Tuesday November 20th, 2018 - 9:13:pm
topbanner

പോക്കിരി സൈമണ്‍ { റിവ്യൂ }: വിജയ് സിനിമകളുടെ മലയാളം വേര്‍ഷന്‍

NewsDeskSKR
പോക്കിരി സൈമണ്‍ { റിവ്യൂ }: വിജയ് സിനിമകളുടെ മലയാളം വേര്‍ഷന്‍

'ഡാര്‍വിന്റെ പരിണാമം' എന്ന ചിത്രത്തിനു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത സിനിമയാണ് 'പോക്കിരി സൈമണ്‍.' മലയാളത്തില്‍ താരനിരയിലേയ്ക്ക് ഉയരുന്ന സണ്ണി വെയ്‌നാണ് നായകന്‍. ആദ്യ ചിത്രമായ കൊന്തയും പൂണൂലും വലിയ പ്രതീക്ഷ നല്‍കിയില്ലെങ്കിലും കഥയിലെ പുതുമ കൊണ്ട് രസിപ്പിച്ച സിനിമയായിരുന്നു 'ഡാര്‍വിന്റെ പരിണാമം.' എന്നാല്‍ 'പോക്കിരി സൈമണി'ലേയ്ക്ക് എത്തുമ്പോള്‍ ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനായുള്ള സംവിധായകന്റെ ബോധപൂര്‍വ്വമായ ശ്രമമായാണ് അനുഭവപ്പെടുന്നത്. എങ്കിലും ഒരുതവണ കണ്ടിരിക്കാം എന്നതാണ് കാഴ്ചാനുഭവം.

തിരുവനന്തപുരം നഗരത്തിലെ ഒരുകൂട്ടം വിജയ് ആരാധകരുടെ കഥയാണ് 'പോക്കിരി സൈമണ്‍' എന്ന സിനിമ. ഈ ആരാധകരിലെ കടുത്ത ആരാധകനാണ് സൈമണ്‍ എന്ന പോക്കിരി സൈമണ്‍. 'പോക്കിരി' എന്നത് സൈമണിന്റെ സ്വഭാവമായും, വിജയ് സിനിമയായ 'പോക്കിരി'യോടുള്ള ആരാധനയായും വായിക്കാം. വിജയ് എന്ന നടന് കേരളത്തിലുള്ള ആരാധകരുടെ ബാഹുല്യം അറിയാവുന്നതുകൊണ്ട് തന്നെയാവണം മറ്റൊരു നടന്റെയും ഫാന്‍സിനു പകരം ഇളയദളപതി ഫാന്‍സിന്റെ കഥ തന്നെ പറയാന്‍ സംവിധായകന്‍ മുതര്‍ന്നത്. അതാകുമ്പോള്‍ സണ്ണി വെയ്ന്‍ ഫാന്‍സിനൊപ്പം വിജയ് ഫാന്‍സിന്റെയും പിന്തുണ സിനിമയ്ക്ക് ലഭിക്കുമെന്ന ദീര്‍ഘവീക്ഷണം.

pokkiri-simon-review

കഥയില്ലാ സിനിമകളുടെ കുത്തൊഴുക്കിനിടെ കൃത്യമായി കഥ പറയുന്ന സിനിമ എന്ന് 'പോക്കിരി സൈമണി'നെ വിശേഷിപ്പിക്കാം. കഥയ്ക്കപ്പുറം കഥ പറച്ചിലിന്റെ ചാരുത അനുഭവപ്പെടുത്തുന്ന മലയാള നവസിനിമാ സംസ്‌കാരത്തിനിടെ കഥ പറയുന്നൊരു സിനിമ. പക്ഷേ ആ കഥ പഴങ്കഥയാണ് എന്നതാണ് ഇവിടെ ചവര്‍പ്പ്. വിജയ് ആരാധകന്റെ കഥയായത് കൊണ്ടാകണം വിജയ് തുടങ്ങി വിക്രവും, സൂര്യയും, അജിത്തുമെല്ലാം ആടിയ കഥയുടെ ബാക്കി മാത്രമാണ് സൈമണ് മലയാളത്തില്‍ ആടിത്തീര്‍ക്കാനുള്ളത്.

അടിച്ചുപൊളിച്ച് നടക്കുന്ന നായകനും കൂട്ടരും, അതിനിടെ വരുന്ന നായിക, കൊള്ളരുതായ്മകള്‍ പലതുള്ള വില്ലന്‍, പല സംഭവങ്ങള്‍ വഴി വില്ലനിലേയ്‌ക്കെത്തുന്ന നായകന്‍, അടിപിടി പൊടിപറത്തല്‍ ക്ലൈമാക്‌സ്. മാസിനും റൊമാന്‍സിനുമെല്ലാം നല്ല സ്‌കോപ്പുള്ള ഈ കഥയുടെ മലയാളം വേര്‍ഷനാണ് 'പോക്കിരി സൈമണ്‍.' അതേസമയം പേരിനൊരു ആരാധകന്‍ അല്ല, വിജയ് എന്ന താരത്തെയും, അദ്ദേഹത്തിന്റെ സിനിമകളെയും സിനിമയിലുടനീളം പല രീതിയില്‍ ഉപയോഗിക്കുന്നതില്‍ 'പോക്കിരി സൈമണ്‍' വിജയിച്ചിട്ടുണ്ട്.

