Wednesday April 24th, 2019 - 11:41:pm
topbanner
topbanner

ഹൃദയം കൊണ്ടെഴുതിയ സിനിമ: മായാനദി: [റിവ്യൂ]

NewsDeskSKR
ഹൃദയം കൊണ്ടെഴുതിയ സിനിമ: മായാനദി: [റിവ്യൂ]

 റേറ്റിങ്: 9/10

 ജീവിതം പലപ്പോഴും നിസ്സഹായമാണ്. ജീവിതത്തിന്റെ സ്പന്ദനമായ പ്രണയമാകട്ടെ മിക്കപ്പോഴും നിസ്സഹായം തന്നെ. അത്തരമൊരു നിസ്സഹായ പ്രണയജീവിതത്തിന്റെ ഹൃദയത്തില്‍ ചാലിച്ച ആവിഷ്‌കാരമാണ് 'മായാനദി.' തിരക്കഥ പകര്‍ന്ന ജീവനില്‍, സംവിധായകന്റെ കയ്യൊപ്പുള്ള ശ്വാസത്തില്‍, അഭിനേതാക്കളുടെ സ്വയം മറന്ന പ്രകടനത്തില്‍ പിറവിയെടുത്ത മനോഹരചിത്രം. തിരക്കഥയുടെ ഉള്ളറിഞ്ഞ്, സംവിധായകന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച സാങ്കേതികപ്രവര്‍ത്തകരുടെയും മികവിന്റെ അടയാളം പതിഞ്ഞ മിഴിവുള്ള കാഴ്ച: ഇത്രയുമാണ് 'മായാനദി'യെ കുറഞ്ഞ വാചകങ്ങളിലൊതുക്കിയാല്‍ ലഭിക്കുന്ന ആകെത്തുക.

 കോമഡിയും, ത്രില്ലറും, ഫാമിലി ഡ്രാമയുമടക്കം അനവധി ജോണറുകള്‍ പരീക്ഷിച്ച ആഷിഖ് അബു എന്ന സംവിധായകന്‍ തന്റെ എല്ലാ സിനിമകളിലും ചില മൗലികതകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആദ്യ ചിത്രം മുതല്‍ തോന്നിയിരുന്നു. പരാജയചിത്രമായ 'ഗ്യാങ്സ്റ്ററി'ല്‍ പോലും അത് പ്രകടമായിരുന്നു.

ആ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ്, പ്രതിഭയുടെ വളര്‍ച്ച സൂചിപ്പിക്കുന്ന 'മായാനദി.' മലയാളത്തിലെ സ്ഥിരം ഭാവപരിസരങ്ങളില്‍ നിന്നും മാറിയ കഥ പറച്ചില്‍ രീതി അവലംബിച്ച സിനിമ, കഥയെക്കാളേറെ തിരക്കഥയ്ക്കും, സംവിധായനത്തിനും പ്രാമുഖ്യം നല്‍കിയിരിക്കുന്നു. അങ്ങനെ ശക്തമായ തിരക്കഥയോടു കൂടിയ ഒരു 'സംവിധായകന്റെ സിനിമ' ആയാണ് 'മായാനദി' ഒരുങ്ങിയിരിക്കുന്നത്.

 തമിഴ്‌നാട്ടില്‍ നിന്നും കള്ളപ്പണം കടത്തുന്നതിനിടെ പോലീസ് തടയുകയാണ് നായകനായ മാത്തന്‍ മാത്യൂസിനെയും (ടൊവിനോ തോമസ്) സംഘത്തെയും. രക്ഷപ്പെടാനുള്ള ധൃതിക്കിടെ ഒരു പോലീസുകാരനെ മനപ്പൂര്‍വ്വമല്ലാതെ വാഹനമിടിച്ച് കൊലപ്പെടുത്തുകയാണ് മാത്തന്‍. പോലീസ് തിരഞ്ഞു വരുമെന്ന ഭയത്തിനിടെയും, ഏതാനും കാലമായി അകല്‍ച്ചയിലായിരുന്ന കാമുകി അപ്പു എന്ന അപര്‍ണയെ (ഐശ്വര്യ ലക്ഷ്മി) കാണാനെത്തുകയാണ് അയാള്‍.

അവളുമായി വീണ്ടും ഒന്നിക്കണമെന്നും, സെറ്റിലാകണമെന്നും ആഗ്രഹം വെളിപ്പെടുത്തുന്ന അയാള്‍ പക്ഷേ താന്‍ ചെയ്ത കുറ്റകൃത്യം അവളോട് വെളിപ്പെടുത്തുന്നില്ല. സിനിമയില്‍ നായികയാകാന്‍ കൊതിക്കുന്ന അപര്‍ണയാകട്ടെ നേരത്തെ മാത്യൂസ് ഏല്‍പ്പിച്ച മുറിവില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായിട്ടുമില്ല. ഈ അനിശ്ചിതത്വങ്ങള്‍ക്കിടയിലെ നിസ്സഹായമായ പ്രണയാവസ്ഥയായി 'മായാനദി' ഒഴുകുന്നു.

