Tuesday November 20th, 2018 - 9:13:pm
topbanner

പറവ റിവ്യൂ: ഹൃദയം തൊടുന്ന തൂവലുകള്‍

NewsDeskSKR
പറവ റിവ്യൂ: ഹൃദയം തൊടുന്ന തൂവലുകള്‍

ഏറെ നാളത്തെ സഹസംവിധാന പരിചയത്തിനു ശേഷം നടനായി പേരെടുത്ത സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് 'പറവ.' കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള പലരുടെ ജീവിതത്തിലൂടെ ക്യാമറയുമായി പോകുന്ന പോകുന്ന സിനിമ സ്പാനിഷ്-മെക്‌സിക്കന്‍-ബ്രസീലിയന്‍ ക്ലാസിക്കുകളെ അനുസ്മരിപ്പിച്ചുകൊണ്ട് കഥനത്തിന്റെ പുതിയ വിഹായസ്സിലേയ്ക്ക് ചിറകു നീര്‍ത്തുകയാണ്. അങ്കമാലി ഡയറീസിനു ശേഷം, നമുക്കു ചുറ്റുമുള്ള കഥയെയും കഥാപാത്രങ്ങളെയും സ്ഥിരം പ്രതിപാദന ശൈലി മറികടന്ന് എത്തരത്തില്‍ ലോകസിനിമകള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാം എന്ന് തെളിയിക്കുകയാണ് സൗബിന്‍ തന്റെ കന്നിസംവിധാന സംരംഭത്തിലൂടെ. കഥ പറച്ചിലിന്റെ നൂതനശൈലി തന്നെയാണ് കഥയെക്കാളുപരി ഇവിടെയും താരം. കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനം കൂടിയാകുമ്പോള്‍ ഹൃദയത്തിലേക്കുള്ള തൂവല്‍സ്പര്‍ശമായി മാറുന്നുണ്ട് 'പറവ.'

മട്ടാഞ്ചേരിയിലെ അതിസാധാരണക്കാരായ ഏതാനും പേരുടെ ജീവിതമാണ് 'പറവ.' ഒരു കഥയല്ല, ഒരുകൂട്ടം പേരുടെ കഥകളാണ് ഇവിടെ സൗബിന്‍ പറയുന്നത്. അതില്‍ വലിയ കഥയുള്ളവരുണ്ട്, ചെറിയ കഥയുള്ളവരുണ്ട്, കൊച്ചുകഥകളുള്ളവരുമുണ്ട്. 15 വയസ്സുകാരന്‍ തൊട്ട് 60കാരന്‍ വരെ ഈ സിനിമയില്‍ പല സന്ദര്‍ഭങ്ങളിലായി വന്നുപോകുന്നു. ഒമ്പതാം ക്ലാസ് തോറ്റ് വീണ്ടും അതേ ക്ലാസില്‍ പഠിക്കേണ്ടിവരുന്ന ഇച്ചാപ്പി എന്ന് വിളിക്കുന്ന ഇര്‍ഷാദ്, കൂട്ടുകാരനായ ഹസീബ് എന്നിവരിലൂടെയാണ് സിനിമ പലജീവിതങ്ങളുടെ ചേരിയിലേയ്ക്ക് എത്തുന്നത്. നഗരത്തിന്റെ പുറമ്പോക്ക് എന്നതിനാല്‍ നഗരത്തിലുള്ള എല്ലാം- കുറ്റകൃത്യം വരെ- നടക്കുന്ന ഇടമാണ് മട്ടാഞ്ചേരി. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം കുറ്റകൃത്യങ്ങളുടെ ഭീകരതയും വാഴുന്നുണ്ടിവിടെ. അത്തരമൊരു കുറ്റകൃത്യത്തെ പ്രധാന വഴിത്തിരിവാക്കിയാണ് 'പറവ' മുന്നേറുന്നത്. ഒരുകൂട്ടം പേരുടെ കഥകളായതിനാല്‍ത്തന്നെ ഓരോന്നും വിവരിക്കാന്‍ റിവ്യൂവില്‍ മെനക്കെടുന്നില്ല. അതേസമയം ഒരാളില്ലെങ്കില്‍ മറ്റൊരാളുടെ കഥ പൂര്‍ണ്ണമാകുന്നുമില്ല.

