Friday July 19th, 2019 - 8:04:pm
topbanner
topbanner

'ഓര്‍ഡിനറി' ശിക്കാരി ശംഭു: ശിക്കാരി ശംഭു [ റിവ്യൂ ]

NewsDeskSKR
'ഓര്‍ഡിനറി' ശിക്കാരി ശംഭു: ശിക്കാരി ശംഭു [ റിവ്യൂ ]

റേറ്റിങ് 5/10

ഓര്‍ഡിനറി എന്ന ആദ്യം ചിത്രം തന്നെ ഹിറ്റ് ആക്കിയെങ്കിലും പിന്നീട് നല്ലൊരു ചിത്രം സുഗീതില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടില്ല. തമ്മില്‍ ഭേദം എന്നു പറയാവുന്നത് 'മധുര നാരങ്ങ' മാത്രമായിരുന്നു. ഇത്തവണ ഒരു ഹിറ്റ് പ്രതീക്ഷിച്ച്, സേഫ് സോണ്‍ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമായി കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുകയാണ് 'ശിക്കാരി ശംഭു'വിലൂടെ സുഗീത്. തിരക്കഥ രചിച്ചിരിക്കുന്നത് നിഷാദ് കോയ. തരക്കേടില്ലാത്ത ഒരു കഥയുടെ മോശം തിരക്കഥയും, മോശം സംവിധാനം ചേരുന്ന 'ശിക്കാരി ശംഭു' പക്ഷേ ഒരു ശരാരശി ചിത്രം മാത്രമാവുന്നതാണ് കാഴ്ച.

പുലിയെ പിടിക്കാനായി ഗ്രാമത്തില്‍ വരുന്ന വാറുണ്ണി (മൃഗയ) മുതല്‍ പുലിമുരുകന്‍ വരെ പ്രേക്ഷകരെ രസിപ്പിച്ച പ്രമേയമാണ് വേട്ടക്കാരന്റെ കഥ. ക്രൂരമൃഗത്തെ വേട്ടയാടുന്നതിനൊപ്പം ഗ്രാമത്തിലെ പ്രശ്‌നങ്ങളിലും മറ്റും വേട്ടക്കാര്‍ ഇടപെടുന്നതോടെയാണ് ഇത്തരം സിനിമകള്‍ക്ക് രസം കൂടിവന്നത്. ഇതേ അച്ചില്‍ തന്നെയാണ് 'ശിക്കാരി ശംഭു'വും വേട്ടയ്ക്കിറങ്ങുന്നത്.

പ്രേക്ഷകര്‍ പലയാവര്‍ത്തി കണ്ട പല സിനിമകളിലെയും കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളുമെല്ലാം മലയോരഗ്രാമത്തില്‍ പുലിവേട്ടയ്ക്കിറങ്ങുന്ന കഥയിലേയ്ക്ക് പറിച്ചുനട്ടിരിക്കുകയാണ് നിഷാദ് കോയ. കേട്ട കഥയാണെങ്കിലും സംവിധാനത്തിലെ കൈയടക്കം കൊണ്ട് പുതിയ പ്രതീതി നല്‍കാന്‍ സുഗീതിന് കഴിയുന്നുമില്ല. അതിനാല്‍ത്തന്നെ പലപ്പോഴും ഇഴച്ചില്‍ അനുഭവപ്പെടുത്തിയും ബോറടിപ്പിച്ചും ശരാശരി ചിത്രമായി ഒതുങ്ങുകയാണ് 'ശിക്കാരി ശംഭു.'

shikkari-shambhu-review

കുരുതിമലക്കാട് എന്ന മലയോരഗ്രാമത്തില്‍ പുലിയിറങ്ങിയിരിക്കുകയാണ്. രണ്ട് മനുഷ്യരെ ഇതുവരെ പുലി കൊന്നു. വളര്‍ത്തു മൃഗങ്ങളെ വേറെയും. പുലിയെ പിടിക്കാന്‍ കുന്നംകുളത്തെ വാറുണ്ണിയെ കിട്ടുമോ എന്നറിയാന്‍ ഗ്രാമത്തിലെ പള്ളീലച്ചന്‍ ഫോണ്‍ ചെയ്യുന്നു. പക്ഷേ വാറുണ്ണിക്കു പകരം വേട്ടക്കാരെന്ന് അവകാശപ്പെട്ട് ഗ്രാമത്തിലെത്തുന്നത് മോഷണം നടത്തി ജീവിക്കുന്ന പീലിപ്പോസ് (കുഞ്ചാക്കോ ബോബന്‍), അച്ചു (വിഷ്ണു ഉണ്ണികൃഷ്ണന്‍), ഹരീഷ് പെരുമണ്ണ എന്നിവരാണ്.

