Monday December 17th, 2018 - 1:28:am
topbanner

മികച്ച പരീക്ഷണം, പിഴച്ച ആഖ്യാനം: സോളോ [ റിവ്യൂ ]

NewsDeskSKR
മികച്ച പരീക്ഷണം, പിഴച്ച ആഖ്യാനം: സോളോ [ റിവ്യൂ ]

വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളിലൂടെ ബോളിവുഡില്‍ പേരെടുത്ത സംവിധായകനാണ് മലയാളിയായ ബിജോയ് നമ്പ്യാര്‍. ദുല്‍ഖറിനെ നായകനാക്കി ബിജോയ് നാല് കഥകളുടെ സമുച്ചയമായി (ആന്തോളജി) സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയാണ് ഉയര്‍ത്തിയത്. ആന്തോളജി സിനിമകളെ വാണിജ്യപരമായി പരാജയപ്പെടുത്തിയ ചരിത്രമാണ് പൊതുവെ മലയാളസിനിമയിലുള്ളതെങ്കിലും പരീക്ഷണചിത്രങ്ങള്‍ വിജയിക്കുന്ന ഒരു കാലത്ത് സോളോ ഒരു മാറ്റമാകും എന്നായിരുന്നു നിനച്ചത്. പ്രതീക്ഷയില്‍ ഒരല്‍പ്പം ഇടിവ് നേരിട്ടെങ്കിലും പരീക്ഷണചിത്രം എന്ന നിലയില്‍ മികച്ചതായിട്ടുണ്ട് 'സോളോ.' എന്നാല്‍ ആഖ്യാനത്തില്‍ പാളിയത് അസ്വാദനത്തെ കാര്യമായി തളര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഹിന്ദു ദൈവമായ ശിവനെ അടിസ്ഥാനമാക്കി, ശിവന്റെ ഭാവങ്ങളെ പഞ്ചഭൂതങ്ങളിലെ ജലം, വായു, അഗ്നി, ഭൂമി എന്നിവയുമായി അലിയിച്ചാണ് ബിജോയ് തന്റെ സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളത്. അത്തരത്തില്‍ പരസ്പരം നേരിട്ട് ബന്ധമില്ലാത്ത നാല് കഥകളാണ് സോളോ പറയുന്നത്. എല്ലാ കഥകളിലെയും കേന്ദ്രകഥാപാത്രങ്ങളാകുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. എന്നാല്‍ പല നാട്ടില്‍, പല കഥാപാത്രങ്ങളായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ കഥയില്‍ ശേഖര്‍ ആയും, രണ്ടാം കഥയില്‍ ത്രിലോക് ആയും, മൂന്നാമത് ശിവയായും, അവസാനം രുദ്രയായും ദുല്‍ഖറെത്തുന്നു.

solo-review-malayalam

പുരാണത്തിലോ ഐതിഹ്യത്തിലോ ഉള്ള കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തങ്ങളുടേതായ രീതിയില്‍, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച അപനിര്‍മ്മിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ഏറെയുണ്ട്. സിനിമയാകാനൊരുങ്ങുന്ന രണ്ടാമൂഴവും, ലങ്കാലക്ഷ്മിയും, ഇനി ഞാനുറങ്ങട്ടേയുമെല്ലാം അവയില്‍ ചിലത് മാത്രമാണ്. പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയവ സിനിമയാകുകയും ചെയ്തു. അതേസമയം ശൈവഭാവങ്ങളും പഞ്ചഭൂതത്തിലെ നാലെണ്ണവും ഒരുമിപ്പിച്ചുള്ള ഈ പരീക്ഷണം തീര്‍ത്തും പുതുമയേറിയതാണ്, പ്രത്യേകിച്ച് മലയാളത്തില്‍.

ഓരോ കഥയിലും ഓരോ ഭാവമാണ് കേന്ദ്രകഥാപാത്രത്തിന്. അത് പ്രണയം, പ്രതികാരം, നിസ്സഹായത, ക്ഷമ എന്നിങ്ങനെ പലതുമായി മാറിമറിയുന്നു. എന്നാല്‍ ആദ്യ കഥയായ ശേഖറിന്റെ ലോകത്തിനും, മൂന്നാം കഥയായ ശിവയുടെ ലോകത്തിനുമപ്പുറം മറ്റ് രണ്ടു കഥകളും ആഴമില്ലാത്തവയായാണ് അനുഭവപ്പെട്ടത്. ശേഖര്‍, ശിവ എന്നിവരെ വൈകാരികമായി ആഴത്തിലവതരിപ്പിച്ചപ്പോള്‍ അത്ര തീക്ഷ്ണതയോടെ മറ്റ് രണ്ട് കഥാപാത്രങ്ങളെയോ കഥയെയോ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇതില്‍ അവസാനത്തെ കഥയാകട്ടെ അസ്വാഭാവികം എന്നു തോന്നിപ്പിച്ച ശേഷം അതിസാധാരണതയിലേയ്‌ക്കെത്തി നിരാശ പകരുകയുമാണ്.solo-review-malayalam

