Saturday August 18th, 2018 - 6:25:pm
topbanner

വിവേകം റിവ്യൂ: തലയുടെ വെറും ഉടലാട്ടം

NewsDesk
വിവേകം റിവ്യൂ: തലയുടെ വെറും ഉടലാട്ടം

തല എന്ന് ആരാധകരുടെ വിളിപ്പേരുള്ള അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത പുതുപ്പടമാണ് വിവേകം. മുമ്പ് വീരം, വേതാളം എന്നീ പേരുകളില്‍ അജിത്തിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകനാണ് സിനിമാറ്റാഗ്രോഫറില്‍ നിന്നും ഡയറക്ടറിലേയ്ക്ക് ചുവടുമാറ്റിയ ശിവ. ഈ രണ്ട് സിനിമകള്‍ക്കും പിന്നാലെ മൂന്നാം ചിത്രത്തിലും അജിത്ത് തന്നെ നായകന്‍, 'V' എന്ന അതേ അക്ഷരത്തില്‍ മൂന്നാം അജിത്ത് ചിത്രത്തിന്റെയും പേര് എന്നിങ്ങനെ പ്രത്യേകതയും കൗതുകവുമുണര്‍ത്തുന്നുണ്ട് സിനിമ. വീരവും വേതാളവും ഭേദപ്പെട്ട കാഴ്ചകളായിരുന്നെങ്കില്‍ വിവേകം തലയുടെ വെറും ഉടലാട്ടം മാത്രമായി ഒതുങ്ങുകയാണ്. സിനിമ ശിവ എന്ന സംവിധാകന്റെ 'അവിവേകം' കൂടിയാണ് വിവേകം എന്ന കാഴ്ചാനുഭവം.

ഈ സിനിമയുടെ ട്രെയ്‌ലര്‍ സിനിമയുടെ കഥയെപ്പറ്റി ഒരു ഏകദേശ ധാരണ നേരത്തെ നല്‍കിയിരുന്നു. ട്രെയ്‌ലറില്‍ ഊഹിച്ച കഥ 90%വും ശരിയായി വരുന്നുണ്ട് ചിത്രത്തില്‍. ആദ്യാവസാനം ഓടിയും ചാടിയും തൂങ്ങിക്കിടന്നും, കാറിലും ബൈക്കിലുമെല്ലാമായി അഭ്യാസപ്രകടനം നടത്തിയും അജിത് എന്ന 'തല' കുറേ കഷ്ടപ്പെട്ടു എന്നതാണ് സിനിമയുടെ മെച്ചം. പറഞ്ഞു പല്ലു തേഞ്ഞ അതേ ബോംബ് കഥയെ ഇന്നത്തെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി (ഈ ടെക്‌നോളജിയുടെ പെരുക്കം പലപ്പോഴും സാമാന്യയുക്തിക്ക് അപ്പുറമാണെന്നത് പരമസത്യം) പറഞ്ഞിരിക്കുന്നു എന്നു മാത്രം.

വിശ്വസ്ത സംഘമായി പ്രവര്‍ത്തിക്കുകയും, അതില്‍ സംഘാംഗങ്ങള്‍ നായകനെ ഒറ്റുകയും, അവരോടുള്ള നായകന്റെ സന്ധിയില്ലാ പ്രതികാരവുമാണ് വിവേകത്തിന്റെയും കഥ. ഈ പഴങ്കഥയെ ഈയിടെ തമിഴില്‍ ട്രെന്‍ഡായ നായകനൊപ്പം 'കട്ടയ്ക്ക് നില്‍ക്കുന്ന' വില്ലന്‍ എന്ന സങ്കല്‍പ്പത്തിലേയ്ക്ക് ലയിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട് ശിവ. അതിനായി ബോളിവുഡില്‍ നിന്നും വില്ലനായി വിവേക് ഒബ്‌റോയിയെ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ ശ്രമം അല്‍പ്പമെങ്കിലും വിജയിക്കുന്നത് സിനിമ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ മാത്രമാണ്. അല്ലാത്തപ്പോഴെല്ലാം നായകന്റെ നീക്കമറിയാതെ കുഴങ്ങുന്ന 'പോഴനായ വില്ലന്‍' തന്നെയാണ് വിവേകത്തിലേതും.

ഈ തമിഴ് മാസ് സിനിമകള്‍ക്ക് ഒരു പൊതുപ്രത്യേകത ഉണ്ട്. ഇവര്‍ക്ക് സിനിമയില്‍ ഒരുതവണയെങ്കിലും തമിഴ് എന്ന ഭാഷയെ വാഴ്ത്താതിരിക്കാന്‍ പറ്റില്ല. വിജയ് നായകനായ സിനിമകളില്‍ നായകന്‍ തമിഴ് ഭാഷയെപ്പറ്റി ഒന്നരമണിക്കൂര്‍ പ്രസംഗം നടത്തുമെങ്കില്‍ വിവേകത്തില്‍ അങ്ങ് സെര്‍ബിയയില്‍ പോയി അവിടുത്തെ നാട്ടുകാരെ മുഴുവന്‍ തമിഴ് പഠിപ്പിച്ചിരിക്കുകയാണ് അജിത് അവതരിപ്പിക്കുന്ന അജയ് കുമാറും ഭാര്യ യാഴിനിയും (കാജല്‍ അഗര്‍വാള്‍). അതും പോരാതെ അവരെക്കൊണ്ട് ഇഡ്ഡലി,ദോശ,തൈര്‍സാദം എന്നുവേണ്ട സകല ഇന്ത്യന്‍ വിഭവങ്ങളും തീറ്റിക്കുന്നുമുണ്ട്. ഇതിനു പുറമെ യാഴിനി സെര്‍ബിയന്‍ കുട്ടികള്‍ക്ക് കര്‍ണ്ണാടകസംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കി ആ സമൂഹത്തെയാകെ പരിപോഷിപ്പിക്കുന്നുമുണ്ട്. ഭാര്യ ആ വഴിയാണെങ്കില്‍ ലോകത്തെ രക്ഷിക്കാനുള്ള ദൗത്യങ്ങളുമായി സദാ അടി-ഇടി-വെടി മോഡിലാണ് ഭര്‍ത്താവ്. ഇതിനിടയില്‍ പേരിന് ഒരു പഴങ്കഥയും.

