Wednesday May 23rd, 2018 - 2:17:pm
topbanner

മധുരിക്കാത്ത പ്രണയക്കൂട്ട്; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിരൂപണം

NewsDesk
മധുരിക്കാത്ത പ്രണയക്കൂട്ട്; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിരൂപണം

ഏതു ഭാഷയിലുള്ള ഏതു തരം സിനിമയായാലും പ്രമേയമാണ് സിനിമയുടെ കാതല്‍; ഒരു ദൃശ്യകല എന്ന നിലയിലെ അതിജീവന ശക്തി .വീ ജെ ജെയിംസ് എഴുതിയ 'പ്രണയോപനിഷത്ത്' എന്ന കഥയുടെ പ്രചോദനത്തില്‍ നിന്നാണ് 'മുന്തിരിവള്ളികള്‍ ' രചന നടത്തുവാന്‍ കാരണമായത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഹൃദയാര്‍ദ്രതകള്‍ നഷ്ട്ടമാകുന്ന ആഗോളീകരിക്കപ്പെട്ട മധ്യവര്‍ഗ്ഗ മനുഷ്യ ജീവിതങ്ങളുടെ സ്വാര്‍ത്ഥതകളുടെ കാലത്ത്, നഷ്ട്ടമാകുന്ന പ്രണയത്തെ വീണ്ടെടുക്കാനുള്ള രണ്ടു മനുഷ്യരുടെ ത്വരയാണ് പ്രണയോപനിഷത്ത് പറയുന്നത്.

മുന്തിരി വള്ളികള്‍ തളിര്ക്കുമ്പോള്‍ എന്ന സിനിമയുടെ രചനാപരിസരം പക്ഷേ, പ്രണയത്തെ ചുരുക്കി നിര്‍വചിക്കുന്നു . ദാമ്പത്യത്തിലെ പ്രണയത്തെ കിടപ്പറയ്ക്ക് ചുറ്റുമായി ചുരുക്കിക്കെട്ടുന്നു. ദാമ്പത്യത്തിനു പുറത്തുള്ള എല്ലാ പ്രണയ സാധ്യതകളെയും ഒരു സദാചാര പോലീസിന്റെ വാശിയോടെ നിരാകരിക്കുന്നുണ്ട് ഈ ചിത്രം . ഈ സിനിമയുടെ ദൌര്ബ്ബല്ല്യവും ഇതുതന്നെയാണ് . ദാമ്പത്ത്യത്തിലെ പ്രണയത്തെയും, അതിനു പുറത്തുള്ള സ്ത്രീ പുരുഷ സൌഹൃദ സാധ്യതകളെയും , വിവാഹം എന്ന ഖഡ്ഗം കാണിച്ചു ഭയപ്പെടുത്തുകയാണ് ഈ സിനിമ .

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാധാരണ ജീവിതമാണ് സിനിമ. അയാളുടെ ഭാര്യ ആനിയും രണ്ട് മക്കളും സുഹൃത്തുക്കളും, അയാളുടെ ജീവിത പരിസരങ്ങളില്‍ , അയല്‍പ്പക്കങ്ങളില്‍ വരുന്ന മറ്റു കഥാപാത്രങ്ങളും . അജ്ഞാതമായ കാരണങ്ങളാല്‍ ജീവിതത്തോടു വിരക്തി അനുഭവപ്പെടുന്ന ദമ്പതികളാണ് ഉലഹന്നാനും ഭാര്യയും. ഓഫീസും, ബസ്സും, ഔദ്യോഗിക കൃത്യങ്ങളും, ആവര്‍ത്തിക്കപ്പെടുന്നത് ഉലഹന്നാന് മടുപ്പുണ്ടാക്കുന്നു. ഭര്‍ത്താവും, മക്കളും രാവിലെ പോയിക്കഴിഞ്ഞാല്‍ 'നരകമാകുന്ന വീട്ടില്‍' ടീ വി സീരിയലുകളാണ് ഭാര്യ ആനിയമ്മയുടെ ലോകം . മിക്കവാറും സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ഭാര്യമാരാണ് ; ഭര്‍ത്താക്കന്മാരോട് പൂര്‍ണ്ണ തൃപ്തിയില്ലാത്ത ഭാര്യമാര്‍. മുഴുവന്‍ സമയവും ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് ലാപ്‌ടോപ്പില്‍ വായിച്ചുകൊണ്ടേയിരിക്കുന്ന ഭര്‍ത്താവ്, പകല്‍ ജോലിയും , രാത്രിയില്‍ മദ്യപാനവുമായി ജീവിക്കുന്ന ഭര്‍ത്താവ് . ഭാര്യക്ക് ജോലിയുള്ളതിനാല്‍ അവരെ ആശുപത്രിയില്‍ ജോലിക്ക് വിട്ട് അടുക്കള ഏറ്റെടുത്തിരിക്കുന്ന ഭര്‍ത്താവ് , നായകന്‍ ഉലഹന്നാന്‍ ആകട്ടെ , പകല്‍ ഓഫീസും , രാത്രി സുഹൃത്തുക്കളോടൊപ്പം മദ്യപാനവും , അത് കഴിഞ്ഞാല്‍ ഭാര്യയില്‍ നിന്ന് വേര്‍പ്പെട്ട് മറ്റൊരു മുറിയില്‍ ഉറങ്ങുകയും ചെയ്യുന്ന ഭര്‍ത്താവ് .