 

സംഭവങ്ങളുടെ ചിത്രീകരണമല്ല, മറിച്ച വികാരങ്ങളുടെ പ്രകടനമാണ് സിനിമ ക്യാമറയ്ക്കുള്ളിലാക്കിയിരിക്കുന്നത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ ആശങ്കയും കഥാപാത്രങ്ങളുടെ വികാരങ്ങളെ എത്തരത്തില്‍ കൃത്യമായി പ്രേക്ഷകരിലേയ്ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്നതാണ്. ഇവിടെ ആഷിഖ് അബു എന്ന സംവിധായകന്‍ 100% വിജയിച്ചിരിക്കുന്നു. അതിന് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നെഴുതിയ തിരക്കഥയിലെ സംഭാഷണങ്ങള്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ചിത്രത്തിലെ ഒരു രംഗത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം മാത്തന്‍ അപ്പുവിനോട്‌ ഒരല്‍പ്പം അധികാരം കലര്‍ന്ന സ്വരത്തില്‍ ചോദിക്കുന്നു, 'അപ്പോള്‍ ദുബായില്‍ പോയി സെറ്റില്‍ ആകുകയല്ലേ' എന്ന്. ഇതിന് അപര്‍ണ പറയുന്ന മറുപടി, 'Sex is not a promise' എന്നാണ്. അത്രമേല്‍ വികാരങ്ങളുടെ സൂക്ഷ്മതകളെ പെറുക്കിയെടുത്ത് അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്റിമേറ്റ് സീനുകളെ ഇന്ത്യന്‍ സിനിമയുടെ പൊതുസദാചാരബോധത്തില്‍ നിന്നും ചെറിയ രീതിയിലെങ്കിലും മാറ്റി ചിത്രീകരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

 

നായികയുടെ കൈ പിടിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തു വരുന്ന നായകന്‍ ഇന്നും മലയാള സിനിമയിലെ ഹിറ്റ് ഫോര്‍മുലയായി നില്‍ക്കെ, നായകന്റെ നിഴലല്ല 'മായാനദി'യിലെ അപര്‍ണ. വ്യക്തിത്വവും നിലപാടുകളുമുള്ള ശക്തയായ സ്ത്രീയാണ് അവള്‍. എല്ലാത്തിനും മേലെ പ്രണയത്തെ പലപ്പോഴും പ്രതിഷ്ഠിക്കാന്‍ സാധിക്കാതെ വരും മനുഷ്യന് എന്നും തന്റെ ചെയ്തികളിലൂടെ പറയുന്നു അപര്‍ണ.

ഒരു പെണ്ണ് ആണിനെ മനസിലാക്കുന്ന രീതിയും, അവനോട് അടുക്കുന്നത്, പ്രണയിക്കുന്നത്, വിവാഹം കഴിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളും എങ്ങനെയാണെന്ന് നോക്കിക്കാണാന്‍ സിനിമ അപര്‍ണയിലൂടെ ശ്രമിക്കുന്നുണ്ട്. മറുവശത്ത് ശാരീരികബന്ധത്തിന് തയ്യാറായാല്‍ പിന്നെ പെണ്ണ് തനിക്ക് കീഴ്‌പ്പെട്ടവളാണെന്ന് കരുതുന്ന ആണിനെയാണ് മാത്യൂസ് പ്രതിനിധാനം ചെയ്യുന്നത്. ആകെത്തുകയില്‍ 'വിവാഹത്തിലേയ്ക്കുള്ള ഒരു വഴി മാത്രമാണോ പ്രണയം' എന്ന ചോദ്യവും മായാനദിയിലൂടെ അടിയൊഴുക്കുകളായി വന്ന് കാതില്‍ അലയ്ക്കുന്നു.

 

മാത്യൂസായി ശരീരഭാഷയിലും ശബ്ദനിയന്ത്രണത്തില്‍ പോലും മികവ് പുലര്‍ത്തിയിട്ടുണ്ട് ടൊവിനോ. അരക്ഷിതാവസ്ഥ മൂടി നില്‍ക്കുന്ന ആ കഥാപാത്രം ടൊവിനോയുടെ കൈയില്‍ സുരക്ഷിതമായി. വലിയ സ്വപ്‌നം മനസിലുള്ള, ജീവിതാഘാതങ്ങള്‍ മുറിവേല്‍പ്പിച്ച, ജീവിക്കാനായി കഷ്ടപ്പെടുന്ന അപര്‍ണയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം ഗംഭീരമാണ്. പോലീസുകാരായി എത്തിയ ഹാരിഷ് അടക്കമുള്ള നടന്മാരും, ആശാനായി എത്തിയ നടനും നന്നായിട്ടുണ്ട്. രണ്ടു സീനുകളില്‍ മാത്രമായി വന്ന സൗബിന്‍ ഷാഹിര്‍ സിനിമയില്‍ കൃത്യമായി സ്‌പേസ് അടയാളപ്പെടുത്തി. മറ്റ് നടീനടന്മാരും നദിയുടെ ഒഴുക്കിനെ മനോഹരമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ സാങ്കേതികരംഗത്ത് ഗാനങ്ങളുടെയും പശ്ചാത്തലസംഗീതത്തിന്റെയും കാര്യം എടുത്തു പരാമര്‍ശിക്കേണ്ടതുണ്ട്. സിനിമയില്‍ ഗാനങ്ങളെ കൃത്യമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് 'മായാനദി.' റെക്‌സ് വിജിയന്റെ സംഗീതം അതിഗംഭീരമാണ്. നേരത്തെ പറഞ്ഞതു പോലെ ചിത്രത്തിന്റെ ഉള്ളറിഞ്ഞ് പ്രവര്‍ത്തിച്ച സിനിമാറ്റോഗ്രാഫറും, എഡിറ്ററും പ്രത്യേകം അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു.

ഉത്സവകാലത്ത് ഇറങ്ങിയതിനാലും, ഫാന്‍സ് പോരാട്ടങ്ങളുടെയും വിവാദങ്ങളുടെയും പെരുക്കത്തില്‍ ആഘാതം തട്ടിയേക്കാം എന്നുള്ളതുകൊണ്ടും 'മായാനദി'യുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് ആശങ്കകളുണ്ട്. എന്നിരിക്കിലും 2017ല്‍ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രമാണ് ആഷിഖ് അബുവിന്റെ 'മായാനദി.'

English summary
Mayaanadhi review Malayalam.
topbanner

More News from this section

Subscribe by Email