില്ലയിൽ രണ്ടുവർഷത്തിനിടെ കണ്ടെത്തിയത് 71 കുഷ്ഠരോഗ കേസുകൾ

NewsDesk
കണ്ണൂർ ജില്ലയിൽ രണ്ടുവർഷത്തിനിടെ കണ്ടെത്തിയത് 71 കുഷ്ഠരോഗ കേസുകൾ

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 71 കുഷ്ഠരോഗ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. 2018-19 വർഷം ഇതുവരെ 34, 2017-18ൽ 37 കുഷ്ഠരോഗ കേസുകളാണ് ജില്ലയിൽ കണ്ടെത്തിയത്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പൾസ് പോളിയോ മാതൃകയിൽ സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 18 വരെ കുഷ്ഠരോഗ നിർണയ കാമ്പയിൻ നടത്തുകയാണ് ആരോഗ്യ വകുപ്പ്.

2018-19 വർഷത്തിൽ ഇതുവരെ കണ്ടെത്തിയ 34 കേസുകളിൽ 22 പുരുഷൻമാരും, 12 സ്ത്രീകളുമാണ്. 18 കേസുകൾ തീവ്രത കുറഞ്ഞതും 16 എണ്ണം തീവ്രത കൂടിയതുമാണ്. രണ്ട് കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്ന് പേരും അതിഥി തൊഴിലാളികളായ ഏഴ് പേരും ഇതിൽ ഉൾപ്പെടും. 2017-18 വർഷത്തിലെ 37 കേസുകളിൽ ആൺ 22, പെൺ 15 എന്നിങ്ങനെയാണ്. തീവ്രത കുറഞ്ഞത് 15, കൂടിയത് 22. മൂന്ന് കുട്ടികളും കാഴ്ച വൈകല്യമുള്ള ഒരാളും അതിഥി തൊഴിലാളികളിൽ ആറ് പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിലെ മൊത്തം കുഷ്ഠരോഗ കേസുകൾ 2016-17 വർഷം 44, 2015-16 വർഷം 56, 2014-15 വർഷം 51, 2013-14 വർഷം 58 എന്നിങ്ങനെയായിരുന്നു. കേരളത്തിൽ പുതിയ കുഷ്ഠരോഗ കേസുകൾ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കുറയുമ്പോഴും കുട്ടികളിലെ കേസുകളും അംഗഭംഗം വരുന്ന കേസുകളും ദേശീയ നിലവാരത്തോടൊപ്പം ഉയർന്നു നിൽക്കുന്നു.

കുഷ്ഠരോഗം കേരളത്തിൽ ഇല്ലെന്ന തെറ്റിദ്ധാരണ ഡോക്ടർമാർക്കിടയിൽ പോലും നിലനിൽക്കുമ്പോഴാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂർണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണയും മാറ്റിനിർത്തലും തുടരുന്നുണ്ട്. ഇത് ഇല്ലാതാക്കാൻ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. രോഗബാധിതരാണ് പകർച്ചക്കുള്ള ഉറവിടം എന്നതിനാൽ രോഗം എത്രയും പെട്ടന്ന് കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയും. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന ഇൗ രോഗത്തിൻെറ കാരണം മൈക്കോ ബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ്. ഇന്ത്യയിൽ കുഷ്ഠരോഗം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആസാം, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ധാരാളം അതിഥി തൊഴിലാളികൾ കേരളത്തിലെത്തുന്നതിനാൽ ഭീഷണിയുടെ നിഴലിലാണ് കേരളവും.

ഇളം നിറത്തിലുള്ള പാടുകൾ, ചുവപ്പുനിറം, സ്പർശന ശേഷി നഷ്ടപ്പെടൽ, വീക്കം തുടങ്ങിയവയുണ്ടെങ്കിൽ അത് കുഷ്ഠരോഗമായേക്കാമെന്നതിനാൽ ഡോക്ടറെ കാണിച്ച് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. മറ്റേതു രോഗം പോലെയുമാണ് കുഷ്ഠരോഗവും. നേരത്തെ തിരിച്ചറിഞ്ഞാൽ രോഗം മൂലമുള്ള അംഗവൈകല്യങ്ങൾ തടയാം. കുഷ്ഠരോഗ ചികിത്സയ്ക്കുള്ള മൾട്ടി ഡ്രഗ് തെറാപ്പി സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും. തീവ്രത കുറഞ്ഞവർ ആറ് മാസവും കൂടിയവർ 12 മാസവുമാണ് മരുന്ന് കഴിക്കേണ്ടത്.

കാമ്പയിനിൻെറ ഭാഗമായി ആശ വർക്കർമാരടങ്ങുന്ന പരിശീലനം ലഭിച്ച രണ്ടംഗ സംഘം എല്ലാ വീടുകളും സന്ദർശിച്ച് രണ്ട് വയസ്സുള്ള കുട്ടികൾ ഒഴികെ എല്ലാവരേയും പരിശോധിക്കും. സ്കൂളുകളിലും അങ്കണവാടികളിലും അധ്യാപകർക്ക് പരിശീലനം നൽകി വിദ്യാർഥികളുടെ പരിശോധനയും നടത്തും. കൂടുതൽ രോഗഭീഷണിയുള്ള അതിഥി തൊഴിലാളികൾക്കിടയിലും തീരപ്രദേശത്തും മറ്റും പ്രത്യേകമായ പരിശോധന നടക്കുന്നുവെന്ന് ഉറപ്പാക്കും.
ജില്ലയിലെ 612,157 വീടുകൾ, 2762145 പേർ എന്നതാണ് കാമ്പയിനിൻെറ ലക്ഷ്യം. ഇതിനായി 2377 ടീമുകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 18 വരെ വീട് വീടാന്തരമുള്ള സർവേ, ശിൽപശാലകൾ, അതിഥി തൊഴിലാളികളുടെ സ്ക്രീനിംഗ്, വളണ്ടിയർമാരുടെയും അധ്യാപകരുടെയും പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൻെറ ഭാഗമായി നടക്കും.

ജില്ലാതല കോ ഒാർഡിനേഷൻ കമ്മിറ്റി ചെയർമാനായ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ ചേർന്നു. ഡി.എം.ഒ ആരോഗ്യം ഡോ. കെ. നാരായണ നായ്ക്, എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.വി. ലതീഷ്, എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ഡി.ഡി.ഇ ടി.പി. നിർമ്മലാദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം.പി. ഷാനവാസ്, ജില്ലാ ലേബർ ഒാഫീസർ ടി.വി. സുരേന്ദ്രൻ, ഡി.എം.ഒ എെ.എസ്.എം ഡോ. എസ്.ആർ. ബിന്ദു, ഡി.എം.ഒ ഹോമിയോ ഡോ. ഇ.എൻ. രാജു എെ.ടി.ഡി.പി എ.പി.ഒ എം.കെ. മഹ്റൂഫ് തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ വിഷയം അവതരിപ്പിച്ചു.

Read more topics: Kannur, Leprosy,
English summary
71 Leprosy cases were detected during two years in Kannur district
topbanner

More News from this section

Subscribe by Email