Monday May 27th, 2019 - 6:58:pm
topbanner
topbanner

വിരസതയുടെ മെര്‍സല്‍: [ റിവ്യൂ ]

NewsDeskSKR
വിരസതയുടെ മെര്‍സല്‍:  [ റിവ്യൂ ]

വിജയ് നായകനാകുന്ന സിനിമകള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തോളമായി ചില സ്ഥിരം ചേരുവകളുണ്ട്. രക്ഷകന്‍ എന്ന നായകപ്പട്ടം, സാമൂഹികപ്രതിബദ്ധതയുള്ള വിഷയം എന്നിവയാണ് അതില്‍ പ്രധാനം. ഇതില്‍ നിന്നും അല്‍പ്പം വ്യത്യാസം വന്നത് നന്‍പന്‍, കാവലന്‍ തുടങ്ങിയ ചിത്രങ്ങളിലാണ്. തമിഴ് സിനിമയില്‍ എളുപ്പത്തില്‍ വിറ്റുപോകുന്ന സാമൂഹികപ്രതിബദ്ധതയാണ് 'മെര്‍സലും' വിഷയമാക്കിയിരിക്കുന്നത്.

രസിപ്പിച്ച ആദ്യ ചിത്രം 'രാജാറാണി'ക്കു ശേഷം വിജയ് എന്ന താരത്തെ ലഭിച്ചപ്പോള്‍ തന്റെ കഥപറച്ചില്‍ ശൈലി മറന്നുപോയ സംവിധാകനാണ് ആറ്റ്‌ലി. അതേ തെറ്റ് മെര്‍സലിലും ആവര്‍ത്തിക്കുകയാണ് അദ്ദേഹം. മികച്ച സിനിമകള്‍ ചെയ്ത് വിജയ് എന്ന താരത്തിലേയ്‌ക്കെത്തുമ്പോള്‍ പണി മറന്നുപോയ മറ്റൊരു സംവിധായകന്‍ എ.എല്‍.വിജയ് (തലൈവ സംവിധായകന്‍) ആണ്. വിജയ് നായകനാകുമ്പോള്‍ 'ഇത്രയൊക്കെയേ വേണ്ടൂ' എന്ന ചിന്തയാകാം നല്ല സംവിധായകരെക്കൊണ്ടുപോലും ഇത്തരം ചിത്രങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഇത്തരം ചിത്രങ്ങള്‍ നേട്ടം കൊയ്യുമ്പോള്‍ ഒരുപക്ഷേ ഈ സിനിമാരീതിയിലും ശ്രേണിയിലും മാത്രം തളച്ചിടപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനിയുള്ള കാലം വിജയില്‍ നിന്നു പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും തോന്നിപ്പോകുന്നു.

വിജയുടെ കഴിഞ്ഞ ചിത്രമായ 'ഭൈരവ' പറഞ്ഞത് സ്വാശ്രയ കോളജുകളിലെ കനത്ത ഫീസ് പ്രശ്‌നമായിരുന്നു. അതിന് പരിഹാരം കാണുന്ന നായകന്‍ മെര്‍സലിലേയ്‌ക്കെത്തുമ്പോള്‍ മെഡിക്കല്‍ സര്‍വീസ് ബിസിനസ് ആക്കിയ കുത്തകകള്‍ക്കെതിരെ പോരാടുന്നയാളാണ്. ലോകത്തെ സകലമാന പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന സിനിമകള്‍ മാത്രമേ താന്‍ ചെയ്യൂ എന്ന് വ്രതമെടുത്ത പോലെയാണ് വിജയ് 'മെര്‍സലി'ലും ആടിത്തിമിര്‍ക്കുന്നത്.

മാരന്‍ എന്ന ഡോക്ടറാണ് ഇവിടെ വിജയ്. വെറും അഞ്ച് രൂപ മാത്രം ഫീസ് വാങ്ങി സേവനം നടത്തുന്ന മാരന്‍ തന്റെ നാട്ടില്‍ ആളുകള്‍ ബഹുമാനിക്കുന്ന തലൈവരാണ്. ആരോഗ്യപരിപാലനം കച്ചവടമായി മാറുന്ന ഇന്നത്തെ കാലത്തിന് ഉതകുന്ന വിഷയം എന്നതിനപ്പുറം വിരസമാണ് മെര്‍സല്‍. സ്ഥിരം കോര്‍പ്പറേറ്റ് വില്ലനും, ഭീഷണിയും, അടിപിടിയും, സാമൂഹികപ്രതിബദ്ധതാ പ്രസംഗവുമൊക്കെയായി ഒരു ടിപ്പിക്കല്‍ വിജയ് ചിത്രം.