pokkiri-simon-review

ടിപ്പിക്കല്‍ വിജയ് സിനിമ പോലെ തന്നെ കളര്‍ഫുള്ളാണ് സിനിമയുടെ ദൃശ്യങ്ങള്‍. പോക്കിരി, അഴകിയ തമിഴ്മകന്‍ തുടങ്ങിയ സിനിമകളെ പെട്ടെന്ന് ഓര്‍മ്മയിലെത്തിക്കും വിധമാണ് ചിത്രത്തിന്റെ കലാസംവിധാനം. പിന്നെ ലോജിക്കില്ലാ സംഭവങ്ങളുടെ കല്ലുകടി ഇവിടെയുമുണ്ട്. വിജയ് ആരാധകന്റെ സിനിമയാകുമ്പോള്‍ അതൊന്നും പ്രശ്‌നമല്ലെന്ന് സംവിധായകന്‍ കരുതിക്കാണും.

ചിത്രത്തിലെ പ്രധാന മുഷിപ്പ് കഥാപാത്രങ്ങളുടെ നാടകീയത നിറഞ്ഞ സംഭാഷണങ്ങളും അഭിനയവുമാണ്. പ്രത്യേകിച്ച് സൈമണിന്റെ അമ്മയായി വന്ന രേണുകയുടേത്. അതിനാടകീയത നിറഞ്ഞതാണ് അവരുടെ ബോഡി ലാംഗ്വേജ്. അതിനെ പലപ്പോഴും രക്ഷിച്ചെടുക്കുന്നത് അവര്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. അയന്‍ എന്ന സിനിമയില്‍ സൂര്യയുടെ അമ്മയായി അഭിനയിച്ച് മികവ് കാണിച്ച അവര്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുംവിധം അരോചകമാണ് 'പോക്കിരി സൈമണി'ലെ പ്രകടനം.pokkiri-simon-review

സൈമണായെത്തിയ സണ്ണി വെയ്‌ന് വലിയ വെല്ലുവിളിയൊന്നുമല്ല ആ കഥാപാത്രം. ഒഴുക്കിനൊപ്പം നീന്തുക എന്നതുപോലെ മോശമാക്കിയില്ല സണ്ണി. നായികയായ പ്രയാഗ മാര്‍ട്ടിന് കുറച്ച് പ്രേമിക്കണം, ദേഷ്യം പിടിക്കണം എന്നത് മാത്രമാണ് ചെയ്യാനുള്ളത്. അങ്കമാലി ഡയറീസിനോളം വരില്ലെങ്കിലും പ്രകടനത്തില്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട് ശരത്കുമാര്‍. വൈകാരിക രംഗങ്ങളിലെല്ലാം നിയന്ത്രിതാഭിനയം കാഴ്ചവച്ചു ഈ നടന്‍. പ്രകടനത്തില്‍ പിന്നീട് എടുത്തുപറയാനുള്ളത് ദിലീഷ് പോത്തന്‍ ആണ്.

മികച്ച സിനിമകള്‍ സംവിധാനം ചെയ്യുന്നതിനൊപ്പം മികച്ച നടനായി വളരുന്നുമുണ്ട് അദ്ദേഹം. അശോകന്‍, ഷമ്മി തിലകന്‍ എന്നിവരും നന്നായി. നെടുമുടിയെ ഇന്ന് സിനിമകളില്‍ കാണുന്നത് വിരളമാണ്. തന്റെ സ്വതസിദ്ധമായ മേമ്പൊടി നര്‍മ്മവുമായി അദ്ദേഹം 'പോക്കിരി സൈമണി'ല്‍ ഉണ്ട്. ശരത് കുമാറിന്റെ മകളായെത്തിയ ബാലതാരം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

കളര്‍ഫുള്‍ ക്യാമറ എന്നതല്ലാതെ സിനിമാറ്റോഗ്രാഫിയെക്കുറിച്ച പ്രത്യേകിച്ചൊന്നും പറയാനില്ല. പാട്ടുകളുടെ വിഷ്വലൈസേഷന്‍ കൊള്ളാം. അതേസമയം അസ്ഥാനത്ത് വരുന്ന പാട്ടുകള്‍ അരോചകവുമാണ്. എഡിറ്റിങ്ങിലും പുതുമയോ മേന്മയോ എടുത്തുപറയാനില്ല. മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് നന്നായിട്ടുണ്ട്, പക്ഷേ പാട്ടുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നവയല്ല. വിജയ് ആരാധകര്‍ക്ക് ആഘോഷമായേക്കാവുന്ന ചിത്രം 'തരക്കേടില്ല' എന്ന അഭിപ്രായമാകും സാധാരണ പ്രേക്ഷകരില്‍ ഉയര്‍ത്തുക.

English summary
Pokkiri simon review
topbanner

More News from this section

Subscribe by Email