Saturday April 21st, 2018 - 1:30:pm
topbanner

ഫിലിം റിവ്യൂ: വര്‍ണ്യത്തില്‍ ആശങ്ക

NewsDeskSKR
ഫിലിം റിവ്യൂ: വര്‍ണ്യത്തില്‍ ആശങ്ക

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ സിനിമകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വര്‍ണ്യത്തില്‍ ആശങ്ക.' 'ചന്ദ്രേട്ടന്‍ എവിടെയാ?' എന്ന ചിത്രം പോലെ ഹാസ്യമാണ് വര്‍ണ്യത്തില്‍ ആശങ്കയുടെയും ഭാവം. ഒരു നാട്ടിലെ അഞ്ചു കള്ളന്മാരെ ചുറ്റിപ്പറ്റി വികസിച്ച്, സമൂഹത്തിലെ പ്രസക്തമായ പല പ്രശ്‌നങ്ങളെയും പ്രതിപാദിച്ച് പോകുന്ന ഒരു ഹാസ്യ സിനിമ. തന്റെ സ്വതസിദ്ധമായ സംവിധാന മികവ് സിദ്ധാര്‍ത്ഥ് അടയാളപ്പെടുത്തുന്നുണ്ടെങ്കിലും കഥയിലെയും തിരക്കഥയിലെയും കനമില്ലായ്മ ചിത്രത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന ചലച്ചിത്ര സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായൊരു ചിത്രം എന്ന രീതിയില്‍ രസിപ്പിക്കുന്നുണ്ട് 'വര്‍ണ്യത്തില്‍ ആശങ്ക.' അഭിനേതാക്കളുടെ പ്രകടനവും ഉള്‍ക്കനമില്ലായ്മയിലും വിരസമാകാതെ സിനിമയെ രക്ഷിച്ചു നിര്‍ത്തുന്നുണ്ട്.

സാഹചര്യം കള്ളനാകാന്‍ പ്രേരിപ്പിക്കുന്നവരും, കളവ് തൊഴിലാക്കിയവരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബന്‍, മണികണഠന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ കളവ് തൊഴിലാക്കി ജീവിക്കുമ്പോള്‍ സാഹചര്യം കാരണം ഇവര്‍ക്കൊപ്പം ചേരുകയാണ് ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ കഥാപാത്രങ്ങള്‍.

ജീവിക്കാനായി പെടാപ്പാടു പെടുന്ന ഇവര്‍ തൃശൂരിലെ വലിയൊരു സ്വര്‍ണ്ണക്കട മോഷ്ടിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതും, അതുമായി ബന്ധപ്പെട്ട ആശങ്കകളും രസങ്ങളും ചേര്‍ന്നതാണ് സിനിമ. കൃത്യമായ ഒരു കഥ എന്നതിലുപരി കുറേ സംഭവങ്ങളെ കൂട്ടിയിണക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ തന്നെ മുമ്പ് പലവുരു വന്നിട്ടുള്ള 'മോഷണ സിനിമകളുടെ' സ്ഥിരം ചേരുവകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ഒരു പരിധിവരെ 'വര്‍ണ്യത്തില്‍ ആശങ്ക' ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

മോഷണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ വിശദീകരിക്കുന്നതിനൊപ്പം ഇന്നത്തെ കേരളത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ കൊലപാതക രാഷ്ട്രീയത്തെ ഹാസ്യരൂപേണ ചിത്രീകരിക്കാനും സിനിമ ശ്രമിച്ചിട്ടുണ്ട്. സിപിഐഎം-ബിജെപി അക്രമരാഷ്ട്രീയമാണ് സിനിമയില്‍ പ്രസക്തമായി കടന്നുവരുന്നത്. ഈ സിനിമ ഇറങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് രാഷ്ട്രീയക്കൊലപാതകം അരങ്ങേറി എന്നത് എത്രത്തോളം പ്രസക്തമാണ് ഈ വിഷയം എന്നത് വ്യക്തമാക്കിത്തരുന്നു.

നേരത്തെ പറഞ്ഞതുപോലെ ഉള്‍ക്കരുത്തില്ലാത്ത കഥയാണ് ചിത്രത്തെ മുഷിപ്പിക്കുന്നത്. ജ്വല്ലറി മോഷണ സീനാകട്ടെ അല്‍പ്പം നീണ്ടുപോയി വിരസത അനുഭവിപ്പിക്കുന്നുമുണ്ട്. എന്നാലും ഇവിടങ്ങളിലെല്ലാം അഭിനേതാക്കളുടെ രസകരമായ പ്രകടനങ്ങള്‍ സിനിമയുടെ ആസ്വാദനം മെച്ചപ്പെടുത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ തുടക്കം മുതല്‍ ഓരോ സംഭവങ്ങളെയും കൂട്ടിയിണക്കാനായി സംവിധായകന്‍ സൃഷ്ടിച്ച വൈഭവത്തെയും പ്രശംസിക്കണം. സമീപത്തുകൂടെ റെയില്‍വേ കടന്നുപോകുന്ന ഗ്രാമം, പബ്ലിക് ടാപ്പ്, ഹര്‍ത്താലിലേയ്ക്ക് നയിച്ച സംഭവം എന്നിങ്ങനെ സിദ്ധാര്‍ത്ഥ് എന്ന സംവിധായകന്റെ പ്രതിഭ വെളിവാക്കുന്നുണ്ട് ചിത്രം.

സാങ്കേതികപരമായി മികച്ച സൃഷ്ടിയാണ് 'വര്‍ണ്യത്തില്‍ ആശങ്ക.' ഛായാഗ്രഹണം, സംഗീതം, എഡിറ്റിങ്, സൗണ്ട് മികിസിങ് എന്നിങ്ങനെ സമസ്ത മേഖലയിലും ചിത്രം മികവു പുലര്‍ത്തിയിട്ടുണ്ട് 'വര്‍ണ്യത്തില്‍ ആശങ്ക'. 'ചന്ദ്രേട്ടന്‍ എവിടെയാ?' എന്ന മുന്‍ ചിത്രത്തിലേതുപോലെ സരളമായി കഥ പറയാനുള്ള അവസരം ഈ തിരക്കഥ സംവിധായകന് നല്‍കിയില്ലെന്നു മാത്രം. എന്നിരിക്കിലും യുക്തിയെ ചോദ്യം ചെയ്യുന്ന ചവര്‍പ്പുകള്‍ക്കിടയില്‍ ആശ്വാസം പകരുന്ന കാഴ്ചയാകും 'വര്‍ണ്യത്തില്‍ ആശങ്ക.'

English summary
varnyathil aashanka review

More News from this section

Subscribe by Email