Wednesday May 23rd, 2018 - 2:14:pm
topbanner

സിങ്കം 3 റിവ്യൂ

NewsDeskSKR
സിങ്കം 3 റിവ്യൂ

പോലീസ് ഓഫിസറായി സൂര്യയുടെ മൂന്നാംവരവ് കുറിക്കുന്ന സിങ്കം സീരീസിലെ സിനിമയാണ് സിങ്കം 3. മുമ്പത്തെ രണ്ടു സിനിമകളുടെയും സംവിധായകനായ ഹരി തന്നെയാണ് കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ ചെയ്തിട്ടുള്ളത്. ആദ്യ സിനിമയില്‍ തമിഴ്‌നാട്ടിലെ വില്ലന്മാരെ പിടിക്കുകയും നശിപ്പിക്കുകയുമായിരുന്നു ദുരൈ സിങ്കം എന്ന സൂര്യ കഥാപാത്രത്തിന്റെ ദൗത്യമെങ്കില്‍ രണ്ടാം തവണ സൗത്ത് ആഫ്രിക്കന്‍ വില്ലനെയാണ് ഇദ്ദേഹം നേരിടുന്നത്. ഇപ്പോള്‍ സിങ്കം 3യില്‍ വില്ലനെത്തുന്നത് അങ്ങ് ഓസ്‌ട്രേലിയയില്‍ നിന്നുമാണ്. ഇനി ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലെ വില്ലന്മാരെയും ഉന്മൂലനം ചെയ്യുന്ന തുടര്‍ 'സിങ്കക്കഥകള്‍' ഉണ്ടാകുമോ എന്നതാണ് ഈ സിനിമ കണ്ടിറങ്ങിയ ശേഷം ആദ്യം മനസ്സിലുയര്‍ന്ന ചോദ്യം.

ഒറ്റനോട്ടത്തില്‍ അറുപഴഞ്ചന്‍ കഥയെ പുത്തന്‍ സാങ്കേതിക വിദ്യ കൂട്ടുപിടിച്ച് അവതരിപ്പിച്ച ഒരു മാസ് മസാല സിനിമ എന്നാണ് സിങ്കം 3യെക്കുറിച്ച് പറയാനുള്ളത്. തമിഴിലെന്നല്ല ലോകത്തെ എല്ലാ ഭാഷയിലും ഒരുപക്ഷേ ഈ കഥയില്‍ സിനിമകള്‍ വന്നിട്ടുണ്ടാകും. ഒരു പോലീസ്, ജനത്തെ ദ്രോഹിക്കുന്ന വില്ലന്‍, വില്ലനെ തട്ടാനുള്ള പോലീസിന്റെ ദൗത്യം എന്ന ആ പഴയ ഫോര്‍മുല തന്നെ. പക്ഷേ ഇവിടെ അവതരണരീതി ചെറുതായി മാറിയിട്ടുണ്ട്. ആദ്യം മുതല്‍ അവസാനം വരെ ദ്രുതഗതിയിലാണ് ക്യാമറയുടെ ചലനം പോലും. ഒപ്പം കൂട്ടായി തച്ചുതകര്‍ക്കുന്ന പശ്ചാത്തലസംഗീതവും. ഇതിനിടയില്‍ തമിഴ് മസാല സിനിമകളുടെ സ്ഥിരം ശീലങ്ങളായ ഒരിത്തിരി പ്രേമം, ഡാന്‍സ്, പാട്ട് തുടങ്ങിയവയെല്ലാം ഉണ്ട്. അടിയുണ്ട് ഇടിയുണ്ട് വെടിയുണ്ട് എന്ന കാര്യം ഈ സിനിമയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്ന് കരുതുന്നു.

ഓസ്‌ട്രേലിയയില്‍ നിന്നും ഇലക്ട്രോണിക് വേസ്റ്റുകളും, ബയോളജിക്കല്‍ വേസ്റ്റുകളും ഇന്ത്യയിലേയ്ക്ക് കടത്തുന്ന പാതി ഓസ്‌ട്രേലിയക്കാരനായ മന്ത്രിപുത്രനാണ് സിങ്കം 3യിലെ ഒന്നാം വില്ലന്‍. ഇയാളുടെ താഴെ പ്രവര്‍ത്തിക്കുന്നവരിലൂടെ അന്വേഷണം തുടങ്ങുന്ന ദുരൈ സിങ്കം അവസാനം പ്രധാന വില്ലനിലെത്തും. എന്നിട്ട് ഇയാളയങ്ങ് തട്ടും. ഇതേയുള്ളു 'കഥ' എന്നു വിളിക്കാവുന്ന സാധനം. വെളിവാക്കാന്‍ പാടില്ലാത്ത ട്വിസ്റ്റോ മറ്റോ ഒന്നുമില്ല. എങ്ങനെ ഇയാളെ, എത്ര ചടുലതയോടെ, എത്ര വെടിയും ഇടിയും വച്ച് പിടിക്കുന്നു എന്നറിയാനുള്ള കാഴ്ചയാണ് സിനിമ. ത്രില്ലടിപ്പിക്കുന്ന സംഘടന്നരംഗങ്ങളൊഴിച്ചാല്‍ ആകെത്തുകയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന പടം. ഇതില്‍ അവസാനരംഗത്തിലെ സംഘട്ടനം ബോറടിപ്പിക്കുന്നതാണ് എന്ന് പറയാതിരിക്കാനും വയ്യ.

