Sunday April 21st, 2019 - 2:26:pm
topbanner
topbanner

'പുതിയ നിയമം'; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

NewsDesk
'പുതിയ നിയമം'; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍


എ.കെ സാജന്‍ രചനയും സംവിധായനവും നിര്‍വ്വഹിച്ച് നയന്‍താര, മമ്മൂട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പുതിയ നിയമം', പുതിയ കുപ്പിയില്‍ നിറച്ച പഴയ വീഞ്ഞാണ്. മമ്മൂട്ടി തന്നെ നായകനായി 80കളിലും മറ്റും പുറത്തുവന്ന പ്രതികാര കഥയെ, ഇന്നിന്റെ സാങ്കേതിക വിദ്യകളും കാഴ്ചാശീലങ്ങളുമൊക്കെയായി പുതിയതെന്നു തോന്നിക്കുന്ന തരത്തില്‍ പൊടിതട്ടിയെടുത്തൊരു ത്രില്ലര്‍.

അഡ്വക്കേറ്റും, ടി.വിയില്‍ ഫിലിം റിവ്യൂ പരിപാടി അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ലൂയിസ് പോത്തന്‍ (മമ്മൂട്ടി). അന്യ മതക്കാരിയായ ഭാര്യ വാസുകിയെ (നയന്‍താര) പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സ്‌കൂള്‍ കുട്ടിയായ മകളുടെ പേര് ചിന്ത. സന്തോഷത്തോടെയും മധ്യവര്‍ഗ്ഗത്തിന്റെ പരാധീനതയോടെയുമൊക്കെ മുന്നോട്ടു പോകുന്ന കുടുംബം.

പെട്ടെന്നൊരുനാള്‍ വാസുകിയില്‍ അതുവരെയില്ലാത്ത ഭയവും ഉത്കണ്ഠയുമെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അതിന്റെ കാരണം കണ്ടെത്തി, അത് പരിഹരിക്കപ്പെടുന്നതിന്റെ കാഴ്ചയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗതി സസ്‌പെന്‍സും ട്വിസ്റ്റുമെല്ലാമുള്ള ത്രില്ലറാണ് എന്നതിനാല്‍ കഥയെപ്പറ്റി ഇത്രമാത്രം പറഞ്ഞവസാനിപ്പിക്കാം.

നേരത്തെ പറഞ്ഞതുപോലെ പഴയ കഥയെ നടപ്പുകാലത്തെ സാങ്കേതികവിദ്യയോടും മറ്റും ചേര്‍ത്തുവച്ചാണ് എ.കെ. സാജന്‍ 'പുതിയ നിയമം' ഒരുക്കിയിരിക്കുന്നതെങ്കിലും, അയാഥര്‍ത്ഥമെന്ന് പലപ്പോഴും തോന്നലുളവാക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന വെല്ലുവിളി. എന്നാല്‍ അതിനെ യഥാതഥമായി അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം സിനിമ കാണിക്കുക എന്നതില്‍ നിന്നും മാറി 'സിനിമ പറയല്‍' ആകുന്നിടത്ത് മുഷിച്ചിലുമുണ്ടാക്കുന്നു.

കൃത്യമായ ആഖ്യാനപദ്ധതിയില്ലാത്ത സംവിധാനവും രസം കെടുത്തുന്നുണ്ട്. മകളായ ചിന്ത, അമ്മയെപ്പറ്റി വിവരിക്കുന്നതായാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ആഖ്യാനം നായകനായ ലൂയിസ് പോത്തന്‍ ഏറ്റെടുക്കുന്നു. പെട്ടെന്നുള്ള ഈ ഗതിമാറ്റം ഒട്ടും സുഖകരമല്ല.

അസിരവിത്ത്, ലങ്ക, സ്റ്റോപ്പ് വയലന്‍സ് എന്നിങ്ങനെ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളുടെ സംവിധായകനായ സാജന്‍, സംവിധായകനെന്ന നിലയില്‍ ഇരുത്തം വന്നു തുടങ്ങുന്നതിന്റെ സൂചനയായിരുന്നു 'പുതിയ നിയമ'ത്തിന്റെ ആദ്യ പകുതി നല്‍കിയത്. എന്തോ സംഭവിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ആദ്യ പകുതി, രണ്ടാം പകുതിയിലേയ്ക്കുള്ള സസ്‌പെന്‍സ് കൂട്ടുകയും ചെയ്തിരുന്നു. പക്ഷേ സംവിധാനം എളുപ്പമാക്കാനായി 'കഥ പറച്ചില്‍' രീതിക്ക് മുതിരുന്നതോടെ, ക്ലൈമാക്‌സോട് അടുക്കുമ്പോഴുള്ള ട്വിസ്റ്റില്‍ മാത്രമാണ് പ്രേക്ഷകരെ രസിപ്പിക്കാന്‍ ചിത്രത്തിനാകുന്നത്.

