Monday December 16th, 2019 - 3:30:am
topbanner

കാമ്പില്ലാത്ത ത്രില്ലര്‍: 'സ്ട്രീറ്റ് ലൈറ്റ്‌സ്' റിവ്യൂ

NewsDeskSKR
കാമ്പില്ലാത്ത ത്രില്ലര്‍: 'സ്ട്രീറ്റ് ലൈറ്റ്‌സ്' റിവ്യൂ

മലയാളം, തെലുങ്ക് സിനിമകളിലെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ 'സ്ട്രീറ്റ് ലൈറ്റ്‌സ്.' തിരക്കഥ രചിച്ചിരിക്കുന്നത് ഫവാസ് മുഹമ്മദ്. ഒരു പറ്റം കഥാപാത്രങ്ങളിലൂടെ, ഒരു പ്രത്യേക ഒബ്ജക്ട്/സംഭവം വഴി ഈ കഥാപാത്രങ്ങളെ കൂട്ടിയിണക്കി, നോണ്‍ ലീനിയര്‍ സ്‌റ്റൈലില്‍ കഥ പറയാന്‍ ശ്രമിക്കുന്ന ഒരു ത്രില്ലറാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്.' എന്നാല്‍ തിരക്കഥ, സംവിധാനം എന്നിങ്ങനെ ഒട്ടുമിക്ക ഇടങ്ങളിലും പിഴച്ചുപോയ 'സ്ട്രീറ്റ് ലൈറ്റ്‌സ്' ഈയിടെ ഇറങ്ങുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഒന്നു മാത്രമായി ഒതുങ്ങുകയാണ്. മികച്ചൊരു മമ്മൂട്ടിച്ചിത്രത്തിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് സാരം. ഒട്ടും ത്രില്‍ അടിപ്പിക്കാത്ത കഥാപാത്രങ്ങളും, സംഭവങ്ങളും, കേസന്വേഷണവുമായി സിനിമ സംവിധായകന്റെ കൈവിട്ടുപോകുമ്പോള്‍ പ്രേക്ഷകര്‍ മടുപ്പിലേയ്ക്ക് ഊര്‍ന്നുവീഴുന്ന കാഴ്ചയാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്.'

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാമ്പില്ലാത്ത കെട്ടുകാഴ്ചകളില്‍ മമ്മൂട്ടി വീണ്ടും മയങ്ങിവീഴുന്നതിനുള്ള ഉദാഹരണമാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്.' മാസ്റ്റര്‍പീസ് അടക്കമുള്ള മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നവാഗതസംവിധായകന്റെ പിഴവാണ് പരാജയത്തിന് കാരണം എന്നു മാത്രം. എങ്കിലും ആദ്യ സംവിധായകന്‍ എന്ന നിലയില്‍ എന്തെല്ലാമോ ശ്രമിച്ചശേഷം മാത്രമാണ് ഷാംദത്ത് പരാജയപ്പെടുന്നത്.

കൊച്ചി നഗരത്തിലെ ഒരു സമ്പന്നന്റെ വീട്ടില്‍ നിന്നും കോടികള്‍ വിലയുള്ള ഒരു ഡയമണ്ട് നെക്ലേസ് മോഷണം പോകുന്നു. ഇത് അന്വേഷിക്കാനെത്തുകയാണ് സമ്പന്നന്റെ ബന്ധു കൂടിയായ ജെയിംസ് എന്ന പോലീസ് ഓഫീസര്‍ (മമ്മൂട്ടി). എന്നാല്‍ വെറുമൊരു നെക്ലേസ് അന്വേഷണം അല്ല, അതിനു പിന്നിലുള്ള ആളെ ജെയിംസ് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ആ കാരണം ഇതള്‍വിടര്‍ത്തിക്കൊണ്ടാണ് സിനിമ കഥ പറയുന്നത്. ഒപ്പം കള്ളന്മാരായ സച്ചു (ധര്‍മ്മജന്‍), രാജന്‍ (ഹരീഷ് പെരുമണ്ണ), സ്‌കൂള്‍ കുട്ടിയായ മണി (ആദിഷ്), മൊബൈല്‍ സിം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രമ്യ (ലിജോ മോള്‍), രമ്യയെ പ്രണയിക്കുന്ന കാമുകന്‍ (സൗബിന്‍) എന്നിങ്ങനെ ഒരുപറ്റം കഥാപാത്രങ്ങളെ പല രീതിയില്‍ മോഷ്ടിക്കപ്പെട്ട നെക്ലേസുമായി കൂട്ടിയണക്കുന്നു. ഇത്തരത്തില്‍ നോണ്‍ ലീനിയിര്‍ സ്വഭാവത്തിലൂടെ ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ നറേറ്റീവ് പിന്തുടരാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്.