സാങ്കേതികരംഗത്ത് ചിത്രത്തിലെ ഛായാഗ്രഹണം മൊത്തത്തില്‍ മികവ് പുലര്‍ത്തുന്നതാണ്. എന്നാല്‍ ത്രിലോകിന്റെ കഥയിലെ സൈക്കിള്‍ രംഗം ഒരു പരസ്യചിത്രത്തിന്റെ ഫീലാണ് നല്‍കുന്നത് എന്നത് കല്ലുകടിയാണ്. ഒരു സാധാരണ റിവഞ്ച് ത്രില്ലര്‍ മാത്രമായി ഈ ചിത്രം അവസാനിക്കുമ്പോള്‍ ഛായാഗ്രഹണത്തിലെ ഈ ന്യൂനത മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. അതേസമയം ശേഖറിന്റെ കഥയിലെ ക്യാമറാ വര്‍ക്ക് മനോഹരമാണ്. തെളിമയുള്ള ദൃശ്യങ്ങളാണ് ഛായാഗ്രാഹകന്‍ ഈ ചിത്രത്തില്‍ നല്‍കിയിട്ടുള്ളത്. ശിവയുടെ ലോകമാകട്ടെ, ആ ലോകത്തിന്റെ മൂഡ്, ഫീല്‍ എന്നിവ കൃത്യമായി വെളിവാക്കുന്നതാണ്. അവസാന ചിത്രത്തില്‍ കഥ പതറുമ്പോഴും രസക്കേട് വലിയ രീതിയില്‍ അനുഭവപ്പെടുത്താതെ കാക്കുന്നത് സിനിമാറ്റഗ്രോഫിയാണ്. പലരുടെ കഥയായതിനാലാകാം പല ഛായാഗ്രാഹകരെ ഉപയോഗിച്ച് അവ ക്യാമറയിലാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. എന്നാല്‍ അവ സിനിമയ്ക്ക് ചെറുതല്ലാത്ത തരത്തില്‍ തന്നെ ദോഷമാണ് ചെയ്തത്. വിവേക് ഹര്‍ഷന്റെ എഡിറ്റിങ് നിലവാരം പുലര്‍ത്തിയിട്ടുള്ളത്. എന്നാല്‍ സാങ്കേതികരംഗത്ത് എല്ലാത്തിലും മുകളില്‍ നിന്നത് പശ്ചാത്തലസംഗീതമാണ്. ശിവയുടെ കഥയിലെ നിര്‍ണ്ണായകരംഗത്ത് ഭക്തിഗാനത്തെ റിവഞ്ച് ത്രില്ലര്‍ മ്യൂസിക് ആയി അവതരിപ്പിച്ചതിലെല്ലാം സംഗീതസംവിധായകന്റെ ബ്രില്ല്യന്‍സ് പ്രകടമാണ്.

അഭിനയരംഗത്ത് വിസ്മയിപ്പിക്കുന്ന ഭാവപ്പകര്‍ച്ച നടത്താന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. നാല് കഥാപാത്രങ്ങളെയും നാല് വ്യത്യസ്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ശിവയായുള്ള പ്രകടനം മറ്റുള്ളവയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കും. കൊല്ലപ്പെട്ട അച്ഛനെ നോക്കി ഭൂതകാലം ഓര്‍മ്മിക്കുന്ന ശിവയുടെ ഭാവം ദുല്‍ഖറിനെ നടന്‍ പക്വത പ്രാപിക്കുന്നതിന്റെ അടയാളമാണ്. പിന്നീട് മികവ് കാട്ടിയതായി തോന്നിയത് രാധികയെ അവതരിപ്പിച്ച സായി ധന്‍സികയാണ്. അന്ധയായ ആ കഥാപാത്രത്തെ കയ്യടക്കത്തോടെ ഈ നടി മികച്ചതാക്കിയിട്ടുണ്ട്. നായികമാരായ മറ്റ് സ്ത്രീകഥാപാത്രങ്ങളില്‍ ഭേദമെന്ന് തോന്നിയത് അക്ഷരയെ അവതരിപ്പിച്ച നേഹ ശര്‍മ്മയാണ്. മികച്ച നടിയായിട്ടും നിരാശ പകര്‍ന്നതാകട്ടെ രുദ്രയുടെ അമ്മവേഷം ചെയ്ത സുഹാസിനിയാണ്. അതിനാടകീയമായ അവരുടെ ശരീരഭാഷ ആസ്വാദനത്തിലെ ചവര്‍പ്പാണ്. നാസറും തന്റെ കഴിവിനൊത്ത് ഉയര്‍ന്നതായി തോന്നിയില്ല. മനോജ് കെ ജയന്‍ രസിപ്പിച്ചിട്ടുണ്ട്.

പരീക്ഷണം എന്ന നിലയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സോളോ. ഫാന്‍സ് പ്രതീക്ഷയോട് ഒട്ടും ചേര്‍ന്നു നില്‍ക്കാത്ത സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുമോ എന്നതും സംശയമാണ്.

solo-review-malayalam

 

English summary
Solo review malayalam
topbanner

More News from this section

Subscribe by Email