Sunday July 22nd, 2018 - 12:26:am
topbanner
Breaking News

ഒരു ചുവപ്പന്‍ വീരഗാഥ: ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ

NewsDeskSKR
ഒരു ചുവപ്പന്‍ വീരഗാഥ: ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ


നവാഗതനായ ടോം ഇമ്മട്ടി എഴുതി സംവിധാനം ചെയ്ത സിനിമയാണ് ടൊവിനോ തോമസ് നായകനായ 'ഒരു മെക്‌സിക്കന്‍ അപാരത.' ക്യാംപസ് രാഷ്ട്രീയവും, പോരാട്ടവും പ്രധാന പ്രമേയമാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനൂപ് കണ്ണനാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരല്‍പ്പം ആവേശത്തോടെ, രസിച്ചിരുന്ന് കണ്ട് തീര്‍ക്കാന്‍ കഴിയുന്ന ഒരു നല്ല സിനിമയാണ് 'ഒരു മെക്‌സിക്കന്‍ അപാരത.'

മൊബൈല്‍ ഫോണുകള്‍ ക്യാംപസിന്റെ ഹരമാകുന്ന കാലത്തിനും മുമ്പാണ് കഥ നടക്കുന്നത്. കെഎസ്‌ക്യു എന്ന വിദ്യാര്‍ത്ഥി സംഘടന കുത്തകയാക്കിവച്ചിരിക്കുന്ന മഹാരാജാ എന്ന കോളജ്. അവിടെ എസ്എഫ്‌വൈ എന്ന പാര്‍ട്ടി കൂടി രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാഷ്ട്രീയ പോരാട്ടം ആരംഭിക്കുന്നു. അത് കയ്യാങ്കളിയിലേയ്ക്ക് നീളുന്നു. ഇതിനിടയില്‍ ക്യാംപസിലെ സൗഹൃദം, പ്രണയം, മറ്റ് രസകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ടോം ഇമ്മട്ടി കഥ പറയുന്നു.

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന പോള്‍ ആണ് നായകന്‍. നായിക എന്നു വിളിക്കാന്‍ കഴിയില്ലെങ്കിലും പോള്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയായ അനുവായി ഗായത്രി സുരേഷ് എത്തുന്നു. സാധാരണ ഒരു കോളജ് വിദ്യാര്‍ത്ഥിയില്‍ നിന്നും, കഥ മുന്നേറുമ്പോള്‍ എസ്എഫ്‌വൈയുടെ പ്രധാന നേതാവായി പോള്‍ മാറുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്എഫ്‌വൈക്ക് കോളജില്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ സമ്മതിക്കാതെ കെഎസ്‌ക്യു ഗുണ്ടായിസത്തിലൂടെ സീറ്റുകള്‍ നേടിയെടുക്കുന്നു എന്നതും കഥയ്ക്ക് ആവേശം കൂട്ടുന്നതാണ്. മറുപക്ഷത്ത് പോളിനെയും കൂട്ടരെയും തല്ലിത്തോല്‍പ്പിക്കാനും ഇലക്ഷനില്‍ തോല്‍പ്പിക്കാനുമായി രൂപേഷ് പീതാംബരന്‍ അവതരിപ്പിക്കുന്ന രൂപേഷ് എന്ന കഥാപാത്രവും കെഎസ്‌ക്യു എന്ന സംഘടനയും.

ഇരുപാര്‍ട്ടികളുടെയും വെല്ലുവിളികളും കൂട്ടത്തല്ലുകളും സമാന്തരമായി പോകുമ്പോള്‍ പോളിന്റെ പ്രണയം, സൗഹൃദം എന്നിവയിലാണ് സിനിമ ഇതള്‍ വിരിയുന്നത്. പോളിന്റെ പ്രണയവും വിരഹവുമെല്ലാം കണ്ട് കാഴ്ചകളാണെങ്കില്‍ത്തന്നെയും ടൊവിനോ എന്ന നടന്റെ മികവില്‍ രസകരമായ അനുഭവമായി മാറുന്നുണ്ട്. പോളിന്റെ കൂട്ടുകാരായ സുഭാഷ് (നീരജ് മാധവ്), കൃഷ്ണന്‍ തുടങ്ങിയവരും പല സീനുകളിലും പ്രേക്ഷകരെ ചിരിപ്പിക്കും. അതേസമയം പോളിന്റെ കൂട്ടുകാരനായി എത്തിയ കറുത്ത നിറമുള്ള നടനെയും, കറുത്ത നിറമുള്ള അയാളുടെ സഹോദരിമാരെയും വംശീയമായി അധിക്ഷേപിച്ച് ചിരി പരത്താനുള്ള സിനിമയുടെ ശ്രമത്തോട് കടുത്ത വിയോജിപ്പുണ്ട്. പുരോഗമനം പറയുന്നു എന്നവകാശപ്പെടുന്ന ഇത്തരം സിനിമകള്‍ വംശീയത, സ്ത്രീവിരുദ്ധത എന്നിങ്ങനെ സമൂഹത്തിലെ വിഴുപ്പുകള്‍ അതേപടി പേറുന്നത് ശക്തമായി വിമര്‍ശിക്കപ്പെടേണ്ടതാണ്.

നായകനായ ടൊവിനോ തോമസ് അടക്കമുള്ളവരുടെ പ്രകടനം പല ഘട്ടത്തിലും വിരസത അനുഭവപ്പെടുന്നിടത്ത് സിനിമയ്ക്ക് തുണയാകുന്നുണ്ട്. സ്ഫടികത്തിനു ശേഷം വീണ്ടും അഭിനയരംഗത്തെത്തിയ രൂപേഷ് പീതാംബരന്‍ ചിലപ്പോഴെല്ലാം യാന്ത്രികമായ അഭിനയം നടത്തുന്നുണ്ടെങ്കിലും മിക്ക സീനുകളിലും വില്ലനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. കാര്യമായി ഒന്നും ചെയ്യാനില്ലാതെ കളിയും ചിരിയും നടത്തി വഴിനടക്കാനാണ് ഈ സിനിമയിലും ഗായത്രി സുരേഷിന്റെ വിധി.

ചിത്രത്തിന്റെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. രാത്രി ദൃശ്യങ്ങളിലെ ലൈറ്റിങ് കൊള്ളാം. ഗാനങ്ങള്‍ പ്രണയത്തെയും, യുവതയുടെ ആവേശത്തെയും അടയാളപ്പെടുത്തുമ്പോള്‍ പശ്ചാത്തല സംഗീതവും സിനിമയ്‌ക്കൊപ്പം നീങ്ങുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ രണ്ടേകാല്‍ മണിക്കൂര്‍ രസിച്ച്, ആവേശത്തോടെ കാണാവുന്ന ഒരു കൊച്ചു സിനിമയാണ് 'ഒരു മെക്‌സിക്കന്‍ അപാരത.' എങ്കിലും കമ്മ്യൂണിസവുമായി വിരുദ്ധാഭിപ്രായമുള്ള പ്രേക്ഷകര്‍ക്ക് ഈ സിനിമ അത്രത്തോളം രസിക്കണമെന്നില്ലതാനും.

Read more topics: oru mexican aparatha review
English summary
Oru mexican aparatha review.
topbanner

More News from this section

Subscribe by Email