topbanner
Sunday March 18th, 2018 - 4:54:pm
topbanner
Breaking News
topbanner

വിക്രം വേദ റിവ്യൂ: തമിഴില്‍ നിന്നും മറ്റൊരു മികച്ച ത്രില്ലര്‍

NewsDeskSKR
വിക്രം വേദ റിവ്യൂ: തമിഴില്‍ നിന്നും മറ്റൊരു മികച്ച ത്രില്ലര്‍

തമിഴില്‍ മികവുറ്റതും വ്യത്യസ്തവുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിജയ് സേതുപതി. അദ്ദേഹം ആദ്യമായി നായകനായെത്തിയ 'തെന്മേര്‍ക്ക് പെരുവക്കാട്ര്' മുതല്‍ തമിഴ് വ്യാവസായിക സിനിമയുടെ സ്ഥിരം ചേരുവകളില്‍ നിന്ന് അകലം പാലിച്ചിട്ടുണ്ട് വിജയ് സേതുപതി. അതിനാല്‍ത്തന്നെ കേരളത്തിലും ഈ അടുത്ത വര്‍ഷങ്ങളിലായി ധാരാളം ആരാധകരെ സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലിനെ പോലെ മലയാളികള്‍ വിജയ് സേതുപതിയുടെ സിനിമകളും കാത്തിരിക്കുന്നു. പുഷ്‌കര്‍-ഗായത്രി ദമ്പതികളുടെ സംവിധാനത്തില്‍ വിജയ് സേതുപതിക്കൊപ്പം മാധവനും ഒന്നിക്കുന്ന 'വിക്രം വേദ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വലിയ പ്രതീക്ഷയാണ് നല്‍കിയത്. ആ പ്രതീക്ഷ കാത്തുകൊണ്ടുതന്നെ മികച്ച ത്രില്ലര്‍ ചിത്രമൊരുക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തമിഴ് നാട്ടിലെ ഗുണ്ടാ-കള്ളക്കടത്ത് സംഘങ്ങളുടെയും, അവരെ കുടുക്കാന്‍ ശ്രമിക്കുന്ന പോലീസ് സംഘത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെങ്കിലും സ്ഥിരം തമിഴ് മസാല സിനിമകളുമായി യാതൊരു അടുപ്പവും 'വിക്രം വേദ' പുലര്‍ത്തുന്നില്ല. അടി-ഇടി പൊടിപറത്തല്‍ സമ്പ്രദായത്തിലൂടെയല്ലാതെ പ്രധാനമായും നായകന്മാരായ വിക്രം (മാധവന്‍), വേദ (വിജയ് സേതുപതി) എന്നിവരുടെ മനസ്സിലൂടെയും, കൃത്യമായി കൂട്ടിയിണക്കിയ സംഭവപരമ്പരകളിലൂടെയുമാണ് പുഷ്‌കറും ഗായത്രിയും കഥ പറയുന്നത്.

കള്ളക്കടത്തിലൂടെ വലിയ സമ്പത്ത് ഉണ്ടാക്കുകയും, തന്റേതായ ഗ്യാങ്ങിനെ സൃഷ്ടിക്കുകയും ചെയ്യുന്ന വേദയെ കുടുക്കാനായി വിക്രം എന്ന പോലീസ് ഓഫിസറുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്‌പെഷ്യല്‍ ഓഫിസര്‍മാര്‍ നടത്തുന്ന നീക്കമാണ് സിനിമ. സംഘത്തെ അറസ്റ്റ് ചെയ്താലും സ്വാധീനത്തിന്റെയും പണത്തിന്റെയും ബലത്തില്‍ വൈകാതെ തന്നെ പുറത്തുവരുമെന്നതിനാല്‍ എന്‍കൗണ്ടറിലൂടെ സംഘത്തിലെ ഓരോരുത്തരെയായി കൊന്നു തള്ളുക എന്ന രീതിയാണ് വിക്രമും സംഘവും സ്വീകരിക്കുന്നത്. ഈ ഓപ്പറേഷനുകള്‍ക്കിടെ പക്ഷേ സംഘത്തിന്റെ തലവനായ വേദയെ മാത്രം പോലീസുകാര്‍ക്ക് പിടികിട്ടുന്നില്ല.

അങ്ങനെയിരിക്കെ വിക്രമും വേദയും തമ്മില്‍ നേരിട്ട് കാണാനിടവരികയും. ഇരുവരും സംസാരിക്കുന്നതോടെ അതുവരെ നടന്ന സംഭവങ്ങളുടെ മറ്റൊരു തലം കൂടി തെളിഞ്ഞുവരികയും ചെയ്യുന്നു. റൗഡിയായാലും പോലീസായാലും ഓരോരുത്തര്‍ക്കും തങ്ങളെ ന്യായീകരിക്കാന്‍ തക്ക കാരണങ്ങള്‍ എപ്പോഴുമുണ്ടെന്നു പറയുന്ന വേദ, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തന്റെ ജീവിതത്തിലെ സാഹചര്യങ്ങള്‍ ഉദാഹരണമാക്കിയെടുത്തുകൊണ്ട് വിക്രത്തോട് ചോദിക്കുമ്പോള്‍ പോലീസ് ഓഫിസറായ വിക്രത്തിന് ഉത്തരം മുട്ടുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു സാധാരണ പോലീസ്-റൗഡി കഥയ്ക്കപ്പുറം ഒരു 'മൈന്‍ഡ് ഗെയിം' കൂടിയായി സിനിമ വികസിക്കുന്നു.വിവിധ സംഭവങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള, സൂക്ഷ്മത പുലര്‍ത്തുന്ന തിരക്കഥയും ചിത്രത്തിന് ബലമേകുന്നു.