'മാന്‍ ഈസ് എ പൊള്റ്റിക്കല്‍ ആനിമല്‍' എന്നാണ് ലൂയിസ് പോത്തന്റെ ഫഌറ്റിലെ ഒരു ചുവരെഴുത്ത്. എന്നാല്‍ തികച്ചും അരാഷ്ട്രീയമായ പകപോക്കലാണ് ചിത്രത്തിന്റെ രാഷ്ട്രീയം. ന്യായങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും 'അമര്‍ അക്ബര്‍ അന്തോണി'ക്കു പുറകെ കോടതിക്കും മറ്റും പുറത്ത് ജനങ്ങള്‍ നീതിനിര്‍വ്വഹണം നടത്തട്ടെ എന്ന കാഴ്ചപ്പാടാണ് 'പുതിയ നിയമ'വും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ഇതിനായി കൊട്ടേഷന്‍ സംഘങ്ങള്‍ പോലുള്ള അരാജകത്വ പ്രവണതകളെയും കൂട്ടുപിടിക്കുന്നതു കാണാം.

അഭിനേതാക്കളില്‍ ലൂയിസ് പോത്തനായ മമ്മൂട്ടി നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കുസൃതിയോടെയുള്ള ചില തമാശ പറച്ചിലൊക്കെ പഴയ ചില മമ്മൂട്ടിച്ചിത്രങ്ങളെ അനുസ്മരിപ്പിക്കും. ലളിതമെങ്കിലും ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തിന് ആഴം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ കൂടുതല്‍ പ്രധാന്യമുള്ള കഥാപാത്രമായ വാസുകിക്ക് കൃത്യമായ ഒരു വ്യക്തിത്വം നല്‍കാന്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകന് കഴിഞ്ഞിട്ടില്ല. കഥയ്‌ക്കൊപ്പം വ്യക്തിത്വമില്ലാതെ നീങ്ങുകയും, ആക്ഷന്‍സില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന ഈ കഥാപാത്രത്തെ പക്ഷേ നയന്‍താര നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചിന്തയെ അവതരിപ്പിച്ച കുട്ടിയും കൊള്ളാം.

തമാശയ്ക്കും, ലൂയിസ് പോത്തന്റെ സ്വഭാവവിശേഷണത്തിനുമായി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ കോട്ടയം പ്രദീപ്, അജു വര്‍ഗ്ഗീസ് എന്നിവരെല്ലാമുണ്ട്. അവരും തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഷീലു എബ്രഹാമിന്റെ പോലീസ് വേഷം കെട്ടുകാഴ്ച മാത്രമാണ്. രചന നാരായണന്‍കുട്ടിയുടെ കഥാപാത്രവും അഭിനയവും കൊള്ളാം.

ചിത്രം ആവശ്യപ്പെടുന്നതെല്ലാം ക്യാമറമാന്‍ റോബി വര്‍ഗ്ഗീസ് രാജ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ചില ഫ്രെയിമുകള്‍ക്ക് പ്രത്യേക ഭംഗിയുമുണ്ട്. എഡിറ്റിങ്ങും നിലവാരമുള്ളതാണ്. പക്ഷേ ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ട മികച്ച പശ്ചാത്തല സംഗീതമൊരുക്കാന്‍ ഗോപി സുന്ദറിന് കഴിഞ്ഞിട്ടില്ല. ആദ്യ പാതിയില്‍ എപ്പൊഴൊക്കെയോ നിലവാരം പുലര്‍ത്തിയപ്പോള്‍ രണ്ടാം പാതിയിലും, പ്രധാനപ്പെട്ട രംഗങ്ങളിലും സിനിമ ആവശ്യപ്പെടുന്ന പശ്ചാത്തല സംഗീതമല്ല അദ്ദേഹം നല്‍കിയിട്ടുള്ളത്.

ആകെമൊത്തം ഇടയ്‌ക്കെല്ലാം രസിപ്പിക്കുകയും പലപ്പോഴും മുഷിപ്പിക്കുകയും ചെയ്യുന്ന ശരാശരി ചിത്രം മാത്രമാണ് 'പുതിയ നിയമം.'

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

 മോഹന്‍ലാല്‍ കച്ചവടവത്കരിക്കപ്പെട്ടു: സംവിധായകന്‍ തുറന്നന്നു പറയുന്നു

ദുബായില്‍ വണ്ടിയിടിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് നടന്‍ ദീലീപ്

Read more topics: puthiya niyamam, mammootty, review
English summary
puthiya niyamam, mammootty, nayanthara, puthiya niyamam review
topbanner

More News from this section

Subscribe by Email