സൈബര്‍ ആക്രമണത്തിലും മമ്മൂട്ടിയുടെ പ്രതികരണത്തിലും തന്റെ നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വതി. ദേശീയ മാധ്യമങ്ങളോടാണ് പാര്‍വതി നിലപാടറിയിച്ചത്. ഒരു സ്ത്രീയ്ക്ക് നേരെ അല്ലെങ്കില്‍ അവളെ പരിഹസിക്കുന്ന രീതിയിലാണെങ്കില്‍ അത് തീര്‍ച്ചയായും അപമാനിക്കുക തന്നെയാണ്. ഇതില്‍ നമ്മള് കണ്ണടച്ചുപോയാല്‍ അത് ശരിയാണെന്ന് ആളുകള്‍ വിശ്വസിക്കും. അത് പിന്നീട് ശാരീരികമായ ഉപദ്രവങ്ങളിലേക്കും നയിക്കും. അതിനൊരു താക്കീത് ആയിരുന്നു അറസ്റ്റ്, പാര്‍വതി പറഞ്ഞു.
ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നൊക്കെ എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കസബയെക്കുറിച്ചുള്ള പരാമര്‍ശം മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല. ഐഎഫ്എഫ്കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞേനെ. ഞാന്‍ ജോലി ചെയ്യുന്നിടത്ത് മാറ്റങ്ങള്‍ വന്നുകാണണമെങ്കില്‍ തുറന്നുസംസാരിച്ചേ പറ്റൂ. അതുപറയാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.
മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിച്ചപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്. ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്, പാര്‍വതി പറഞ്ഞു.