നായകന് മിനിമം രണ്ട് നായികമാര്‍ വേണമെന്നതാണ് ഇപ്പോള്‍ തമിഴിലെ മറ്റൊരു ക്ലീഷേ. ഇതില്‍ ചുമ്മാ നായകനെ പ്രണയിച്ച്. പിന്നീട് മനസ്സു വിങ്ങാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ സിദ്ധിച്ചിരിക്കുന്നത് ശ്രുതി ഹാസനാണ്. നായകന്റെ നന്മയില്‍ മതിമറക്കാനും, വീരസ്യത്തില്‍ പുളകിതയാകാനും, ഒന്നോ രണ്ടോ പാട്ടുകളില്‍ ചുവടുവയ്ക്കാനുമാണ് ഈ നായിക. ഒരിത്തിരി പ്രാധാന്യം കൂടെ ശ്രുതിയുടെ റോളിന് നല്‍കിയിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. മറ്റൊരു നായികയായി അനുഷ്‌കയുടെ കഥാപാത്രത്തെ മൂന്നു സിനിമകളിലും നിലനിര്‍ത്തിയ സംവിധായകന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു.

സിനിമയിലെ മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് രാജ്യസ്‌നേഹമാണ്. 'യൂണിവേഴ്‌സല്‍ കോപ്' എന്നാണ് സിങ്കം 3യുടെ പോസ്റ്ററുകളിലെ കാപ്ഷന്‍. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയുമാണ്. എവിടെ പോയാലും തമിഴന്റെ ഔന്നത്യം മാത്രം പറയുന്നു തമിഴ് നായകന്മാരില്‍ നിന്നും വ്യത്യസ്തമായി 'ഇന്ത്യക്കാരനാണ്' താന്‍ എന്ന് നായകന്‍ ഈ സിനിമയില്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. ദേശസ്‌നേഹം വാരിവിതറിയ ചില അമേരരിക്കന്‍ സിനിമകളെയാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. അതിനിടെ സൗത്ത് ഇന്ത്യയെ മാത്രമായി ഒന്നു പുകഴ്ത്താനും നായകന്‍ ഒരുമ്പെടുന്നുണ്ട്. പ്രാദേശിക വാദം വര്‍ദ്ധിക്കുന്ന ഇന്നത്തെ കാലത്ത് നല്ല ഉദ്ദേശ്യത്തോടെയുള്ള ഈ സംഭാഷണങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്; രാജ്യസ്‌നേഹമായാല്‍ത്തന്നെയും അമിതമാകാതെ നോക്കണമെന്നു മാത്രം.

സ്ത്രീകളെ മേനിപ്രദര്‍ശനത്തിന് ഏര്‍പ്പാടാക്കുന്ന പരിപാടി ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു എന്നത് പ്രത്യേകം സൂചിപ്പിക്കണമെന്നു തോന്നുന്നില്ല. ഇതു തന്നെയാണല്ലോ 'മാസ് മസാല' എന്ന പേരിലിറക്കുന്ന മിക്ക ഇന്ത്യന്‍ സിനിമകളുടെയും രീതി. ഇതിനിടെ 'സ്ത്രീകള്‍ പോലീസ് സ്‌റ്റേഷനില്‍ പോകരുത്' എന്ന് നായകന്‍ ശ്രുതിയുടെ കഥാപത്രത്തോടു പറയുന്നുണ്ട്. അതിന്റെ അര്‍ത്ഥം പോലീസുകാരെല്ലാം തോന്നിവാസികളാതുകൊണ്ടാണ് എന്നാണോ ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ ഹരിയോടു തന്നെ ചോദിക്കണം.

സാങ്കേത്തിക മികവില്‍ മുന്നിട്ട് നില്‍ക്കുന്ന ഒരു ശരാശരി സിനിമയാണ് സിങ്കം 3 എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു.

Read more topics: Singam 3, Review, suriya,
English summary
Singam 3 Review.

More News from this section

Subscribe by Email