സ്ഥിരം കച്ചവട സിനിമയുടെ ശൈലി പിന്തുടരുന്ന ഈ രംഗങ്ങളെല്ലാം നന്നായി ബോറടിപ്പിക്കുന്നവയാണ്. നാട്ടില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കുന്നതിനൊപ്പം ഇവരെ 'വരുത്തന്മാര്‍' എന്നു വിളിച്ച് ദേഷ്യം കാട്ടുന്ന കഥാപാത്രങ്ങളുമുണ്ട്. എല്ലാം പഴയ സിനിമകളോട് സാദൃശ്യമുള്ളവ.

പിന്നീട് നാട്ടില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ പുലിയെ പിടിക്കുന്നതുവരെ ഹാസ്യപ്രധാനരംഗങ്ങളാണ്. ഇതിനിടെ പ്രണയം, അടിപിടി ഇങ്ങനെ പോകുന്നു. ഇടവേളയ്ക്ക് ശേഷം സിനിമ ഒരു ത്രില്ലര്‍ മൂഡിലേയ്ക്ക് കടക്കുകയും ചെയ്യുന്നു. പക്ഷേ നേരത്തെ പറഞ്ഞതുപോലെ തരക്കേടില്ലാത്ത കഥയുടെ മോശം തിരക്കഥയാണ് ആദ്യം തന്നെ സിനിമയ്ക്ക് വിനയായത്.

ആവര്‍ത്തനവിരസതയുണ്ടാക്കുന്ന സീനുകള്‍ ആദ്യം തന്നെ പ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റുന്നു. ഹാസ്യസിനിമ ചെയ്യണം എന്ന നിര്‍ബന്ധമായിരിക്കും ഒരുപക്ഷേ ഇത്തരം ധാരാളം സീനുകള്‍ ഉള്‍പ്പെടുത്താന്‍ തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രേരിപ്പിച്ചത്. പക്ഷേ സിനിമ പറയാനിരിക്കുന്ന പ്രധാനപ്പെട്ട കഥയ്ക്ക് ഈ സീനുകള്‍ കാരണം ഫോക്കസ് നഷ്ടപ്പെടുകയാണ്.

shikkari-shambhu-review

സംവിധായകന്റെ കയ്യടക്കമില്ലായ്മ മിക്ക സീനുകളിലും പ്രകടമാണ്. കണ്ണില്‍ കാണുന്നതെല്ലാം ക്യാമറാമാനെക്കൊണ്ട് ഒപ്പിയെടുപ്പിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. കുരുതിമലക്കാവ് എന്ന ഗ്രാമത്തെ വിശ്വസനീയമായി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടില്ല. ലോജിക് എന്നതിനെ പണയം വച്ച രീതിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

കാട് കാണിക്കുന്ന രാത്രി സീനുകളില്‍ വെളിച്ചം നിറഞ്ഞ് നില്‍ക്കുകയാണ്. എവിടെ നിന്നാണ് ഇത്രയും വെളിച്ചം എന്ന് ചോദിച്ചാല്‍ ഉത്തരമില്ല (ഉത്തരമുണ്ട്- ബേബി ലൈറ്റുകള്‍ കത്തിച്ചുവച്ചിരിക്കുകയാണ് ലൈറ്റ് യൂണിറ്റുകാര്‍). ഇത്തരത്തില്‍ യാതൊരു തരത്തിലും ആകര്‍ഷകമല്ല ഛായാഗ്രഹണം. അല്‍പ്പമെങ്കിലും നന്നായി തോന്നിയത് എഡിറ്റിങ് ആണ്. പശ്ചാത്തലസംഗീതവും 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന ശൈലിയിലാണ്.

അഭിനയമികവും എടുത്തുപറയത്തക്കതായി ആരിലും കണ്ടില്ല. കോമഡി സീനുകള്‍ ഉണ്ടെങ്കിലും ചിരിപ്പിച്ചത് ഹരീഷ് പെരുമണ്ണയുടെ സ്ഥിരം ശൈലിയിലുള്ള ചില സംഭാഷണങ്ങള്‍ മാത്രം. ചുരുക്കത്തില്‍ പറഞ്ഞാല്‍ നന്നാക്കാമായിരുന്ന ഒരു ചിത്രത്തെ ശരാശരി അനുഭവം മാത്രമാക്കി മാറ്റി അണിയറക്കാര്‍.

shikkari-shambhu-review

English summary
Shikkari Shambhu review
topbanner

More News from this section

Subscribe by Email