പല കഥകളെ കൂട്ടിയിണക്കുന്ന സമര്‍ത്ഥമായ തിരക്കഥയാണ് ഈ സിനിമയെ മികച്ചതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഇച്ചാപ്പിയുടെയും ഹസീബിന്റെയും പ്രാവ് വളര്‍ത്തല്‍ വിനോദവും, മട്ടാഞ്ചേരിയിലെ പ്രാവ് പറത്തല്‍ മത്സരവും സിനിമയുടെ പ്രധാന പ്രതിപാദ്യവിഷയമാണ്. ഇതിനൊപ്പമാണ് ഇച്ചാപ്പിയുടെ ജ്യേഷ്ഠനായ ഷെയ്ന്‍ (ഷൈന്‍ നിഗം), കൂട്ടുകാര്‍, ഇവരുടെ നേതാവായ ഇമ്രാന്‍ (ദുല്‍ഖര്‍ സല്‍മാന്‍) എന്നവരെല്ലാം ഒരേ പറവയുടെ തൂവലെന്ന പോലെ പലയിടത്തായി ചിറകുവീശുന്നത്. ഒരുമിച്ചെന്ന പോലെ എപ്പോഴൊക്കെയോ കൊഴിഞ്ഞ തൂവലുകള്‍ പോലെ ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്നുമുണ്ട് ഇവര്‍.

അഭിനേതാക്കളുടെ ഒന്നാംനിര പ്രകടനമാണ് തിരക്കഥയ്‌ക്കൊപ്പം ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടായത്. നായകന്മാരായ ഇര്‍ഷാദ്, ഹസീബ് എന്നിവെ അവതരിപ്പിച്ച കുട്ടികള്‍ ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നത്. കുട്ടിത്തവും, കുരുത്തക്കേടും, കൗമാരത്തിന്റെ ചാപല്യങ്ങളുമെല്ലാം ഇരുവരുടെയും കയ്യില്‍ ഭാവഭദ്രമാണ്. ഷൈന്‍ നിഗം, ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, സിദ്ദിഖ്, ഇച്ചാപ്പിയുടെ ഉമ്മയായ നടി, ചെറിയ വേഷത്തില്‍ വന്ന ഇന്ദ്രന്‍സ്, സൗബിന്‍ സാഹിര്‍, ്ശ്രീനാഥ് ഭാസി എന്നിവരെല്ലാം മികച്ച പ്രകനമാണ്.  സംഘട്ടനരംഗത്തിലെ ഭാവവിനിമയം ദുല്‍ഖര്‍ എന്ന നടന്‍ തന്റെ റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതിന്റെ അടയാളമാണ്. സംഘട്ടനത്തിന്റെ അവസാനമുള്ള ദുല്‍ഖറിന്റെ ഇടര്‍ച്ചയോടെയുള്ള അഭിനയം വളരെ മികച്ചതായും അനുഭവപ്പെട്ടു. ഷൈന്‍ നിഗം മികച്ച നടനിലേയ്ക്ക് ഉയരുന്നതിനും പറവ സാക്ഷിയാണ്.

ലിറ്റില്‍ സ്വയംപിന്റെ ക്യാമറ ഒന്നാന്തരമാണ്. ആഘോഷത്തിന്റെ അതിരുകളില്ലാത്ത ലോകമായല്ല അദ്ദേഹം മട്ടാഞ്ചേരിയെ അവതരിപ്പിക്കുന്നത്. മറിച്ച് ഇടുങ്ങിയ തെരുവുകളും, തെരുവുകളിലെ മനുഷ്യരും, നഗരത്തിന്റെ സാമീപ്യത്തില്‍ വീര്‍പ്പുമുട്ടുന്ന ഇടങ്ങളുമുള്ള യഥാര്‍ത്ഥ മട്ടാഞ്ചേരിയാണ് ക്യാമറയില്‍. പ്രാവുകളെ ഉപയോഗിച്ചുള്ള ഷോട്ടുകളിലെല്ലാം മികച്ച കയ്യടക്കമാണ് ക്യാമറാമാന്. അതിനൊപ്പം പരീക്ഷണ ഷോട്ടുകളുമുണ്ട്. സിനിമയുടെ താളത്തിനൊപ്പമുള്ള എഡിറ്റിങ്ങും കാഴ്ചക്കാരെ കൂടുതല്‍ ആസ്വാദന തലത്തിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. റെക്‌സ് വിജയന്റെ സംഗീതവും സിനിമയുടെ ആകെപ്പാടെയുള്ള വിഷാദത്തിന് ചേര്‍ന്നതാണ്.

ഇല്ലാക്കഥകളുടെ പൊള്ളത്തരങ്ങളല്ല, കഥയില്ലാത്തവരുടെ ജീവിതങ്ങളുടെ സഞ്ചയമാണ് 'പറവ.' നിലവാരമുള്ള സിനിമകള്‍ മലയാളത്തില്‍ അസ്തമിച്ചിട്ടില്ല എന്ന് വിളിച്ചോതുന്ന 'പറവ' ലോകനിലവാരത്തിന്റെ ചക്രവാളത്തിലേയ്ക്ക് മലയാളത്തെയും ചിറകടിക്കാന്‍ പ്രേരിപ്പിക്കുന്നു.

English summary
Prava film review.
topbanner

More News from this section

Subscribe by Email