ചിത്രത്തില്‍ വില്ലനും നായകന്റെ ഭാര്യയും എന്നുവേണ്ട സകലരും നായകനെ പുകഴ്ത്താനായി മാത്രം തങ്ങള്‍ സ്‌ക്രീനില്‍ വരുന്നതിന്റെ പകുതിയിലേറെ സമയംചെലവിടുന്നുണ്ട്. നായകനെ എതിര്‍ത്തു നില്‍ക്കുമ്പോഴും, തന്റെ കഴുത്തിനു മുകളില്‍ തല കാണുമോ എന്ന പേടിയല്ല വില്ലനായ ആര്യന് (വിവേക് ഒബ്‌റോയ്). പകരം നായകന്റെ ഫൈറ്റിങ് സ്‌കില്ലുകളെ പുകഴ്ത്തുകയാണ് കക്ഷി. തന്റെ സംഘത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു എന്ന കാരണത്താല്‍ മിനിറ്റിന് മിനിറ്റിന് 'നന്‍പാ' എന്നുള്ള വിളിയും. വില്ലന്റെ ഊഴം കഴിഞ്ഞാല്‍ നായകനെ പുകഴ്ത്താനുള്ള സര്‍വ്വദൗത്യവും ഏറ്റെടുത്തിരിക്കുന്ന മനൈവിയായ യാഴിനിയാണ്. യാഴിനി പക്ഷേ പോരാട്ടവീര്യത്തെയല്ല, പുരുഷന്‍ എന്ന നിലയില്‍ സര്‍വ്വഗുണസമ്പന്നനാണ് അജയ് കുമാര്‍ എന്ന മട്ടിലാണ് പുകഴ്ത്തിപ്പാടുന്നത്. മോശം പറയരുതല്ലോ അസഹനീയതയുടെ അങ്ങേയറ്റമാണ് ഈ സീനുകള്‍.

ഇനി സാങ്കേതികരംഗത്തേയ്ക്ക് വരാം. വേഗം തീര്‍ത്താല്‍ വീട്ടില്‍ പോകാം എന്ന് ആരോ പറഞ്ഞതുകാരണമായിരിക്കും ക്യാമറയെ നിലം തൊടീച്ചിട്ടില്ല സിനിമാറ്റോഗ്രാഫര്‍. കണ്ണിന് ആയാസവും അസ്വസ്ഥയും ഉണ്ടാക്കുന്ന മട്ടില്‍ അസഹനീയമാണ് ക്യാമറാ ചലനങ്ങള്‍. വേണ്ടയിടത്തും വേണ്ടാത്തിടത്തുമെല്ലാം ക്യാമറയ്ക്ക് മോഷന്‍ നല്‍കിയിരിക്കുന്ന ക്യാമറാമാന്‍ വെട്രി. അതിന് പറ്റുന്ന രീതിയില്‍ ദൃശ്യങ്ങളെ വെട്ടിക്കൂട്ടിയൊട്ടിച്ചിട്ടുണ്ട് എഡിറ്റര്‍. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിലോ പാട്ടുകളിലോ എടുത്തു പറയാവുന്ന മികവുകളൊന്നും ഇല്ല. വിഎഫ്എക്‌സ് മാത്രം നല്ല ക്വാളിറ്റി ഉള്ളതായി അനുഭവപ്പെട്ടു. തുടക്കത്തിലെ വെടിവെപ്പ് പോലെ ചിലയിടങ്ങളില്‍ പക്ഷേ നല്ല ബോറുമാണ് വിഎഫ്എക്‌സ്.

അജിത് അടക്കമുള്ള അഭിനേതാക്കളുടെ കാര്യത്തിലും മികവൊന്നും പറയാനില്ല. അജിത് തന്റെ റോള്‍ ചെയ്ത് കുളമാക്കിയില്ല എന്ന് പറയാം. കേസ് അന്വേഷിക്കാനായി അജിത്തിനൊപ്പം പോകുന്ന അരുമൈ പ്രകാശത്തെ അവതരിപ്പിച്ച കരുണാകരന്‍ വളരെ നന്നായി വെറുപ്പിച്ചിട്ടുണ്ട്. കണ്ണുകൊണ്ടുള്ള ഗോഷ്ഠി കളിയാണ് കാജലിന്റെ അഭിനയം.

ആകെമൊത്തം വലിയൊരു യുദ്ധം തീര്‍ന്നല്ലോ എന്ന ആശ്വാസത്തോടെ കണ്ടിറങ്ങാം ഈ 'അ'വിവേകം.

English summary
Vivegam film review
topbanner

More News from this section

Subscribe by Email