Tuesday November 20th, 2018 - 9:12:pm
topbanner

ഷെര്‍ലക് ടോംസ് റിവ്യൂ : വഴി തെറ്റി മടുപ്പിക്കുന്ന അന്വേഷണം

NewsDeskSKR
ഷെര്‍ലക് ടോംസ് റിവ്യൂ : വഴി തെറ്റി മടുപ്പിക്കുന്ന അന്വേഷണം

മലയാളത്തില്‍ ഈയിടെയായി ഹിറ്റ് സിനിമകലിലെ നായകനിരയിലേക്കുയര്‍ന്ന നടനാണ് ബിജു മേനോന്‍. അഭിനയ മികവും ശബ്ദഗാംഭീര്യവുമുണ്ടെങ്കിലും അദ്ദേഹം മുമ്പ് നായകനായ മിക്ക സിനിമകള്‍ക്കും വേണ്ടത്ര പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നില്ല. ജിബു ജേക്കബിന്റെ 'വെള്ളിമൂങ്ങ'യിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബിജു മേനോന്‍ പിന്നീട് ആവറേജ് ഹിറ്റുകളിലും 'രക്ഷാധികാരി ബൈജു' എന്ന നല്ല സിനിമയിലും നായകനായി.

ബിജു മേനോന്റെ ഈ പ്രേക്ഷക സ്വീകാര്യത മുന്നില്‍ കണ്ടാകും ഈയടുത്ത കാലത്തായി 'മികച്ചത്' എന്ന വിളിക്കാവുന്ന ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ഷാഫി 'ഷെര്‍ലക് ടോംസി'ലെ തോമസ് ആയി ബിജു മേനോനെ കാസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം 'ടു കണ്‍ട്രീസ്' വിജയം നല്‍കിയെങ്കിലും പതിവ് ഷാഫി നിഷ്‌കളങ്ക കോമഡികള്‍ക്ക് പകരം ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അയ്യരുകളിയായിരുന്നു ആ സിനിമ. ഇവിടെ 'ഷെര്‍ലക് ടോംസി'ല്‍ തന്റെ പ്രതാപകാലത്തേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കിനായുള്ള ശ്രമമാണ് ഷാഫി നടത്തുന്നത്. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ മാത്രം വിജയിക്കുന്ന ആ ശ്രമം രണ്ടര മണിക്കൂറിന്റെ നിരാശയാണ് ഒടുവില്‍ പകരുന്നത്.

ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ച് വളരുന്ന തോമസിന് തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ ചെറുപ്പം മുതലേ പ്രത്യേക വാസനയുണ്ട്. എന്നാല്‍ തന്റെ അദ്ധ്യാപകന്റെ ഒരു തട്ടിപ്പ് പിടിക്കുന്നതോടെ 'ഗുരുശാപം' ഏല്‍ക്കേണ്ടിവരുന്ന തോമസിന്റെ മനസ്സിനെ ആ സംഭവം കാലങ്ങള്‍ക്ക് ശേഷവും അസ്വസ്ഥനാക്കുന്നുണ്ട്. പഠിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നേടിയ തോമസിന് പക്ഷേ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിലേയ്ക്ക് മാറണം എന്നാണ് ആഗ്രഹം.

ആഗ്രഹിച്ച പോലെ ജോലി മാറ്റം ലഭിക്കുന്ന തോമസിന് പക്ഷേ വിചാരിച്ച പോലെ ജോലിയില്‍ ശോഭിക്കാന്‍ കഴിയുന്നില്ല. ഒരു ധനകാര്യ സ്ഥാപനത്തില്‍ താന്‍ നടത്തുന്ന റെയ്ഡില്‍ ഒന്നും കണ്ടെടുക്കാന്‍ കഴിയാത്തത് ഔദ്യോഗികജീവിതത്തില്‍ അയാള്‍ക്ക് തിരിച്ചടിയുമാകുന്നു. ഭാര്യയുടെ ഭാഗത്തു നിന്നുള്ള കുടുംബപ്രശ്‌നം കൂടി വരുന്നതോടെ ജീവിതം മടുത്ത തോമസ് ആത്മഹത്യ ചെയ്യാനായി പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ.