ഒപ്പം സിനിമാറ്റിക് ട്വിസ്റ്റുകള്‍ കൂടിയാകുമ്പോള്‍ രണ്ടര മണിക്കൂര്‍ മികച്ച സിനിമാനുഭവം നല്‍കാന്‍ 'വിക്രം വേദയ്ക്ക്' കഴിയുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തില്‍ ഒന്നാംനിരയില്‍ വിജയ് സേതുപതി തന്നെയാണ്. സാധാരണക്കാരനില്‍ നിന്നും ഒരു ഗ്യാങ് തലവനായി വളരുന്ന വേദയെ, വിവിധ കാലങ്ങളിലായി മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട് വിജയ് സേതുപതി. ഒപ്പം വൈകാരിക രംഗങ്ങളില്‍ ഈ നടന്‍ പുലര്‍ത്തുന്ന കയ്യടക്കവും എടുത്തു പറയേണ്ടതാണ്. ഒരിടത്തുപോലും അതിഭാവുകത്വമില്ലാതെ വിശ്വസനീയമാംവിധം വേദയായി മാറിയിരിക്കുന്നു അദ്ദേഹം. ചെറിയ നോട്ടങ്ങള്‍ കൊണ്ടുപോലും വേദയെ പാകപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്.

പോലീസ് ഓഫിസറായെത്തിയ മാധവനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. തന്നിലെ നടനെ കെട്ടഴിച്ചുവിട്ട് പ്രകടനം നടത്താന്‍ മാത്രം ഏറെ സീനുകളൊന്നും ലഭിച്ചില്ല എന്നു മാത്രം. വില്ലന്‍ കഥാപാത്രമായെത്തിയ മലയാളി നടന്‍ ഹരീഷ് പേരാടി, ചന്ദ്രയായി വേഷമിട്ട വരലക്ഷ്മി ശരത്കുമാര്‍, പ്രിയയെ അവതരിപ്പിച്ച ശ്രദ്ധ ശ്രീനാഥ്, പോലീസ് ഓഫിസറായ സൈമണെ അവതരിപ്പിച്ച പ്രേം എന്നിവരും പ്രകടനം കൊണ്ട് മനസ്സില്‍ സ്ഥാനം നേടും.

സാങ്കേതിക രംഗത്ത് എടുത്തുപറയേണ്ടത് പ്രധാനമായും ഛായാഗ്രഹണമാണ്. കഥയ്ക്ക് ചേരുന്ന ദൃശ്യങ്ങളെ ഒപ്പിയെടുക്കുന്നതില്‍ തന്റെ കഴിവിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് ക്യാമറാമാനായ പി.എസ്. വിനോദ്. ദൃശ്യങ്ങളുടെ ഭംഗിക്കൊപ്പം സ്‌ക്രീനിലെ ഓരോ പ്രോപ്പര്‍ട്ടികളും കൃത്യമായി, കഥയ്ക്ക് ചേരുന്ന രീതിയല്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.

അഭിനന്ദിക്കപ്പെടേണ്ട മറ്റൊരാള്‍ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയ സാം.സി.എസ് ആണ്. മാസ് ഫീലിനു വേണ്ടി അനാവശ്യമായി സംഗീതോപകരണങ്ങള്‍ തച്ചുടച്ച് അവതരിപ്പിക്കാതെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കൃത്യമായി സംഗീതം വിന്യസിച്ചിട്ടുണ്ട് അദ്ദേഹം. തീം മ്യൂസിക്കിനെ വിവിധ രംഗങ്ങളില്‍, ആ രംഗത്തിന്റെ ഫീല്‍ അറിഞ്ഞുകൊണ്ട് വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് അവതരിപ്പിച്ചതും മികച്ചതായി. റിച്ചാര്‍ഡ് കെവിന്‍ ആണ് ചിത്രം എഡിറ്റ് ചെയ്തത്. ഒഴുക്കുള്ള ദൃശ്യങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ പക്വതയും പാകതയും തോന്നിക്കുന്ന ഗ്യാങ്‌സ്റ്റര്‍ ത്രില്ലര്‍ എന്ന സംതൃപ്തി നല്‍കും 'വിക്രം വേദ.'

English summary
Vikram veda review
topbanner

More News from this section

Subscribe by Email