ബാഹുബലിയടക്കമുള്ള സിനിമകളുടെ രചയിതാവായ വിജയേന്ദ്രപ്രസാദാണ് മെര്‍സലിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രുചിനിര്‍ബന്ധങ്ങള്‍ക്ക് അടിപ്പെട്ടാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ പോലും എഴുതിയതെന്ന് വ്യക്തം. തമിഴ് വാഴ്ത്തലുകളും, തമിഴന്‍ പുളകവുമൊക്കെ നായകന്റെ സംഭാഷണത്തിലും പ്രവൃത്തിയിലും കടന്നുവരുന്നത് പ്രേക്ഷകരുടെ കയ്യടി വാങ്ങാനുള്ള തരംതാണ ശ്രമമാണ്. ഇത് വിജയ് സിനിമകളുടെ മാത്രമല്ല അജിത്തായാലും സൂര്യയായാലും ഈ 'സൈക്കോളജിക്കല്‍ മൂവ്' നടക്കാറുണ്ട്. മാസ് സിനിമയൊരുക്കാനുള്ള ബോധപൂര്‍വ്വമായ ഈ ശ്രമങ്ങളെല്ലാം സിനിമയെ മുഷിപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്. സസ്‌പെന്‍സ് ട്വിസ്റ്റുകളിലൂടെ വല്ലപ്പോഴും മാത്രം രസിപ്പിച്ചതൊഴിച്ചാല്‍ മേക്കിങ്ങിലോ കഥപറച്ചിലിലോ പുതുതായി ഒന്നുമില്ലാത്ത സിനിമയാണ് മെര്‍സല്‍.

സാങ്കേതികരംഗത്ത് മികച്ചുനില്‍ക്കുന്നത് ഛായാഗ്രഹണമാണ്. 1979 മുതല്‍ കാണിക്കുന്ന ഫഌഷ്ബാക്ക് രംഗങ്ങള്‍ക്ക് വിശ്വസനീയത പകരുന്നതില്‍ ക്യാമറാമാന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. ഈ രംഗങ്ങളിലെ കലാസംവിധാനവും വളരെ നന്നായിട്ടുണ്ട്. കേള്‍ക്കാന്‍ ഇമ്പമുള്ളതെങ്കിലും അസമയത്ത് കടന്നുവരുന്ന പാട്ടുകള്‍ അരോചകമാണ്. അഭിനേതാക്കളില്‍ നായകന്‍ ചെയ്യേണ്ടത് ചെയ്യുന്നു എന്നതല്ലാതെ വിജയ്ക്ക് പ്രത്യേകമായി ഒന്നും ഈ സിനിമയില്‍ ചെയ്യാനില്ല.

അദ്ദേഹം ചെയ്ത മുന്‍കഥാപാത്രങ്ങള്‍ പേരു മാറി മെര്‍സലില്‍ പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. മൂന്ന് നായികമാരില്‍ നന്നായത് നിത്യ മേനോന്‍ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രമാണ്. നടന്‍ എന്ന നിലയില്‍ അടുത്തകാലത്തെ മികച്ച കണ്ടെടുക്കലായ എസ്.ജെ.സൂര്യയുടെ വില്ലന്‍ വേഷം നന്നായിട്ടുണ്ട്. അതിനപ്പുറം ഓര്‍മ്മയില്‍ നില്‍ക്കുന്ന പ്രകടനങ്ങളൊന്നും സിനിമയിലില്ല.

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത്, ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്ന സംഭവം എന്നിങ്ങനെ കാലികപ്രസക്തിയുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട് എന്നത് നല്ല കാര്യമാണ്. മനുഷ്യന്റെ രോഗാവസ്ഥ ആശുപത്രിയും അതുമായി ബന്ധപ്പെട്ടവരും എത്തരത്തില്‍ കച്ചവടമാക്കുന്നു എന്നതും ചിത്രം വ്യക്തമായി കാണിക്കുന്നുണ്ട്.

എന്നാല്‍ ഇവ പറയുന്നത്‌കൊണ്ട് മാത്രം ഒരു സിനിമ നന്നാകണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശക്തമായും ആവര്‍ത്തനവിരസതയില്ലാതെയും എങ്ങനെ പറയാനാകും എന്ന് സംവിധായകര്‍ ചിന്തിച്ചാല്‍ മാത്രമേ ഇത്തരം സിനിമകള്‍ മികച്ചതാകുകയുള്ളൂ. സാമൂഹികപ്രതിബദ്ധതയെപ്പറ്റി ഗീര്‍വ്വാണപ്രസംഗം നടത്തിയാല്‍ ഉത്തമസിനിമയായി എന്ന ചിന്ത അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തുന്ന കാലത്ത് മാത്രമേ ഇത്തരം പടപ്പുകള്‍ക്ക് അവസാനമുണ്ടാകുകയുള്ളൂ. ഒന്നുതന്നെ എത്ര കണ്ടാലും മടുക്കാത്ത പ്രേക്ഷകരുള്ളിടത്തോളം കാലം ഈ ചിന്ത മാറില്ലെന്നതും യാഥാര്‍ത്ഥ്യം.

Read more topics: mersal, mersal review, vijay, atlee
English summary
Mersal movie malayalam review
topbanner

More News from this section

Subscribe by Email