വിവാഹം എന്ന സ്ഥാപനം സ്ത്രീ പുരുഷ ഊഷ്മളതകളെ, പ്രണയത്തെ , കൂടിച്ചേരലിനെ നിരാകരിക്കുന്ന ഒന്നാണ് എന്നാണു ഈ സിനിമ പറയാതെ പറയുന്നത് . അതെ സിനിമ തന്നെ , ഭാര്യയെയോ , ഓഫീസ് കാര്യത്തിനോ അല്ലാത്ത ഒരു ഫോണ്‍ കോള്‍ ചെയ്യുന്നത് പോലും തെറ്റാണ് എന്ന് വിധിക്കുകയും ചെയ്യുന്നുണ്ട്. ആനിയമ്മയാകട്ടെ , ഉലഹന്നാന്റെ ഡിഗ്രീ കാലത്തെ കാമുകിയാകട്ടെ , അയല്‍പ്പക്കങ്ങളിലെ ഭാര്യമാരായ സ്ത്രീകളാവട്ടെ , ഉലഹന്നാന്റെ സഹപ്രവര്‍ത്തകയായ ആരാധികയാവട്ടെ .... എല്ലാവരും സ്വന്തം ലോകത്ത് പ്രണയത്തെ തേടുന്നവരാണ് . പഴയ കോളേജില്‍ നടക്കുന്ന ഒരു കൂടിചേരലിന് ശേഷം ഉലഹന്നാനും , ജീവിതം ഉത്സാഹഭരിതമാക്കാന്‍ കാണുന്ന വഴി ഒരു പ്രണയമുണ്ടായിരിക്കുക എന്നത് തന്നെയാണ് . ഒരു സ്ത്രീയെ കണ്ടെത്തി ബന്ധം സ്ഥാപിക്കാന്‍ ഉലഹന്നാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയിലെ ഏറ്റവും അസഹനീയ രംഗങ്ങള്‍ . അതുപോലെതന്നെ വഷളന്‍ സീനുകളാണ് ഉലഹന്നാന്റെ അയല്‍വാസിയും സുഹൃത്തുമായ വേണുക്കുട്ടന്‍ (അനൂപ് മേനോന്റെ മുഴുനീള വേഷം ) നിലനിര്‍ത്തുന്ന ബന്ധങ്ങള്‍ . വേണുക്കുട്ടന്റെ കയ്യില്‍ ഒന്നില്‍ കൂടുതല്‍ ഫോണുകലുണ്ട്. അയാളെ സ്ത്രീ സുഹൃത്തുക്കള്‍ വിളിക്കുന്നുണ്ട് എന്നതാണ് ആനിയമ്മ ഉലഹന്നാന്‍ നാടകങ്ങള്‍ കഴിഞ്ഞാല്‍ ഈ സിനിമയെ രണ്ടര മണിക്കൂറില്‍ എത്തിക്കാന്‍ നടത്തുന്ന ദഹിക്കാത്ത കസര്‍ത്തുകള്‍ .

ചുരുക്കത്തില്‍ ആണും പെണ്ണും ചേരുന്നിടത്തെല്ലാം നെറ്റി ചുളിക്കുന്ന നമ്മൂടെ സമൂഹ പൊതുബോധത്തിന്റെ ദര്‍പ്പണം തന്നെയാണ് ഈ സിനിമ . കാമുകിയെ വിവാഹം കഴിക്കാന്‍ കഴിയാതെ പോയ ഉലഹന്നാന്‍ , ജീവിതം വിരസമാകുമ്പോള്‍ ഒരു പ്രണയം കണ്ടെത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടും അവിടെയും പരാജിതനാകുന്നു . നിസ്സഹായനായ അയാളുടെ മുന്നിലെ ഒരേയൊരു പോംവഴിയാണ് ഭാര്യയിലേക്ക് മടങ്ങുക എന്നത് . കിടപ്പറയ്ക്ക് ചുറ്റും രണ്ടു പേരും തിരുവാതിര കളി തുടങ്ങുന്നു എന്നതാണ് ആ ഘട്ടത്തില്‍ ഈ സിനിമയുടെ പ്ലോട്ട് . അതിനായി അവിശ്വസനീയമായ ചില ട്വിസ്റ്റുകള്‍ സൃഷ്ട്ടിക്കുകയാണ് രചയിതാവ് എം . സിന്ദുരാജ് . രണ്ടു പതിറ്റാണ്ട് കാലത്തോളമായി കൂടെ ജീവിക്കുന്ന ഭാര്യ പാടാന്‍ കഴിവുള്ളയാളാണ് എന്ന് ഉലഹന്നാന്‍ ഒരൊറ്റ രംഗം കൊണ്ട് മനസ്സിലാക്കുന്നു . അടുത്ത രംഗം മുതല്‍ അയാളുടെ നരച്ച മുടിയും , താടിയുമെല്ലാം അപ്രത്യക്ഷമാകുന്നു എന്നത് അവിശ്വസനീയവും വിരസവുമാകുന്നുണ്ട്.