സിനിമയുടെ ആദ്യപാതി തോമസിന്റെ ചെറുപ്പവും പിന്നീട് റവന്യൂ ജോലിക്കാരനായുള്ള മടുപ്പ് ജീവിതവും കാണിക്കുന്നു. ഇന്റര്‍വെല്ലോടെ ജീവിതം മടുത്ത തോമസ് ആത്മഹത്യ ചെയ്യാനായി ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നതാണ് കാണിക്കുന്നത്. ശേഷം ഭാഗം മുഴുവനും തോമസ് ചാടുമോ ഇല്ലയോ എന്ന ആധി ജനിപ്പിക്കാനാണ് സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ തിരക്കഥയിലെ പാളിച്ചയ്‌ക്കൊപ്പം സംവിധായനത്തിലെ കയ്യടക്കമില്ലായ്മ കൂടി ചേരുമ്പോള്‍ ഷെര്‍ലക് ടോംസിന്റെ കേസന്വേഷണം തിരിയുന്നത് മടുപ്പിലേയ്ക്കാണ്. ആകര്‍ഷകത്വം തോന്നിപ്പിക്കുന്ന കഥാപശ്ചാത്തലവും, രസിപ്പിക്കുന്ന കഥപറച്ചിലുമായിരുന്നു ഷാഫി സിനിമകളുടെ പ്രത്യേകതകളെങ്കില്‍ 'ഷെര്‍ലക് ടോംസി'ല്‍ സംവിധായകന്‍ കിതയ്ക്കുന്നതാണ് കാണുക.

നീട്ടിവലിച്ച സീനുകളാണ് സിനിമയെ ആദ്യം തന്നെ മടുപ്പിക്കുന്നത്. തോമസിന്റെ കുട്ടിക്കാലം ഒരിത്തിരി രസമൊക്കെ തോന്നിപ്പിക്കുമെങ്കിലും മുതിര്‍ന്ന തോമസിന്റെ മടുപ്പിക്കുന്ന ജീവിതം പ്രേക്ഷര്‍ക്കും മടുപ്പാണ് സമ്മാനിക്കുന്നത്. നര്‍മ്മരംഗങ്ങളില്‍ സ്വതസിദ്ധശൈലികൊണ്ട് രസിപ്പിക്കുന്ന ബിജു മേനോനാകട്ടെ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്നറിയാതെ പതറുന്നതായും അനുഭവപ്പെടുന്നു. സലിം കുമാര്‍, റാഫി, ശ്രിന്ദ എന്നിങ്ങനെ ചുറ്റുമുള്ള താരങ്ങളും മടുപ്പില്‍ നിന്നും പ്രേക്ഷകരെ കരകയറ്റാന്‍ പ്രാപ്തരല്ല. തോമസിന്റെയും ഭാര്യ രേഖ (ശ്രിന്ദ)യുടെയും തല്ല് കൂടുന്ന രംഗങ്ങളെല്ലാം ഉദ്ദേശിച്ച രസമൊന്നും പ്രേക്ഷകരില്‍ ഉണ്ടാക്കുന്നേയില്ല.

പല സീനുകളും കോമഡിക്കായി കഥാപാത്രങ്ങള്‍ ശ്രമിക്കുന്നതായാണ് അനുഭവപ്പെട്ടത്. അസ്ഥാനത്ത് പറയുന്ന കോമഡി ഡയലോഗുകളാണ് ഇതിന് പ്രധാന കാരണം. റാഫിയുടെ അച്ഛന്‍ കഥാപാത്രം, സ്‌കൂള്‍ മാഷായ ഷാജോണിന്റെ കഥാപാത്രം ഒക്കെ പലപ്പോഴും വെറുപ്പിക്കുകയാണ് ചെയ്യുന്നത്. മിയയുടെ കഥാപാത്രത്തിനും കഥയ്ക്ക് പ്രത്യേകിച്ച ഗുണമൊന്നും ചെയ്യാന്‍ കഴിയുന്നില്ല. സുരേഷ് കൃഷ്ണയടക്കമുള്ള നടന്മാര്‍ക്കും സിനിമയുടെ ആകെയുള്ള മടുപ്പില്‍ നിന്നും ആശ്വാസം പകരാന്‍ കഴിയുന്നില്ല. അതേസമയം അല്‍പ്പമെങ്കിലും രസിപ്പിച്ചത് വിജയരാഘവന്റെ ജ്വല്ലറി മുതലാളിയാണ്.

സാങ്കേതികരംഗത്ത് കൊള്ളാം എന്ന് തോന്നിയത് പശ്ചാത്തസസംഗീതമാണ്. ക്യാമറ, എഡിറ്റിങ് എന്നിവയെല്ലാം ശരാശരിയാണ്. വലിയ പ്രതീക്ഷയോടെ പോയില്ലെങ്കില്‍ ഒരുവട്ടം കണ്ടിറങ്ങാം 'ഷെര്‍ലക് ടോംസ്.'

English summary
Sherlock toms review
topbanner

More News from this section

Subscribe by Email