street lights malayalam review

എന്നാല്‍ കാമ്പില്ലാത്ത കഥയും തിരക്കഥയും 'സ്ട്രീറ്റ് ലൈറ്റ്‌സി'നെ മടുപ്പിക്കുകയാണ്. പ്രവചനാത്മകതയാണ് മടുപ്പ് ഉളവാക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകം. ഫഌഷ് ബാക്ക് കഥകളും, ഉപകഥകളും ഒട്ടും ആകര്‍ഷണീയമല്ല. ഇത്രയ്‌ക്കൊക്കെ കൊണ്ടുപിടിച്ച് അന്വേഷിക്കാന്‍ മാത്രം എന്തെങ്കിലും ഈ കേസിലുണ്ടോ എന്ന സംശയമാണ് പലപ്പോഴും തോന്നുക. ഇതിനിടെ ഇടയ്ക്കിടെ വരുന്ന ഉപകഥകളും, ഉപകഥകള്‍ക്കുള്ളിലെ ഫഌഷ്ബാക്കുകളുമൊന്നും രസകരമായി തിരക്കഥയില്‍ ചേര്‍ക്കാനോ, മുഴച്ചു നില്‍ക്കാത്തവിധം സംവിധാനകയ്യടക്കത്തിലൂടെ അവതരിപ്പിക്കാനോ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

ഷാംദത്ത് നേരത്തെ അഭിമുഖങ്ങളിലൂടെയും മറ്റും പറഞ്ഞതുപോലെ അനാവശ്യമായി കോമഡി രംഗങ്ങളോ ത്രില്ലിങ് രംഗങ്ങളോ ഒന്നും ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കഥയ്ക്ക് വേണ്ടത് മാത്രം പറഞ്ഞുപോകുന്നു എന്നേയുള്ളൂ. എന്നാല്‍ കഥ തന്നെ ആകര്‍ഷണീയമല്ലാത്ത രീതിയില്‍ പറയുമ്പോള്‍ മറ്റുള്ളവയ്ക്കും മങ്ങലേല്‍ക്കുകയാണ്. ഹരീഷ്-ധര്‍മ്മജന്‍ ടീമിന്റെ കെമിസ്ട്രിയും കോമഡിയും ഒന്നും മിക്കപ്പോഴും രസിപ്പിക്കുന്നില്ല എന്നത് സങ്കടകരം. പലപ്പോഴും ലോജിക് ഇല്ലായ്മയും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

കഥാപാത്രങ്ങള്‍ക്ക് പ്രത്യേകമായി അഭിനയിച്ച് കഷ്ടപ്പെടേണ്ട തരത്തിലല്ല ചിത്രത്തിന്റെ തിരക്കഥ. എങ്കിലും ഉള്ള സ്‌പേസില്‍ നിന്നുകൊണ്ട് ബാലനടനായ ആദിഷ് തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. മമ്മൂട്ടി എന്ന വലിയ നടന് ചെയ്യാന്‍ മാത്രം ഉള്ള കഥാപാത്രമല്ല ജെയിംസ്. ഹരീഷ്, ധര്‍മ്മജന്‍ എന്നിവരെല്ലാം സ്ഥിരം ശൈലിയില്‍ മടുപ്പിക്കാതെ അഭിനയിച്ചു. സൗബിന്‍, ലിജോ എന്നിവര്‍ 'മഹേഷിന്റെ പ്രതികാര'ത്തിലെ കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളെപ്പോലെ തോന്നിച്ചു.

സാങ്കേതികരംഗത്ത് പ്രത്യേക മികവൊന്നും എടുത്തുപറയാനില്ല. നവാഗതസംവിധായകന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തിയില്ലെങ്കിലും ഷാംഗത്തിന് കാമ്പുള്ള, നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Read more topics: street lights, mammootty
English summary
street lights malayalam review
topbanner

More News from this section

Subscribe by Email