കൌമാരക്കാരായ മക്കള്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ട ആണിനോടോ പെണ്ണിനോടോ അടുപ്പം തോന്നുന്നത് അവരുടെ ശാരീരിക മാനസിക വളര്‍ച്ചയുടെ സ്വാഭാവിക പരിണതിയാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും ഈ സിനിമ മടിക്കുന്നു . ഇവിടെയും കൌമാരക്കാരിയായ മകളുടെ ബോയ് ഫ്രണ്ട് 'ദൃശ്യം' മോഡല്‍ നെഗറ്റീവ് കഥാപാത്രം തന്നെയാണ്. മകളുടെ 'അപഥ സഞ്ചാരം ' തടയാന്‍ സ്‌കൂളിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന ഉലഹന്നാന്‍ , ഒരു ചെറുപ്പക്കാരന്റെ കൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്ന പെണ്‍കുട്ടിയെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കുന്ന ഉലഹന്നാന്‍ , നമ്മുടെ സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ സദാചാര വാശികളുടെ കാവല്ക്കാരനാക്കുന്നുണ്ട് ഈ സിനിമയെയും, നായകന്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളെയും .

പ്രമോദ് കെ പിള്ളയുടെ ഛായായഗ്രാഹണ മികവ്, ബിജിപാല്‍, ജയചന്ദ്രന്‍ , കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്ന ഗാനങ്ങളുടെ ഹൃദയത എന്നിവ എടുത്തു പറയേണ്ടതുണ്ട്. സിനിമയുടെ പ്രമേയം പക്കാ പിന്തിരിപ്പന്‍ ആകുമ്പോഴും , മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ വേഷം ഭംഗിയാക്കി എന്ന് പറയാതെ വയ്യ .പെരുച്ചാഴി എന്ന ചിത്രത്തിന് ശേഷം,ബാല താരമായ സനൂപ് സന്തോഷ് മികച്ച വേഷം ചെയ്യുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്. വ്യത്യസ്തതയുള്ള വേഷം ലഭിച്ചില്ലെങ്കില്‍ സുരാജ് വെഞ്ഞാരമ്മൂട് സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി പഴയ സ്‌റ്റേജ് ഷോകളിലെക്ക് മടങ്ങുന്നതാണ് പ്രേക്ഷകന് നല്ലതെന്ന് തോന്നുന്നു . അനൂപ് മേനോന്റെ ഭാര്യയായി വേഷമിട്ട സ്രിന്ദ ആഷബ്, സുധീര്‍ കരമന . ആരാധന മൂത്ത സഹപ്രവര്‍ത്തകയായി അഭിനയിച്ച വീണ നായര്‍ എന്നിവരും മുഷിപ്പിച്ചില്ല .

വ്യത്യസ്തവും , നര്‍മ്മ പ്രധാനവുമായ പ്രമേയം ഉണ്ടായതുകൊണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് 'വെള്ളിമൂങ്ങ' വിജയിപ്പിച്ചത് എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു . ആ കയ്യടക്കവും , ആഖ്യാന മികവും മുന്തിരി വള്ളികളില്‍ എത്തുമ്പോള്‍ കാണാതെ പോകുന്നതും ദരിദ്രമായ പ്രമേയം കാരണമാകാം .

സോളമന്റെ വചനങ്ങളിലെ മുന്തിരി വള്ളികളും , അത് അടയാളപ്പെടുത്തുന്ന മാനവികമായ പ്രണയ സങ്കല്‍പ്പങ്ങളും ഉദാത്തമാണ് . എന്നാല്‍ മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍ എന്ന ഈ സിനിമ എല്ലാ ഊഷ്മളമായ സ്ത്രീ പുരുഷ ബന്ധങ്ങളിലെ പ്രണയങ്ങളെയും നിഷേധിക്കുകയും , വിവാഹം എന്ന സ്ഥാപനത്തിലെ സെമിറ്റിക് മതങ്ങള്‍ സൃഷ്ട്ടിച്ചു വച്ച ക്ലീഷേ സദാചാര തിട്ടൂരങ്ങളെ അടിവരയിടുകയും ചെയ്യുക മാത്രമാണ് അടയാളപ്പെടുത്തുന്നത് .

വിരാമാതിലകം : സിനിമ അവസാനിച്ചപ്പോള്‍ സദാചാര ക്ലാസ്സുകളുടെ ആധിക്യം കൊണ്ടാകാം, ഒരു ഡോ. രജത് കുമാര്‍ , സിംസാരുള്‍ ഹഖ് ഹുദവി, സുഗതകുമാരി സംയുക്ത സൃഷ്ടി എന്ന് സ്‌ക്രീനില്‍ കണ്ടെങ്കിലെന്ന് ആഗ്രഹിച്ചു ...!!

English summary
munthirivallikal thalirkkumbol malayalam movie review

More News from this section

Subscribe by Email